140 ഓളം കുരുന്നുകളെ ബലി നല്‍കിയതായാണ് കണ്ടെത്തല്‍

ലിമ: പെറുവില്‍ അസ്തമിച്ച് പോയ ചിമു സംസ്കാരത്തിന്റെ വീണ്ടെടുപ്പിനായുള്ള ഗവേഷണങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ശിശുബലിയെക്കുറിച്ചുള്ള വിവരങ്ങള്‍. 140 കുരുന്നുകളെയാണ് 200 ല്ലാമകള്‍ക്കൊപ്പം കുരുതി കൊടുത്തതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. ചന്ദ്രനെ ആരാധിക്കുന്ന ജനസമൂഹമായ ചിമു സംസ്കാരത്തെക്കുറിച്ചുള്ള പുതിയ അറിവാണ് ശിശുബലി സംബന്ധിച്ചുള്ളത്. 

പെറുവിലെ മൂന്നാമത്തെ വലിയ നഗരമായ ട്രുജിലോവിന് സമീപമുള്ള മലയിലാണ് ചിമു സമൂഹം ശിശു ബലി നല്‍കിയതിന്റെ ശേഷിപ്പുകള്‍ വ്യക്തമാകുന്നത്. ആസ്ടെക്, മായന്‍ സംസ്കാരത്തില്‍ മനുഷ്യബലി നടത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പെറുവിലെ ഗവേഷകനായ ഗബ്രിയേല്‍ പ്രീറ്റോയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് ശിശുബലി സംബന്ധിച്ച കണ്ടെത്തല്‍.550 വര്‍ഷം പഴക്കമുള്ള ബലി ചന്ദ്രന് വേണ്ടി നടത്തിയതെന്നാണ് അനുമാനം. 

ല്ലാമ മൃഗങ്ങളുടെ ബലി നടത്തിയിരുന്നതിന്റെ അവശിഷ്ടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ശിശു ബലിയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തുമെന്ന് കരുതിയില്ലെന്ന് ഗബ്രിയേല്‍ പ്രതികരിക്കുന്നു. 2011 ല്‍ ആരംഭിച്ച ഗവേഷണത്തിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തലുകള്‍. 3500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ശിശുബലിയുടെ അവശേഷിപ്പുകള്‍ ലഭിക്കുന്നത്.