'ആദ്യം കരിയുപയോഗിച്ചും പിന്നീട് കറന്‍റിലും തേപ്പുപെട്ടി പ്രവർത്തിപ്പിച്ചിരുന്നു എന്നാല്‍ താരതമ്യേന അപകടസാധ്യത കുറഞ്ഞ മാർഗമായതിനാലാണ് ഗ്യാസ് ഉപയോഗിച്ചുനോക്കിയത് '
കോയമ്പത്തൂര്‍: കരിയും തീയുമിട്ട് ഊതി, കനല്‍ പാകപ്പെടുത്തി വസ്ത്രങ്ങള്‍ തേച്ചുകൊടുക്കുന്ന കാലം മാറാന്‍ പോകുന്നുവെന്നാണ് കോയമ്പത്തൂരുകാരന്‍ പ്രഭു പറയുന്നത്. പരമ്പരാഗത തൊഴിലില്‍ ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് പ്രഭു ഇപ്പോള്‍.
എല്‍.പി.ജി സിലിണ്ടറുപയോഗിച്ച് തേപ്പുപെട്ടി പ്രവര്‍ത്തിപ്പിക്കാമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രഭു. 'മുമ്പൊക്കെ കരി മാത്രമാണ് ഞങ്ങള്‍ തേക്കാന്‍ ഉപയോഗിച്ചിരുന്നത്, അപ്പോഴെല്ലാം തീയോ, കനലോ വീണ് വസ്ത്രങ്ങള്‍ക്ക് കേട് പറ്റുമെന്ന പേടിയുണ്ടായിരുന്നു. പിന്നീട് കറന്റില്‍ പ്രവര്‍ത്തിക്കുന്ന തേപ്പുപെട്ടി ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഇത് ഷോക്കേല്‍പിക്കുമോ എന്ന പേടിയുമുണ്ടാക്കി'- പ്രഭു പറയുന്നു.
താരതമ്യേന അപകടസാധ്യത കുറവായ മാര്‍ഗമെന്ന നിലയ്ക്കാണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുനോക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഈ പരീക്ഷണം വിജയിക്കുകയായിരുന്നുവെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
'സുരക്ഷ മാത്രമല്ല, നല്ലരീതിയില്‍ പണം ലാഭിക്കാനും ഇതുവഴി കഴിയുന്നുണ്ട്. 5 കിലോ ഗ്യാസ് കൊണ്ട് ഏതാണ്ട് 800ഓളം വസ്ത്രങ്ങള്‍ തേക്കാനാകും. തേക്കാനെടുക്കുന്ന സമയവും കുറച്ചുമതി.'- പ്രഭു പറയുന്നു.
ഈ യുവാവിനെ മാതൃകയാക്കാനാണ് ഇപ്പോള്‍ കോയമ്പത്തൂരുള്ള മിക്ക തേപ്പ് യൂണിറ്റുകളുടെയും തീരുമാനം. എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ അല്‍പം കൂടി വിലക്കുറവില്‍ ലഭ്യമായാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പത്തിലാകും. ഇതിനുള്ള ശ്രമങ്ങളിലാണ് ഇവരിപ്പോള്‍. സര്‍ക്കാര്‍ തങ്ങള്‍ക്കായി കനിയുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.
