ആളുകളെ കൊലക്ക്‌ കൊടുക്കുന്നത്‌ നിർത്താൻ അയാൾക്ക്‌ ഉദ്ദേശ്യം ഇല്ലെന്നുറപ്പാണ് തല വെക്കാതിരുന്നാൽ നമുക്ക്‌ കൊള്ളാം

വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യാജ വൈദ്യന്മാര്‍ക്കെതിരെ ശക്തമായി തുറന്ന് പറഞ്ഞ് യുവഡോക്ടര്‍. രോഗങ്ങള്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഡോക്ടര്‍മാരെ കാണാതെ വ്യാജന്മാരെ തിരഞ്ഞ് പോകുമ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടാവുക നിങ്ങള്‍ക്ക് മാത്രമാണെന്ന് മുന്നറിയിപ്പ് നല്‍കാന്‍ മടിക്കുന്നില്ല ഡോക്ടര്‍ ഷിംന അസീസ്. ആളുകളെ കൊലക്ക്‌ കൊടുക്കുന്നത്‌ നിർത്താൻ അയാൾക്ക്‌ ഉദ്ദേശ്യം ഇല്ലെന്നുറപ്പാണ്‌. എല്ലാമറിഞ്ഞിട്ടും അതിര്‌ കടക്കാത്തത്‌ കൊണ്ട്‌ നടപടിയും ഉണ്ടാകില്ലായിരിക്കും. നമ്മൾ തല വെക്കാതിരുന്നാൽ നമുക്ക്‌ കൊള്ളാം. ഇല്ലെങ്കിൽ നമുക്ക്‌ കൊള്ളും, തീർത്താൽ തീരാത്ത നഷ്‌ടങ്ങളെ ഓർത്ത്‌ വിലപിച്ചാൽ അവയൊന്നും ഒരിക്കലും തിരിച്ച്‌ കിട്ടുകയുമില്ല. ഹൃദ്രോഗിയെ ചികിത്സിച്ച്‌ കൊന്നതിന്‌ കോടതി വിശദീകരണം തേടിയപ്പോൾ ''എനിക്ക്‌ ഇസിജി നോക്കാൻ അറിയില്ലെന്നാണ് ജേക്കബ്‌ വടക്കഞ്ചേരി പറഞ്ഞതെന്നും ഷിംന കുറിപ്പില്‍ വിശദമാക്കുന്നു

ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

പലപ്പോഴും സൂചി കൊണ്ടെടുക്കാൻ കഴിയുമായിരുന്നവയെ തൂമ്പ കൊണ്ടെടുക്കുന്ന നിർബന്ധിതരാവുന്നവരാണ്‌ ഞങ്ങൾ ഡോക്‌ടർമാർ. ഇത്തരത്തിൽ ഞങ്ങൾക്ക്‌ പണി കൂട്ടുകയും നാട്ടുകാർക്ക്‌ പണി കൊടുക്കുകയും ചെയ്യുന്ന വ്യാജവൈദ്യം എന്ന്‌ കടപുഴകി വീഴുന്നോ, അന്ന്‌ നാട്‌ നന്നാവും!

സ്വസ്‌ഥതയോടെയിരുന്ന്‌ മരുന്ന്‌ എഴുതേണ്ടതിന്‌ പകരം കീയോ കീയോ വിളിച്ചോണ്ട്‌ വരുന്ന ആംബുലൻസിൽ ഞങ്ങളെ തേടി വരുന്നത്‌ ആരെല്ലാമാണെന്ന്‌ അറിയാമോ? ഞങ്ങളുടെ ഇരട്ടിപ്പണി അറിയാമോ?

ബ്ലഡ്‌ പ്രഷർ കൂടാതിരിക്കാനുള്ള ഗുളിക ഒഴിവാക്കി തലച്ചോറിൽ രക്‌തസ്രാവമുണ്ടായ രോഗിയുടെ ജീവൻ രക്ഷിക്കാൻ പരക്കം പായുക, പ്രമേഹത്തിന്റെ മരുന്നും ജീവിതശൈലിക്രമവും കാറ്റിൽ പറത്തിയ രോഗിയുടെ കിഡ്‌നി പോയതിന്‌ ഒരാഴ്‌ച മാത്രം കഴിച്ച ഷുഗറിനുള്ള ഗുളിക എഴുതിയതിന്‌ തെറി കേൾക്കുക, വാക്‌സിനെടുക്കാൻ പറഞ്ഞാൽ കേൾക്കാതെ അസുഖം പിടിക്കുമ്പോൾ മരിക്കാറായ കുഞ്ഞിനേയും കൊണ്ടു വന്ന്‌ കാലിൽ വീഴുന്ന നേരത്ത്‌ അതിന്റെ ജീവന്‌ വേണ്ടി മനസ്സ്‌ പിടയുന്നത്‌ കാണിക്കാതെ ചികിത്സ തുടരുക എന്നിവയെല്ലാമാണ്‌ ഞങ്ങളുടെ പണി.

ഇന്ന്‌ ഞമ്മളെ അയൽദേശത്തെ ഒരാശുപത്രിയിലെ കേസ്‌ഷീറ്റിന്റെ ഒരു തുണ്ട്‌ കഷ്‌ണം കിട്ടിയേ..നെറ്റി ചുളിക്കാനും വിവാദമാക്കാനും ഒക്കെ നിൽക്കട്ടെ, രോഗിയുടെ സ്വകാര്യത നഷ്‌ടപ്പെടുന്ന യാതൊന്നും അതിലില്ല. പക്ഷേ, ഒന്ന്‌ വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നെഗറ്റീവ്‌ ഗ്രൂപ്പ്‌ രക്‌തമുള്ള അമ്മക്ക്‌ പോസിറ്റീവ്‌ ഗ്രൂപ്പ്‌ രക്‌തമുള്ള കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ എടുക്കേണ്ട Anti-D ഇഞ്ചക്ഷൻ എടുക്കരുതെന്ന്‌ ജേക്കബ്‌ വടക്കഞ്ചേരി കൽപ്പിച്ചത്‌ കുട്ടിയുടെ അച്‌ഛൻ അക്ഷരംപ്രതി അംഗീകരിച്ചു എന്ന്‌. പതിവ്‌ പോലെ വാക്‌സിനെടുക്കേണ്ട എന്ന പാഠവും ഓതിക്കൊടുത്തിട്ടുണ്ട്‌, പിതാശ്രീ കേട്ടിട്ടുമുണ്ട്‌.

എങ്ങനെ നോക്കിയാലും നെഗറ്റീവ്‌ അമ്മയുടേയും പോസിറ്റീവ്‌ കുഞ്ഞുവാവയുടെയും രക്‌തം പ്രസവസമയത്ത്‌ അൽപമെങ്കിലും പരസ്‌പരം കലരും. ഇത്രയും കാലം അറിഞ്ഞിട്ടില്ലാത്ത '+' ഫാക്‌റ്ററിനെ തുരത്താൻ വേണ്ടി അമ്മമേനി ആന്റിബോഡിയുണ്ടാക്കി വെക്കും. അമ്മക്കോ ഇപ്പോൾ ജനിച്ച കുഞ്ഞിനോ ഈ ആന്റിബോഡിക്ക്‌ എതിരെയുള്ള Anti-D എടുക്കാത്തത്‌ കൊണ്ട്‌ ഒന്നും സംഭവിക്കില്ല. പക്ഷേ, അടുത്ത കുഞ്ഞ്‌ പോസിറ്റീവ് രക്‌തഗ്രൂപ്പ്‌ ആണെങ്കിൽ ഗർഭപാത്രത്തിൽ വെച്ച്‌ പ്രസവത്തിന്‌ മുൻപേ മരിക്കാനും ചാപിള്ളയെ പ്രസവിക്കാനും സാധ്യത ഏറെയാണ്‌.

അഥവാ ജനിച്ചാൽ, ആ കുഞ്ഞിന്‌ Hemolytic Disease of the Newborn എന്ന സാരമായ അവസ്‌ഥ വരും. കടുത്ത വിളർച്ച, മഞ്ഞനിറം, സ്‌ഥിരമായ ബുദ്ധിമാന്ദ്യം എന്നിവയുണ്ടാകും. ഇത്‌ തടയാൻ വേണ്ടി കുഞ്ഞിന്റെ രക്‌തം തുടർച്ചയായി മാറ്റുന്നതുൾപ്പെടെ വളരെ സങ്കീർണമായ ചികിത്സകൾ വേണ്ടി വരും. എന്തിന്റെ പേരിലാണെങ്കിലും ചോരപ്പൈതലിന്‌ ചോര കയറ്റേണ്ടി വരുന്നത്‌ തമാശക്കളിയല്ല.

മുൻപ്‌ പ്രസവം വരെ എത്താതെ അലസിപ്പോയ ഗർഭമുണ്ടെങ്കിൽ പോലും രക്‌തം പരിശോധിച്ചാൽ അലസിയ ഗർഭസ്‌ഥശിശുവിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ പോസിറ്റീവ്‌ ആയിരുന്നോ, ശരീരം അതിനെതിരെ ആന്റിബോഡി തയ്യാറാക്കിയോ എന്നെല്ലാം അറിയാനാവും. അവരും ഈ ഇഞ്ചക്ഷൻ എടുക്കണം. അല്ലെങ്കിൽ ആറ്റുനോറ്റുണ്ടാക്കുന്ന പൈതലൊരു നിത്യദു:ഖമാകാം.

ഹൃദ്രോഗിയെ 'ചികിത്സിച്ച്‌' കൊന്നതിന്‌ കോടതി വിശദീകരണം തേടിയപ്പോൾ ''എനിക്ക്‌ ഇസിജി നോക്കാൻ അറിയില്ല'' എന്ന്‌ ഉളുപ്പില്ലാതെ മൊഴിഞ്ഞ ജേക്കബ്‌ വടക്കഞ്ചേരി Hemolytic Disease of the New Born എന്ന്‌ ആദ്യമായി വായിക്കുന്നത്‌ ഈ പോസ്‌റ്റ്‌ വല്ലവരും ഫോർവാർഡ്‌ ചെയ്‌ത്‌ കൊടുത്തത്‌ കാണുമ്പോഴാകും. കാട്ടുകോഴിക്കെന്ത് സംക്രാന്തി !

ആളുകളെ കൊലക്ക്‌ കൊടുക്കുന്നത്‌ നിർത്താൻ അയാൾക്ക്‌ ഉദ്ദേശ്യം ഇല്ലെന്നുറപ്പാണ്‌. എല്ലാമറിഞ്ഞിട്ടും 'അതിര്‌ കടക്കാത്തത്‌ കൊണ്ട്‌' നടപടിയും ഉണ്ടാകില്ലായിരിക്കും. നമ്മൾ തല വെക്കാതിരുന്നാൽ നമുക്ക്‌ കൊള്ളാം. ഇല്ലെങ്കിൽ നമുക്ക്‌ കൊള്ളും, തീർത്താൽ തീരാത്ത നഷ്‌ടങ്ങളെ ഓർത്ത്‌ വിലപിച്ചാൽ അവയൊന്നും ഒരിക്കലും തിരിച്ച്‌ കിട്ടുകയുമില്ല...