ഇതൊരു ഒറ്റപ്പെട്ട സംഭവമായി എടുക്കുക സാധ്യമല്ല. പല തെരുവുകളിലും നഗരമധ്യമങ്ങളിലും ചന്തകളിലുമെല്ലാം വഴിയോരക്കച്ചവടക്കാരായോ, തൊഴിലാളികളായയോ ഒക്കെ അനവധി കൗമാരക്കാര്‍ നമ്മുടെ രാജ്യത്ത് ജീവിക്കുന്നുണ്ട് 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളെ സംബന്ധിച്ച് വിദ്യാഭ്യാസവും, മികച്ച സാമൂഹിക സാഹചര്യവും, ശാരീരിക- മാനസികാരോഗ്യമെല്ലാം കയ്യെത്താത്ത അകലത്തിലാകാം. കൗമാരപ്രായത്തില്‍ തന്നെ തൊഴിലെടുക്കാനിറങ്ങി, പഠിക്കാനോ നല്ലൊരു ജോലി സമ്പാദിക്കാനോ കഴിയാതെ പോയ എത്രയോ പേര്‍ നമുക്കിടയില്‍ തന്നെയുണ്ടാകാം. 

നിയമപരമായി ബാലവേല നിരോധിക്കപ്പെട്ട രാജ്യമാണ് നമ്മുടേതെങ്കിലും സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ വെയിലിലും മഴയിലും മഞ്ഞിലുമെല്ലാം നിന്ന് ജോലി ചെയ്യുന്ന എത്രയോ കുട്ടികളെ നമുക്കിവിടെ കാണാം. അത്തരത്തില്‍ കുടുംബം നോക്കാനായി വഴിയോരക്കച്ചവടം നടത്തുന്നൊരു പതിനാലുകാരന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഗുജറാത്തിലെ അഹമ്മദാബാദില്‍ മണിനഗര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തായി ചെറിയ ഫുഡ് സ്റ്റാള്‍ നടത്തുകയാണ് ഈ പതിനാലുകാരന്‍. 'ദഹി കചോരി' എന്ന തനത് വിഭവമാണ് ഉണ്ടാക്കി വില്‍പന നടത്തുന്നത്. ഫുഡ് ബ്ലോഗറായ ദൊയാഷ് പത്രാബേയാണ് ബാലന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

പത്ത് രൂപയ്ക്കാണ് ബാലൻ 'ദഹി കചോരി' വിൽക്കുന്നത്. എങ്ങനെയും ഈ പതിനാലുകാരനെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന അടിക്കുറിപ്പുമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ ഹിറ്റായി. കുടുംബത്തിന് വേണ്ടി അധ്വാനിക്കാനുള്ള ആ മനസിനോടുള്ള ആദരവും അവന്‍റെ സാഹചര്യങ്ങളോടുള്ള സഹതാപവും സ്നേഹവുമെല്ലാം സോഷ്യൽ മീഡിയയിൽ കാണാനായി.

വീഡിയോ വൈറലായതോടെ ഇപ്പോള്‍ ഇവനെ അന്വേഷിച്ച് ധാരാളം പേര്‍ മണിനഗറിലെത്തുന്നുണ്ട്. ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞോടുകയാണ്. 

View post on Instagram

കുട്ടിയുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിനുമെല്ലാമായി സഹായങ്ങള്‍ നല്‍കാന്‍ മനസുകാണിച്ച് നിരവധി പേരാണേ്രത എത്തിയിരിക്കുന്നത്. ഏതായാലും ഇതൊരു ഒറ്റപ്പെട്ട സംഭവമായി എടുക്കുക സാധ്യമല്ല. പല തെരുവുകളിലും നഗരമധ്യമങ്ങളിലും ചന്തകളിലുമെല്ലാം വഴിയോരക്കച്ചവടക്കാരായോ, തൊഴിലാളികളായയോ ഒക്കെ അനവധി കൗമാരക്കാര്‍ നമ്മുടെ രാജ്യത്ത് ജീവിക്കുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികളുടെയെല്ലാം പഠനവും മറ്റ് കാര്യങ്ങളും ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധ സംഘടനകളോ സര്‍ക്കാരോ തയ്യാറാകാത്തിടത്തോളം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും അതുവഴി രക്ഷപ്പെടുകയും മാത്രമേ ഇവര്‍ക്കും മാര്‍ഗമുള്ളൂ...

Also Read:- ഒറ്റരാത്രി കൊണ്ട് പ്രശസ്തി, പണം; ഇപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍...