ലണ്ടന്‍: ആറ് ലക്ഷത്തിലധികം തുക ചെലവിട്ട് വാങ്ങിയ ഒരു പെഗ് വിസ്കി വ്യാജമാണെന്നറിയുമ്പോള്‍ എന്തായിരിക്കും അവസ്ഥ. ചൈനീസ് എഴുത്തുകാരനാമായ സാങ് വേയ്ക്കാണ് അത്തരമൊരു അവസ്ഥ നേരിട്ടത്. 1878 ല്‍ നിര്‍മിച്ചതെന്ന് അവകാശപ്പെട്ട തുറക്കാത്ത മക്കാലന്‍ സിംഗിള്‍ മാള്‍ട്ടിന്റെ ഒരു പെഗിനായാണ് സാങ് വേയ് ഏകദേശം ആറ് ലക്ഷത്തോളം രൂപ ചെലവാക്കിയത്. സ്വിറ്റ്സര്‍ലന്‍റിലെ ഒരു ഹോട്ടലില്‍ നിന്നാണ് സാങ് വേയ് വിസ്കി വാങ്ങിയത്.
ചൈനയില്‍ ഏറ്റവുമധികം വരുമാനമുള്ള എഴുത്തുകാരനാണ് മുപ്പത്താറ് വയസുകാരനായ സാങ് വേയ്. മുത്തശിയോടൊപ്പം അവധിക്കാലത്ത് സ്വിറ്റ്സര്‍ലന്റിലെത്തിയപ്പോഴാണ് സാങ് വേയ് മദ്യം വാങ്ങിയത്. എന്നാല്‍ വാങ്ങിയതിന് ശേഷം പഴക്കത്തെക്കുറിച്ച് സംശയം തോന്നിയ സാങ് വേയ് മദ്യത്തിന്റെ പഴക്കം പരിശോധിക്കുകയായിരുന്നു.പുതിയ. തരം ഗ്ലാസും കോര്‍ക്കും ഉപയോഗിച്ചുള്ള നിര്‍മാണമാണ് മദ്യത്തിന്റെ പഴക്കത്തെ കുറിച്ച് സംശയം ജനിപ്പിച്ചത്.

വിവരം പുറത്തായതോടെ ഹോട്ടലിലെ മാനേജര്‍ സാങ് വേയെ കണ്ട് ക്ഷമാപണം നടത്തുകയും തുക തിരിച്ച് നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടല്‍ മാനേജരുടെ പിതാവ് 25 വര്ഷം മുമ്പ് വാങ്ങിയതാണ് മദ്യമെന്നും അത് വില്‍പനയ്ക്ക് വച്ചിരുന്നതല്ലെന്നും ഹോട്ടല്‍ മാനേജര്‍ വിശദമാക്കി. മദ്യത്തിന്റെ പഴക്കം സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്, മദ്യത്തിന്റെ പഴക്കം നിര്‍ണയിക്കുന്ന സംവിധാനങ്ങളെ മുഴുവന്‍ ഞെട്ടിക്കുന്നതാണെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.
