എല്ലാവരും കോട്ടും ടൈയും ഷൂവുമെല്ലാം ധരിച്ചെത്തിയപ്പോള്‍ ഉറങ്ങാന്‍ നേരം ധരിക്കുന്ന പൈജാമയും പാന്റ്‌സും സ്ലിപ്പറുമായിരുന്നു ജെഫിന്റെ വേഷം. വസ്ത്രത്തിന് പിന്നിലെ രഹസ്യം പിന്നീട് ജെഫ് തന്നെ വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അത് മനസ്സിലാക്കിയത് 

കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗിനെത്തിയതായിരുന്നു ആമസോണ്‍ സിഇഒ ജെഫ് ബെസോസ്. ജെഫിനെ കണ്ടതും മീറ്റിംഗിനെത്തിയവരെല്ലാം ഒന്ന് ഞെട്ടി. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫിന്റെ വേഷമായിരുന്നു ഇവരെ ഞെട്ടിച്ചത്. എല്ലാവരും കോട്ടും ടൈയും ഷൂവുമെല്ലാം ധരിച്ചെത്തിയപ്പോള്‍ ഉറങ്ങാന്‍ നേരം ധരിക്കുന്ന പൈജാമയും പാന്റ്‌സും സ്ലിപ്പറുമായിരുന്നു ജെഫിന്റെ വേഷം. 

വസ്ത്രത്തിന് പിന്നിലെ രഹസ്യം പിന്നീട് ജെഫ് തന്നെ വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അത് മനസ്സിലാക്കിയത്. കുട്ടികളിലെ കാന്‍സര്‍ രോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ജെഫ് പൈജാമയും പാന്റ്‌സും സ്ലിപ്പറും ധരിച്ച് ബോര്‍ഡ് മീറ്റിംഗിനെത്തിയത്. കാന്‍സര്‍ രോഗബാധിതരായി മാസങ്ങളോളം ഇതേ വസ്ത്രമണിഞ്ഞ് മാത്രം കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് പിന്തുണ നല്‍കാനാണ് ബോധവത്കരണത്തിനായി ഈ വേഷം തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്. 

ഓര്‍ഗനൈസേഷന്റെ തീരുമാനമനുസരിച്ചാണ് ജെഫും ഇതേ വസ്ത്രത്തോടെ ബേധവത്കരണം നടത്തിയത്. സെപ്റ്റംബര്‍ കുട്ടികളിലെ കാന്‍സറിനെതിരായ ക്യാംപയിന്‍ നടത്തേണ്ട മാസമാണെന്നും ആമസോണ്‍ എല്ലാ വര്‍ഷവും ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ക്കാറുണ്ടെന്നും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച തന്റെ ചിത്രത്തിനൊപ്പം ജെഫ് കുറിച്ചു. 

ജെഫിന്റെ ചിത്രത്തിനും വാക്കുകള്‍ക്കും മികച്ച പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. ഏതാണ്ട് അറുപതിനായിരത്തിലധികം ലൈക്കും ആയിരക്കണക്കിന് കമന്റുകളും ജെഫിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം നേടി.

View post on Instagram