ബ്രസീലിയ: മരണമടഞ്ഞ ദാതാവിന്‍റെ ഗർഭപാത്രം സ്വീകരിച്ച സ്ത്രീ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.  വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്. ബ്രസീലില്‍ 2017 ഡിസംബറില്‍ നടന്ന സംഭവത്തിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. 

അപൂർവരോഗം ബാധിച്ച് ഗർഭപാത്രം ജന്മനാ തന്നെ ഇല്ലാത്ത 32 കാരിയാണ് മരണമടഞ്ഞ സ്ത്രീയുടെ ഗർഭപാത്രം സ്വീകരിച്ചത്. 2016 സെപ്റ്റംബറിലാണ് ഗർഭപാത്രം സ്വീകരിച്ചത്. പക്ഷാഘാതം മൂലം മരിച്ച 45 കാരിയായിരുന്നു ദാതാവ്. പത്തുമണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്തത്.

പിന്നീട് ഇത് സ്വീകർത്താവില്‍ ട്രാൻസ്പ്ലാന്‍റ് ചെയ്യുകയായിരുന്നു. ട്രാൻസ്പ്ലാന്‍റിന് നാല് മാസം മുൻപ് ഇൻവിട്രോഫെർട്ടി ലൈസേഷൻ നടത്തുകയും ഫെർട്ടിലൈസ് ചെയ്ത അണ്ഡങ്ങൾ ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയായിരുമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. ട്രാൻസ്പ്ലാന്‍റിന് ഏഴുമാസങ്ങൾക്ക് ശേഷം ഫെർട്ടിലൈസ് ചെയ്ത അണ്ഡം ഇംപ്ലാന്‍റ് ചെയ്തു.  10 ദിവസങ്ങൾക്കുശേഷം അവർ ഗർഭിണിയാണ് എന്ന് കണ്ടെത്തുകയും ആയിരുന്നു. 2017 ഡിസംബറില്‍ സിസേറിയനിലൂടെയാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്.