പാല്‍ എന്നത് സമീകൃതാഹാരമാണ്. എന്നാല്‍ പലരും അതിനെ ഒരു പാനീയമായാണ് കണക്കാക്കുന്നത്. എന്നാല്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് പാല്‍. പാല്‍ എപ്പോഴാണ് കുടിക്കേണ്ടത് എന്നതിനെച്ചൊല്ലി ന്യൂട്രീഷ്യന്‍മാര്‍ തമ്മില്‍ ഭിന്നാഭിപ്രായം പതിവാണ്. ചിലര്‍ പറയുന്നത്, രാവിലെ വെറുംവയറ്റില്‍ കുടിക്കണമെന്നാണ്. മറ്റു ചിലര്‍ പറയുന്നത്, രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കണമെന്നാണ്. എപ്പോള്‍ പാല്‍ കുടിക്കുമ്പോഴാണ് അതിന്റെ ഗുണം പൂര്‍ണമായും ലഭിക്കുന്നത്? ദില്ലിയിലെ പ്രമുഖ ന്യൂട്ടീഷ്യന്‍ അന്‍ഷുല്‍ ജയ്‌ഭാരത് പുതിയൊരു നിര്‍ദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്. വെറുമൊരു പാനീയമല്ലാത്ത, സമീകൃതാഹാരമായി കണക്കാക്കുന്ന പാല്‍ രാത്രിയില്‍ അല്ല കുടിക്കേണ്ടത്, രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റിലാണ് കുടിക്കേണ്ടതെന്നാണ് അന്‍ഷുല്‍ പറയുന്നത്. വയറിന് പ്രശ്‌നമോ ദഹനതകരാറോ ഇല്ലാത്തവര്‍ രാവിലെ വെറുംവയറ്റില്‍ പാല്‍ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് പ്രമുഖ ന്യൂട്ടീഷന്‍ ഡോ. രൂപാലി ദത്ത പറയുന്നത്. എന്നാല്‍ മറ്റൊരു പ്രമുഖ ന്യൂട്രീഷ്യനായ ശില്‍പ അരോറയുടെ അഭിപ്രായം വെറെയാണ്. രാവിലെ എഴുന്നേറ്റയുടന്‍ പാല്‍ അല്ല കുടിക്കേണ്ടത്, ഇളംചൂട് നാരങ്ങാവെള്ളമോ, ആപ്പിള്‍ ജ്യൂസോ ആണെന്നാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി കൂടുതല്‍ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കാന്‍ ഈ പാനീയങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശില്‍പയുടെ അഭിപ്രായം. അതുകഴിഞ്ഞ ഒരു മണിക്കൂറിന് ശേഷം പാല്‍ കുടിക്കുന്നതാണ് നല്ലതെന്നും ശില്‍പ പറയുന്നു.