ദില്ലി: കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്. ഇത് ശാരീരിക പ്രശ്നങ്ങള്‍ക്കും കുട്ടികളുടെ മരണത്തിനും കാരണമാകാറുണ്ട്. അഞ്ച് വയസ്സിന് താഴെ മരണപ്പെടുന്ന മൂന്ന് കുട്ടികളില്‍ ഒരാളുടെ മരണകാരണം പോഷകാഹാരക്കുറവാണ്.

ആഞ്ച് വയസ്സിന് താഴെ പോഷകാഹാരക്കുറവ് മൂലം മരണപ്പെടുന്ന 46 ശതമാനത്തോളം കുട്ടികളും നവജാത ശിശുക്കളാണ്. കുട്ടിയുണ്ടായി ആദ്യ ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കുകയാണെങ്കില്‍ കുട്ടികളിലെ മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. മുലപ്പാല്‍ നല്ല പോഷകാഹരമാണ് ഇതുകൂടാതെ നവജാത ശിശുവിന് വേണ്ട പ്രതിരോധ ശക്തിയും കുട്ടിക്ക് മുലപ്പാലിലൂടെ ലഭിക്കും. 

മുലപ്പാലിന്‍റെ ഗുണങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടെങ്കിലും വെറും 39 ശതമാനം അമ്മമാര്‍ മാത്രമാണ് കുട്ടി ജനിച്ച് ഒരു മണിക്കുറിനുള്ളില്‍ പാല്‍ നല്‍കാറുള്ളു. 30 ശതമാനം അമ്മമാരും തങ്ങളുടെ നവജാത ശിശുവിന് മറ്റ് പാലുകള്‍ നല്‍കാറാണ് പതിവ്.

നവജാത ശിശുവിന് നല്‍കുന്ന ആദ്യത്തെ മുലപ്പാലില്‍ കൊളസ്ട്രോം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും കുട്ടിയുടെ ബുദ്ധിശക്തിയെ പരിപോഷിപ്പിക്കുകയും ചെയ്യും. ആറ്മാസം വരെ കുട്ടിക്ക് നിര്‍ബന്ധമായും മുലപ്പാല് നല്‍കണമെന്നും രണ്ട് വര്‍ഷം വരെ മുലപ്പാല് നല്‍കുന്നതിലൂടെ നല്ലൊരു ഫലം ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.