വീട്ടിനകത്തെ ടോയ്‌ലറ്റിലേക്ക് മൂത്രമൊഴിക്കാന്‍ കയറിയതായിരുന്നു ഹെലെന്‍. ടോയ്‌ലറ്റ് സീറ്റിലിരുന്ന് സെക്കന്‍ഡുകള്‍ക്കകം എന്തോ ഒന്ന് ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. പിന്നാലെ കടുത്ത വേദനയും

വീട്ടിനകത്തെ കുളിമുറിയില്‍ പാമ്പ്, അല്ലെങ്കില്‍ ബാത്ത്‌റൂമിനകത്തെ ക്ലോസറ്റില്‍ മൂര്‍ഖനെ കണ്ടു... എന്നെല്ലാം വാര്‍ത്തകള്‍ കാണാറില്ലേ? സ്വന്തം മാളങ്ങള്‍ വിട്ടുകൊണ്ട് പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നത് എന്തുകൊണ്ടായിരിക്കാം? 

ഇതിനുള്ള ഉത്തരം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരൂകൂട്ടം സമാനമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കും. ഈയിടെ ബ്രിസ്‌ബെയിനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് തുടക്കം. ഹെലെന്‍ റിച്ചാര്‍ഡ്‌സ് എന്ന സ്ത്രീയാണ് ഈ അനുഭവം മാധ്യമങ്ങളുമായി പങ്കുവച്ചത്. 

വീട്ടിനകത്തെ ടോയ്‌ലറ്റിലേക്ക് മൂത്രമൊഴിക്കാന്‍ കയറിയതായിരുന്നു ഹെലെന്‍. ടോയ്‌ലറ്റ് സീറ്റിലിരുന്ന് സെക്കന്‍ഡുകള്‍ക്കകം എന്തോ ഒന്ന് ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. പിന്നാലെ കടുത്ത വേദനയും. എഴുന്നേറ്റ് നോക്കിയപ്പോഴാണ് ക്ലോസറ്റിനകത്ത് നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന പാമ്പിനെ കണ്ടത്. 

ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെ സമാനമായി നിരവധി സംഭവങ്ങള്‍ ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിനകത്തെ ചില പ്രത്യേക സ്ഥലങ്ങളില്‍ പാമ്പുകളെ കാണുന്നു. കുളിമുറിയില്‍, ക്ലോസറ്റിനകത്ത്, ഫ്രിഡ്ജിന് ചുവട്ടില്‍, അലമാരയ്ക്ക് പിറകില്‍, നനഞ്ഞ ചുവരില്‍... അങ്ങനെയങ്ങനെ...

പാമ്പുകളെ പിടിക്കാന്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച ലൂക്ക് ഹണ്‍ട്‌ലി ഇതിന്റെ കാരണം വിശദീകരിക്കുകയാണ്. പതിറ്റാണ്ടിലധികമായി കാണാത്തതും അനുഭവിക്കാത്തതുമായ ചൂടിലൂടെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ കടന്നുപോകുന്നത്. കൊടിയ ചൂടിനെ മറികടക്കാന്‍ പാമ്പുകള്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളാണത്രേ ഈ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം.

പ്രകൃതിയില്‍ നനവില്ലാതാകുമ്പോള്‍ മനുഷ്യനിര്‍മ്മിതമായ നനവിനെ തേടി ഇവര്‍ മാളങ്ങള്‍ വിടുന്നു. അങ്ങനെ വീട്ടിനകത്തും കുളിമുറിയിലും അടുക്കളയിലും എന്നുവേണ്ട നനവുണ്ടെങ്കില്‍ കട്ടിലിന് കീഴില്‍ വരെ ഇവര്‍ ചുരുണ്ടുകൂടുന്നു. ഇത് ഏത് നാട്ടിലായാലും പാമ്പുകള്‍ സ്വാഭാവികമായി ചെയ്യുന്ന പലായനമാണെന്നും പലപ്പോഴും വളരെ വലിയ അപകടങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കുയെന്നും ഹണ്‍ട്‌ലി പറയുന്നു. 

ഇന്ത്യയിലെ പല നഗരപ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലിയില്‍ നിന്നാണ് ഇത്തരത്തില്‍ ഏറ്റവുമധികം വാര്‍ത്തകള്‍ വന്നിരുന്നത്. നഗരത്തിലെ തിരക്കേറിയ പലയിടങ്ങളിലും വച്ച് പെരുമ്പാമ്പുകളെ വരെ കണ്ടെത്തിയ സംഭവമുണ്ടായിരുന്നു. ഇതും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. 

താമസിക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാടുകളെ സംരക്ഷിക്കുകയെന്നത് മാത്രമാണ് ഇത് ചെറുക്കാന്‍ മുമ്പിലുള്ള ഏക വഴി. ജീവികള്‍ക്ക് അതിന്റെ ആവാസവ്യവസ്ഥകള്‍ നഷ്ടമാകുമ്പോള്‍ അവ മറ്റ് മേഖലകളിലേക്ക് കുടിയേറുന്നു. കാടിറങ്ങി വരുന്ന വന്യമൃഗങ്ങളുടെ അവസ്ഥയും മറിച്ചല്ല.