Asianet News MalayalamAsianet News Malayalam

ഉപ്പ് അമിതമായാൽ പ്രശ്നമാകുമേ; അതിന്റെ കാരണങ്ങൾ ഇവയൊക്കെ

വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് സോഡിയം നഷ്ടപ്പെടുന്നു. അപ്പോൾ നമുക്ക് കൂടുതൽ സോഡിയം ക്ളോറൈഡ്, അഥവാ ഉപ്പ് കഴിക്കാനുള്ള പ്രേരണ അനുഭവപ്പെടുന്നു. അമിതമായ വ്യായാമം, ദീർഘദൂര ഓട്ടങ്ങൾ, അല്ലെങ്കിൽ വേറെ എന്തെങ്കിലും കായികാധ്വാനത്തിൽ ഏർപ്പെട്ടാൽ നമ്മുടെ ശരീരത്തിൽ  ഇലക്ട്രോലൈറ്റുകൾ നഷ്ടമാകും. 

Why do people crave salt?
Author
Trivandrum, First Published Dec 16, 2018, 2:23 PM IST

നമ്മളിൽ പലർക്കും ഉപ്പ് കുറച്ചൊന്നും പോര. ഭക്ഷണം ഒരു പിടി വായിൽ വച്ചാലുടൻ ഉപ്പിന്റെ പാത്രം തപ്പുന്നവരാണ് നമ്മളിൽ പലരും. "നിന്റെ ഉപ്പു തീറ്റ ഇത്തിരി കൂടുന്നുണ്ട്.. സൂക്ഷിച്ചില്ലേൽ പ്രശ്നമാവുമേ.. "  എന്ന് മുതിർന്നവരിൽ നിന്നും ശാസന കേൾക്കാത്തവർ കാണില്ല. നിങ്ങളും ഉപ്പ് അധികം കഴിക്കുന്ന  ഒരാളാണോ..? എങ്കിൽ എന്താണ് നിങ്ങളുടെ ഈ ഉപ്പുകൊതിയ്ക്കുള്ള കാരണങ്ങളെന്ന് അറിയേണ്ടേ.

ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം  കഴിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് 2300 മില്ലിഗ്രാം ആണ്. 1500  മില്ലിഗ്രാമിനുമേൽ കഴിക്കരുത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു. നമ്മൾ എല്ലാവരും ഒരു 50  ശതമാനമെങ്കിലും ഉപ്പ് കൂടുതലായി കൂട്ടുന്നവരാണ്. അതിന് അതിന്റേതായ പാർശ്വഫലങ്ങളും ഉണ്ട്. അതിന്റെ കാരണങ്ങളാണ് ഇനി പറയാൻ പോവുന്നത്. 

Why do people crave salt?

നിങ്ങൾ ഒരുപാട് വ്യായാമം ചെയ്യുന്നവരാണോ..? 

"നമ്മൾ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് സോഡിയം നഷ്ടപ്പെടുന്നു. അപ്പോൾ നമുക്ക് കൂടുതൽ സോഡിയം ക്ളോറൈഡ്, അഥവാ ഉപ്പ് കഴിക്കാനുള്ള പ്രേരണ അനുഭവപ്പെടുന്നു",  '30 മിനിറ്റ് തൈറോയ്ഡ് കുക്ക് ബുക്ക്' എന്ന പുസ്തകത്തിൽ എമിലി കൈൽ പറയുന്നു.

" അമിതമായ വ്യായാമം, ദീർഘദൂര ഓട്ടങ്ങൾ, അല്ലെങ്കിൽ വേറെ എന്തെങ്കിലും കായികാധ്വാനത്തിൽ ഏർപ്പെട്ടാൽ നമ്മുടെ ശരീരത്തിൽ  ഇലക്ട്രോലൈറ്റുകൾ നഷ്ടമാകും. അപ്പോൾ നമ്മൾ സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം ബേസ്ഡ് ആയ ഉപ്പ് കൂടുതലായി കഴിക്കാനുള്ള ഒരു ത്വര നമുക്കുണ്ടാവാം. " ന്യൂയോർക്കിലെ  കാർഡിയാക് സർജ്ജറി വിദഗ്ധനായ ഡേവിഡ് ഗ്രൂനർ അഭിപ്രായപ്പെടുന്നു.

ഏതെങ്കിലും ഒരു സ്പോർട്സ് ഡ്രിങ്ക് കുടിക്കുന്നതിലൂടെ ഇത് ഒരുപരിധി വരെ ഒഴിവാക്കാം. നമുക്ക് വേണമെങ്കിൽ നാരങ്ങാനീര്, നാരങ്ങയുടെ കഷ്ണങ്ങൾ,ഇഞ്ചി, ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ തേൻ എന്നിവ ചേർത്ത് വീട്ടിൽ തന്നെ ഒരു സ്പോർട്സ് ഡ്രിങ്ക് തയ്യാറാക്കാം. 

നിങ്ങൾക്ക് നിർജ്ജലീകരണം അനുഭവപ്പെടുന്നുണ്ടോ..? 

എന്തെങ്കിലും കാരണത്താൽ നിങ്ങളുടെ ശരീരത്തിൽ നിർജലീകരണം സംഭവിച്ചാലും നിങ്ങൾക്ക് ഉപ്പ് തിന്നാൻ തോന്നാം. ഉദാ. ഗർഭിണികൾ തുടർച്ചയായി ഛർദ്ദിക്കുമ്പോൾ അവരിൽ നിർജ്ജലീകരണമുണ്ടാവാം. അപ്പോൾ നമ്മുടെ ശരീരം ജലത്തിനായുള്ള ആവശ്യം പ്രകടിപ്പിക്കുന്നത് ഉപ്പുകൊതിയുടെ രൂപത്തിലാവാം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഈ അവസ്ഥാവിശേഷം ഒഴിവാക്കാവുന്നതാണ്. 

 ജോലി സംബന്ധമായ ടെൻഷനുകൾ അലട്ടുന്നുണ്ടോ...?

ജോലിയിൽ അമിതമായ സ്ട്രെസ് അനുഭവിക്കുന്നവർക്ക് പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാവാം. അവർ അസ്വസ്ഥരാകുമ്പോൾ ചിലപ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാം. അങ്ങനെ ഒന്നുമോർക്കാതെ ഉപ്പ്  കലർന്ന ചിപ്സും ഉപ്പുള്ള മറ്റ് ഭക്ഷണങ്ങളും കൂടുതൽ കഴിക്കാം.  

Why do people crave salt?

നിങ്ങൾക്ക് ഉറക്കക്കുറവുണ്ടോ..? 

ഉറക്കം കിട്ടാതെ വിഷമിക്കുന്നവരിലും ജങ്ക് ഫുഡ് മാനിയ കാണാറുണ്ട്. ജങ്ക് ഫുഡ്‌സിൽ ഒരുവിധം എല്ലാത്തിലും ഉപ്പ് രണ്ടിരട്ടി കാണാറുണ്ട്. സ്ഥിരം വില്ലൻ ഫ്രഞ്ച് ഫ്രൈസ് ആണ്. ഏഴു മുതൽ ഒമ്പതു മണിക്കൂർ നേരമെങ്കിലും ഉറങ്ങാത്തവരാണ് പൊതുവെ  ഇത്തരത്തിലുള്ള പരവശങ്ങൾ കാണിക്കുന്നത്. 

Why do people crave salt?

 നിങ്ങൾക്ക് എന്തെങ്കിലും ജനിതക പ്രശ്നങ്ങൾ ഉണ്ടോ..?

ജനിതക പ്രശ്നങ്ങളുള്ളവരിൽ ഉപ്പ് കൊതി കൂടാം.'ആഡിസൺസ് ഡിസീസ് 'എന്ന രോഗം അഡ്രീനൽ ഡെഫിഷ്യന്സി ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ശരീരം ആവശ്യമായ അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത ഈ അവസ്ഥയിൽ ഉപ്പുകൊതിയോടൊപ്പം, ക്ഷീണം, സന്ധിവേദന,മുടികൊഴിച്ചിൽ, പുറം വേദന എന്നിവയും അനുഭവപ്പെടാം. 

'ബാർട്ടർ സിൻഡ്രം' എന്ന മറ്റൊരു രോഗം ഉപ്പിനെ പുനഃസ്ഥാപിക്കാനുള്ള കിഡ്നിയുടെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ്. അപ്പോഴും ഇതേ ഉപ്പു കൊതി അനുഭവപ്പെടാം. "അളവിൽ കവിഞ്ഞ ഉപ്പ് അകത്താക്കുന്നത് നിങ്ങൾക്ക് താൽക്കാലികമായ സന്തോഷം തരും. കാരണം രക്തത്തിൽ ഉപ്പിന്റെ അംശം കൂടുന്നത് തലച്ചോറിന്റെ 'ആനന്ദ' കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കും.,"  ഡയറ്റീഷ്യൻ മൊണ്ടേമേയർ പറഞ്ഞു. 

 ഉപ്പുകൊതിയെ എങ്ങനെ നേരിടാം..? 

അമിതമായ ഉപ്പുതീറ്റ കിഡ്‌നി പ്രശ്നങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയരോഗങ്ങൾ തുടങ്ങി  മറ്റു പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മളെ നയിച്ചേക്കും. ഭൂരിഭാഗം കേസുകളിലും അത് നമ്മുടെ ഒരു ഭക്ഷണ ശീലം മാത്രമാവും. ഉപ്പിന് അങ്ങനെ കൊതിയുള്ളവർ ചെയ്യേണ്ടുന്നത് ധാരാളമായി സോഡിയം അടങ്ങുന്ന സെലറി, ഇലക്കറികൾ, കാരറ്റ്, എന്നിവ വേണ്ടത്ര ഡയറ്റിൽ ഉൾപ്പെടുത്തുകയാണ്. 
 

Follow Us:
Download App:
  • android
  • ios