പാമ്പിനെ ഭയമുള്ളവരാണ് മനുഷ്യരില്‍ ഭൂരിഭാഗം പേരും. എന്നാല്‍ നിര്‍ഭയത്തോടെ പാമ്പിനോട് ഇടപെടുന്ന വാവാ സുരേഷിനെപോലുള്ളവരും കുറവല്ല. അത് എന്തായാലും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഭയക്കുന്ന ജീവിയാണ് പാമ്പ്. എന്തുകൊണ്ടാണ് മനുഷ്യര്‍ പാമ്പിനെ ഭയക്കുന്നത്? മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമണ്‍ കൊഗ്നിറ്റീവ് ആന്‍ഡ് ബ്രെയിന്‍ സയന്‍സിലെ ഗവേഷകരുടെ കണ്ടെത്തല്‍  പാമ്പിനോടും ചിലന്തിയോടുമൊക്കെയുള്ള മനുഷ്യരുടെ ഭയം പാരമ്പര്യമായുള്ളതാണെന്നാണ് . രക്ഷിതാക്കളുടെ ഭയം, കുട്ടികളിലേക്ക് ലഭിക്കുന്നതായാണ് പഠനസംഘം വിലയിരുത്തുന്നത്.

പാരമ്പര്യമായി ഈ ഭയം അടുത്ത തലമുറയിലേക്ക് എത്തപ്പെടുന്നു എന്നും പഠനം പറയുന്നു. യൂറോപ്പില്‍ പഠനവിധേയമായവര്‍ ഒരിക്കല്‍പ്പോലും പാമ്പിനെയും ചിലന്തിയെയും കണ്ടിട്ടില്ലെങ്കില്‍പ്പോലും ഭയം അവരെ വിടാതെ പിന്തുടരുന്നുണ്ടെന്നും പറയുന്നു. ഈ ജീവികളെക്കുറിച്ചു രക്ഷിതാക്കളില്‍നിന്നും മറ്റു മുതിര്‍ന്നവരില്‍നിന്നുമുള്ള കേട്ടറിവും, ഭയത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. മനുഷ്യനില്‍ പാമ്പിനോടും ചിലന്തിയോടുമുള്ള ഭയം ജനിച്ച് ആറാം മാസം മുതല്‍ തുടങ്ങുന്നു. അതായത്, പാമ്പും ചിലന്തിയും എത്രത്തോളം അപകടകാരിയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഭയം മനുഷ്യക്കുഞ്ഞില്‍ ഉടലെടുക്കുന്നുവെന്നാണ് ഗവേഷകസംഘം വ്യക്തമാക്കുന്നത്.

എന്നാല്‍ കരടിയുടെയും, കാണ്ടാമൃഗത്തിന്റെയും ചിത്രം കാണിക്കുമ്പോള്‍പ്പോലും പാമ്പിനെയോ ചിലന്തിയോ കാണുമ്പോഴുള്ള ഭയം കുഞ്ഞുങ്ങളിലില്ല എന്ന് പഠനസംഘം അവകാശപ്പെടുന്നു. സിറിഞ്ചും കത്തിയും കാണുമ്പോഴുള്ള ഭയം, പാമ്പിന്റെയും ചിലന്തിയുടെയും ചിത്രങ്ങള്‍ കാണുമ്പോഴുള്ളതിന് സമാനമാണെന്നും പഠനസംഘം വ്യക്തമാക്കുന്നു.