ഭുജംഗാസനം

ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഒരു ആസനമാണ് ഭുജംഗാസനം. നിരപ്പായ തറയില്‍ കൈകള്‍ മുകളിലേക്ക് നീട്ടി കാലുകള്‍ അടുപ്പിച്ചു തല നിവര്‍ത്തിവെച്ച് കമിഴ്ന്ന് കിടക്കുക.

ഇനി കൈകള്‍ രണ്ടും നെഞ്ചിന് ഇരു വശങ്ങളിലായി തറയില്‍ ഊന്നുക.

ശ്വാസം ഉള്ളിലേക്ക് വലിക്കുന്നതോടൊപ്പം ആദ്യം നെറ്റി, പിന്നെ മൂക്ക്, താടി, കഴുത്ത്, നെഞ്ച്, വയര്‍, എന്ന ക്രമത്തില്‍ പൊക്കിള്‍ വരെ ഉയര്‍ത്തി സാവകാശം പിന്നിലേക്ക് വളയുക.

ഈ നിലയില്‍ 10 മുതല്‍ 25 തവണവരെ ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക.

പിന്നീട് ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ആദ്യം വയര്‍, പിന്നെ നെഞ്ച്, കഴുത്ത്, താടി, മൂക്ക്, നെറ്റി എന്നി ക്രമത്തില്‍ താഴ്ത്തി കൊണ്ടുവരിക.

ശ്വാസകോശ രോഗങ്ങള്‍, തോള് വേദന, കഴുത്ത് വേദന, കൈകഴപ്പ് എന്നിവ ഉള്ളവര്‍ ഭുജംഗാസനം ക്രമമായി പരിശീലിക്കുന്നത് വളരെ നല്ലതാണ്.

കിടന്നു കൊണ്ടുള്ള ആസനങ്ങള്‍ക്ക് ശേഷം കാലുകള്‍ അകറ്റി പാദങ്ങള്‍ വിപരീത ദിശയില്‍ വച്ച് ശ്വാസോച്ഛ്വാസം ക്രമപ്പെടുത്തി അല്‍പ്പ സമയം വിശ്രമിക്കേണ്ടതാണ്.