സാധാരണഗതിയില്‍ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവര്‍ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഗോതമ്പിന് അത്തരത്തില്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കാനുള്ള കഴിവുമുണ്ട്. 

ധാരാളം ഫൈബര്‍, വിറ്റാമിന്‍-ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ്, സിങ്ക്, മഗ്നീഷ്യം, അയേണ്‍, മാംഗനീസ് പോലുള്ള ധാതുക്കള്‍- അങ്ങനെ നമുക്കാവശ്യമായ ഒരുപിടി ഘടകങ്ങള്‍ ഒന്നിച്ച് നല്‍കുന്ന ഭക്ഷണമെന്ന് ഗോതമ്പിനെ ഒറ്റയടിക്ക് വിശേഷിപ്പിക്കാം.

എന്നാല്‍ ഗോതമ്പിനുമുണ്ട് ഒരു ദോഷവശം. ഇതെന്താണെന്നല്ലേ? ഗോതമ്പിലടങ്ങിയിരിക്കുന്ന 'ഗ്ലൂട്ടെണ്‍' എന്ന പ്രോട്ടീനാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാരന്‍. ഇത് ചിലയാളുകളില്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. 

അതായത്, ചില സമയങ്ങളില്‍ 'ഗ്ലൂട്ടെണ്‍' ദഹിച്ചുകിട്ടാന്‍ വലിയ പാടാണ്. ഇത് പിന്നീട് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിമാറും. വയറ്റില്‍ ഗ്യാസ് വന്ന് നിറയുക, വയറ് കെട്ടിവീര്‍ക്കുക, വയറുവേദന, ചെറിയ തോതില്‍ മലബന്ധം, ചിലപ്പോള്‍ വയറിളക്കം, ക്ഷീണം എന്ന് തുടങ്ങി പോഷകക്കുറവ്, തൂക്കം കുറയുക, കുടലിന്റെ പ്രവര്‍ത്തനം തകരാറിലാവുക എന്നിങ്ങനെയുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് വരെ ഇത് നമ്മളെയെത്തി്‌ച്ചേക്കും. 

ഇത് കൂടാതെ 'ഗ്ലൂട്ടെണ്‍' ഇള്‍പ്പെടെ ഗോതമ്പിലുള്ള ചില പ്രോട്ടീനുകള്‍ ചിലരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. തൊണ്ടയിലും വായയിലും ചെറിയ തോതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വീക്കവും ഉണ്ടാവുക, ശ്വാസതടസ്സം നേരിടുക, ക്ഷീണം, വയറിളക്കം, കണ്ണ് കടിക്കുക- ഇങ്ങനെയെല്ലാമായിരിക്കും ഈ അലര്‍ജിയുടെ ലക്ഷണം. 

അതേസമയം ഗോതമ്പിന്റെ 'സൈഡ് എഫക്ടുകള്‍' എല്ലാവരിലും ഒരുപോലെ സംഭവിക്കണമെന്നില്ല. ചിലരില്‍ മാത്രമാണ് ഇത്തരം ദോഷവശങ്ങള്‍ ഉണ്ടാകുക. ഇത്തരക്കാര്‍ക്ക് ബ്രൗണ്‍ റൈസ്, റെഡ് റൈസ്, കോണ്‍, ഓട്‌സ് പോലുള്ള 'ഗ്ലൂട്ടെണ്‍' അടങ്ങാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ആവാം, ഇതോടൊപ്പം ശരീരത്തെ അപകടസാധ്യതകളില്‍ നിന്ന് രക്ഷപ്പെടുത്തുകയുമാവാം.