കേപ് ടൗണ്‍: പാമ്പിനെ കണ്ടാല്‍ പേടിച്ച് ഒച്ച വയ്ക്കാത്തവര്‍ വിരളമായിരിക്കും. ഫാത്തിമ ദാവൂദും ഇക്കാര്യത്തില്‍ ചെയ്തത് അതുതന്നെയാണ്. സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ പാമ്പിനെ കണ്ടപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഫാത്തിമയ്ക്ക് ഉറക്കെ നിലവിളിക്കാതിരിക്കാനായില്ല. എന്നാല്‍ തന്‍റെ മുന്നിലുള്ള വസ്തു എന്താണെന്ന് തിരിച്ചറിയാന്‍ പോലും സമയം നല്‍കാതെയായിരുന്നു ഫാത്തിമയുടെ കരച്ചില്‍. 

എന്നാല്‍ തന്‍റെ മുന്നിലുള്ളത് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കിയ ഫാത്തിമ ആകെ ജാള്യതയിലാകുകയും ഫേസ്ബുക്കിലൂടെ മാപ്പ് പറയുകയും ചെയ്തു. യാഥാര്‍ത്ഥത്തില്‍ അത് പാമ്പായിരുന്നില്ല. ആരുടെയോ തലയില്‍ നിന്ന് അഴിഞ്ഞുവീണ വെപ്പുമുടിയുടെ ഭാഗമായിരുന്നു അത്. 

തന്‍റെ വാവിട്ടുള്ള കരച്ചില്‍ കേട്ട് പേടിച്ച പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന വൃദ്ധയോട് മാപ്പു പറഞ്ഞുകൊണ്ടാണ് ഫാത്തിമ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ''ഞാന്‍ കരുതിയത് എന്‍റെ അടുത്തേക്ക് ഒരു പാമ്പ് വരുന്നുവെന്നാണ്'' - ഫാത്തിമ പാമ്പെന്ന് തെറ്റിദ്ധരിച്ച വസ്തുവിന്‍റെ ചിത്രം പങ്കുവച്ച് അവര്‍ കുറിച്ചു. '' മറ്റൊരു കാര്യം, നിങ്ങളുടെ വെപ്പുമുടി വീണുപോയിട്ടുണ്ടെങ്കില്‍ അത് പിഎന്‍പി പാര്‍ക്കിംഗിന്‍റെ ഇടനാഴിയിലുണ്ട്'' എന്നും ഫാത്തിമ കുറിച്ചു. 

നിരവധി പേരാണ് ഫാത്തിമയുടെ പോസ്റ്റിന് താഴെ കളിയാക്കിയും സമാധാനിപ്പിച്ചുമുള്ള കമന്‍റുകളുമായെത്തിയത്. എനിക്കും അത് പാമ്പായി തന്നെയാണ് തോന്നിയതെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. ആ ചിത്രം കാണുമ്പോഴും പാമ്പായി തന്നെയാണ് തൊനുന്നതെന്ന് മറ്റൊരാള്‍ കുറിച്ചു.