തടി കുറയ്ക്കാനുള്ള എളുപ്പവഴികളിൽ ഇന്ന് താരമായിരിക്കുന്നത്, വേഗത്തിൽ ഉണ്ടാക്കാവുന്നതും രുചികരവുമായ സ്മൂത്തികളാണ്. ​സമയക്കുറവും, ആരോഗ്യകരമായ ഭക്ഷണം വേണമെന്ന ആളുകളുടെ നിർബന്ധം സ്മൂത്തികളെ  പ്രിയപ്പെട്ടതാക്കിയത്. 

തിരക്ക് പിടിച്ച ജീവിതത്തിൽ ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. ഡയറ്റിംഗ് എന്നാൽ വിശന്നിരിക്കുക എന്നൊരു തെറ്റിദ്ധാരണയും പലർക്കുമുണ്ട്. എന്നാൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ, ഇഷ്ടമുള്ളത്ര കഴിച്ച് വയറു കുറയ്ക്കാൻ സാധിക്കും. അതിനുള്ള ഏറ്റവും എളുപ്പമുള്ള 'ഹാക്ക്' ആണ് പോഷകങ്ങൾ നിറഞ്ഞ, രുചികരമായ സ്മൂത്തികൾ. പ്രത്യേകിച്ച്, രാവിലെ ഓഫീസിലേക്കോ കോളേജിലേക്കോ ഉള്ള യാത്രക്കിടയിൽ, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം പലർക്കുമുണ്ട്. ആ ശീലം മാറ്റാൻ, വെറും മൂന്ന് മിനിറ്റുകൊണ്ട് ഒരു ബ്ലെൻഡറിൽ ഉണ്ടാക്കിയെടുക്കാവുന്ന സ്മാർട്ട് സ്മൂത്തികളെക്കുറിച്ച് അറിയാം.

ഫ്രൂട്ട് & ഫൈബർ പവർ പഞ്ച്

തടി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, വയറ് നിറയ്ക്കുകയും ദീർഘനേരം വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്ന ഫൈബർ ധാരാളമായി അടങ്ങിയ ചേരുവകൾ സ്മൂത്തിയിൽ ചേർക്കാൻ ശ്രദ്ധിക്കണം. നിങ്ങൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കോമ്പിനേഷനാണ് ഓട്‌സ്-പഴം-ചിയാ സീഡ്‌സ് സ്മൂത്തി.

  • ഒരു പഴുത്ത ചെറുപഴം, അരക്കപ്പ് ഓട്‌സ്, ഒരു ടീസ്പൂൺ ചിയാ സീഡ്‌സ് എന്നിവ ഒരു ബ്ലെൻഡറിലിടുക. ഇതിലേക്ക് ഒരു കപ്പ് പാൽ (സാധാരണ പാൽ, അല്ലെങ്കിൽ ബദാം പാൽ, ഓട്‌സ് പാൽ) ചേർക്കുക. മധുരത്തിനായി ഒരു ചെറിയ ഈന്തപ്പഴം കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ സ്മൂത്തി നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും, ഊർജ്ജവും, ഫൈബറും നൽകും. ഓട്‌സും ചിയാ സീഡ്‌സും വിശപ്പ് നിയന്ത്രിക്കുന്നതിനാൽ അനാവശ്യമായ കൊതിയകറ്റാൻ ഇത് സഹായിക്കും.

ഗ്രീൻ സ്മൂത്തി: വയറ് കുറയ്ക്കുന്ന ഡീടോക്‌സ് ഡ്രിങ്ക്

ഇലക്കറികൾ കഴിക്കാൻ മടിയുള്ളവർക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ ഉണ്ടാക്കാവുന്നതാണ് ഗ്രീൻ സ്മൂത്തികൾ. ഇത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും വയറു കുറയ്ക്കാനും വളരെ നല്ലതാണ്.

  • ഒരു കൈ നിറയെ പാലക് ഇലകൾ (ചീര), ചെറിയ കഷ്ണം ഇഞ്ചി, ഒരു പകുതി പൈനാപ്പിൾ കഷ്ണം എന്നിവ എടുക്കുക. ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് വെള്ളമോ, അല്ലെങ്കിൽ തേങ്ങാവെള്ളമോ ചേർത്ത് ബ്ലെൻഡ് ചെയ്യുക. പാലക്കിന്റെ മണം ഒട്ടും അറിയാതെ, പൈനാപ്പിളിന്റെ പുളി കലർന്ന മധുരം മാത്രമാണ് ഈ സ്മൂത്തിക്ക് ഉണ്ടാവുക. ഇഞ്ചി ദഹനപ്രക്രിയയെ സഹായിക്കുമ്പോൾ, പൈനാപ്പിൾ സ്വാഭാവികമായ മധുരം നൽകും.

പ്രോട്ടീൻ റിച്ച് ബെറി ട്രീറ്റ്

ബെറി പഴങ്ങൾ- സ്ട്രോബെറി, ബ്ലൂബെറി പോഷകങ്ങളുടെ കലവറയാണ്, കൂടാതെ ഇവയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. അതുകൊണ്ട് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ബെറി സ്മൂത്തി.

  • ഫ്രോസൺ ബെറി പഴങ്ങൾ (അരക്കപ്പ്) ഒരു ബ്ലെൻഡറിലിടുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മധുരമില്ലാത്ത പീനട്ട് ബട്ടർ ചേർക്കുക. കൂടാതെ അരക്കപ്പ് ഗ്രീക്ക് യോഗർട്ടും ചേർത്ത് അടിച്ചെടുക്കുക. പീനട്ട് ബട്ടറും ഗ്രീക്ക് യോഗർട്ടും ചേർക്കുമ്പോൾ സ്മൂത്തിക്ക് നല്ല കട്ടിയും ക്രീമി ടെക്സ്ചറും ലഭിക്കും. ഇത് ഒരു ഹൈ-പ്രോട്ടീൻ സ്മൂത്തി ആയതുകൊണ്ട് തന്നെ മസിലുകൾ നിലനിർത്തുവൻ സഹായിക്കും.

ഈ സ്മൂത്തികൾ ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമുള്ളൂ. ദിവസത്തിൽ ഒരു നേരമെങ്കിലും ജ്യൂസിനും കോളയ്ക്കും പകരം ഈ സ്മാർട്ട് സ്മൂത്തികൾ ശീലമാക്കിയാൽ, നിങ്ങളുടെ ഫിറ്റ്‌നസ്സ് ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.