ഇടത് കാലില്‍ തുടയെല്ലില്‍ പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള ട്യൂമറാണ് അവളെ തേടിയെത്തിയത്. എല്ലിനെ ബാധിക്കുന്ന ക്യാന്‍സറായിരുന്നു അമേലിയയ്ക്ക്.

വലിയ നര്‍ത്തകിയാകണമെന്നായിരുന്നു ഏഴ് വയസ്സുകാരിയായ അമേലിയ എല്‍ഡ്രഡന്‍റെ ആഗ്രഹം. എന്നാല്‍ അവളുടെ സ്വപ്നം തകര്‍ന്നടിഞ്ഞത് പെട്ടെന്നായിരുന്നു. കാലില്‍ ട്യൂമര്‍ എന്ന വാര്‍ത്ത വളരെ വിഷമത്തോടെ അവള്‍ മനസ്സിലാക്കി. ഇടത് കാലില്‍ തുടയെല്ലില്‍ പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള ട്യൂമറാണ് അവളെ തേടിയെത്തിയത്. എല്ലിനെ ബാധിക്കുന്ന ക്യാന്‍സറായിരുന്നു അമേലിയയ്ക്ക്. കീമോതെറപ്പി കൊണ്ടു ഫലമില്ലെന്ന് കണ്ടതോടെ ഡോക്ടര്‍മാര്‍ അവളുടെ കാലിന്റെ ഒരു ഭാഗം നീക്കം ചെയ്യണമെന്നു മാതാപിതാക്കളെ അറിയിച്ചു. 

എന്നാല്‍ ശസ്ത്രക്രിയ നടത്തിയാല്‍ ഭാവിയില്‍ കുട്ടിക്ക് സ്വാഭാവികമായ ചലനശേഷി ഉണ്ടാകുമോ എന്ന പേടി മാതാപിതക്കള്‍ക്ക് ഉണ്ടായിരുന്നു. അതിന് പ്രതിവിധിയായി ഡോക്ടര്‍മാര്‍ ചെയ്തത് നീക്കം ചെയ്യേണ്ട കാലിന്റെ നടുഭാഗം നീക്കം ചെയ്തു താഴെയും മുകളിലുമുള്ള ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കാൽപ്പാദം തിരിച്ചാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇപ്പോള്‍ അമേലിയയുടെ കണംകാല്‍ ഭാഗത്തിന് താഴെയായി കൃത്രിമകാലുകള്‍ വച്ചുപിടിപ്പിക്കാന്‍ സാധിക്കും.

അമേലിയ ആരോഗ്യവതിയായി കഴിഞ്ഞാല്‍ അവള്‍ക്ക് സാധാരണ പോലെ നടക്കാനും ഓടാനും അവളുടെ സ്വപ്നമായ നൃത്തം ചെയ്യാനും സാധിക്കും. ബിര്‍മിങ്ഹാം ആശുപത്രിയിലായിരുന്നു അമേലിയയുടെ ചികിത്സ നടന്നത്. നീന്തല്‍, നൃത്തം, ജിംനാസ്റ്റിക് തുടങ്ങി എല്ലാത്തിലും മിടുക്കിയാണ് മകളെന്ന് അമ്മ പറയുന്നു.