മറ്റ് കുരങ്ങുകളും എത്തിയതോടെ സംഭവം കൈവിട്ട് പോവുകയായിരുന്നു

ഫൂജിയാന്‍: വിനോദയാത്രയ്ക്കിടെ തമാശ കാണിച്ച യുവാവിന് കുരങ്ങ് നല്‍കിയത് എട്ടിന്റെ പണി. ചൈനയിലെ ഫൂജിയാന്‍ പ്രവിശ്യയിലെത്തിയ വിനോദ സഞ്ചാരിയായ യുവാവാണ് തമാശയ്ക്ക് വേണ്ടി കുളത്തിന്റെ വക്കിലിരുന്ന കുരങ്ങിനെ വെള്ളത്തിലേയ്ക്ക് തള്ളിയിട്ടത്. കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്ത് ചിരിച്ച യുവാവ് കുരങ്ങ് തിരിച്ച് ആക്രമിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതി കാണില്ല. ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലേക്കായിരുന്നു. 

എന്നാല്‍ നിമിഷങ്ങള്‍ക്കകം കുരങ്ങ് വെള്ളത്തില്‍ നിന്ന് കയറി വന്ന് യുവാവിന് നേരെ തിരിഞ്ഞതോടെ യുവാവിന് നില്‍ക്കക്കള്ളിയില്ലാതെ അമ്പലത്തില്‍ കയറി ഒളിക്കേണ്ട സ്ഥിതിയായി. വെള്ളത്തില്‍ വീണ കുരങ്ങന്റെ സഹായത്തിന് മറ്റ് കുരങ്ങുകളും എത്തിയതോടെ സംഭവം കൈവിട്ട് പോവുകയായിരുന്നു. 

കുരങ്ങില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് യുവാവിന് പരിക്കറ്റിട്ടുണ്ട്. മൃഗശാലയിലും വിനോദ സഞ്ചാര മേഖലയിലും സഹജീവികളോട് മാന്യമായി പെരുമാറണമെന്ന സന്ദേശത്തോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കാണികളെ രസിപ്പിക്കാതിരുന്ന കംങ്കാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നത്.