വിവാഹം എപ്പോഴും സമൂഹത്തിന്റെ കൂടി താല്‍പര്യങ്ങള്‍ക്കനുസരിച്ച് 'ഡിസൈന്‍' ചെയ്യാനാണ് മിക്ക വ്യക്തികളും ആഗ്രഹിക്കുക. കുടുംബത്തോടൊപ്പം തന്നെ സമൂഹവും തങ്ങളുടെ ബന്ധത്തെ അംഗീകരിക്കണമെന്ന് ആശിക്കുന്നവരാണല്ലോ അധികവും. 

എന്നാല്‍ ഈജിപ്തിലെ കെയ്‌റോ സ്വദേശിയായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിന്റെ കാര്യം ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. കേട്ടാല്‍ ആരും അതിശയിക്കുന്ന വിവാഹമായിരുന്നു മുഹമ്മദിന്റേത്. മറ്റൊന്നുമല്ല, വധുവിന്റെ പ്രായമായിരുന്നു എല്ലായിടത്തും ചര്‍ച്ച. 

സ്വന്തം അമ്മയെക്കാള്‍ ഇരുപത് വയസ് കൂടുതലുള്ള വധുവിനെയാണ് മുഹമ്മദ് സ്വന്തം ജീവിതസഖിയായി തെരഞ്ഞെടുത്തിരിക്കുന്നത്. മുഹമ്മദിന് പ്രായം മുപ്പത്തിയഞ്ച്, പങ്കാളിയായ ഐറിസ് ജോണ്‍സിന് പ്രായം എണ്‍പത്! കേട്ടപ്പോള്‍ ഒന്ന് അമ്പരന്നില്ലേ? 

ഇതുതന്നെയായിരുന്നു എല്ലാവരുടേയും പ്രശ്‌നം. അല്‍പസ്വല്‍പം പ്രായവ്യത്യാസമുള്ള ബന്ധങ്ങളൊക്കെ ഇന്നത്തെ കാലത്ത് വലിയൊരു പരിധി വരെ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ മുത്തശ്ശിയാകാന്‍ പ്രായമുള്ള ഒരാളെ വധുവാക്കി തെരഞ്ഞെടുത്ത യുവാവിന്റെ കാര്യത്തില്‍ ഒരു യുക്തിയും ആര്‍ക്കും കിട്ടുന്നില്ലെന്നതാണ് സത്യം. 

എന്നാല്‍ തന്റെ പ്രണയം സത്യസന്ധവും പരിശുദ്ധവും ആണെന്നാണ് മുഹമ്മദ് പറയുന്നത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ചാറ്റിലൂടെയും കോളിലൂടെയും പരസ്പരം അറിഞ്ഞു. ആ സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് ഇക്കഴിഞ്ഞ നവംബറില്‍ കെയ്‌റോയില്‍ വച്ച് മുഹമ്മദും ഐറിസും ആദ്യമായി കണ്ടുമുട്ടി. 

'ശരീരം എന്നതിലുപരിയായ ഒരു ബന്ധമാണ് എനിക്ക് ഐറിസുമായി ഉള്ളത്. മാനുഷികതയുള്ള ഒരാത്മാവും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്നൊരു ഹൃദയവും അവര്‍ക്കുണ്ട്. അവരെപ്പോലെ ഒരു സ്ത്രീയെ പങ്കാളിയായി ലഭിച്ചുവെന്നത് ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അവരുടെ പണത്തിന് വേണ്ടിയാണ് ഞാന്‍ പ്രണയിച്ചത് എന്ന് പറയുന്നവരുണ്ട്. പക്ഷേ എന്റെ പ്രണയം എന്താണെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്..'- മുഹമ്മദ് പറയുന്നു.

ഇംഗ്ലണ്ടുകാരിയായ ഐറിസ് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതാണ്. അമ്പത്തിനാലും അമ്പത്തിമൂന്നും വയസുള്ള രണ്ട് മക്കളുമുണ്ട് ഐറിസിന്. അമ്മയുടെ പ്രണയത്തെ അമ്പരപ്പോടെയാണ് അവര്‍ എതിരേറ്റത്. 

'ഇംഗ്ലണ്ടിലായിരിക്കുമ്പോള്‍ മുഹമ്മദിനേയും എന്നേയും കാണാന്‍ അവര്‍ വന്നിരുന്നു. മുഹമ്മദിന് എന്നോടുള്ള കരുതലും സ്‌നേഹവും അവര്‍ നേരിട്ട് കണ്ടതാണ്. അതോടെ അവരുടെ ആശങ്കകളെല്ലാം നീങ്ങി. എന്നെ സംബന്ധിച്ചിടത്തോളം മുഹമ്മദിന്റെ ആത്മാര്‍ത്ഥതയാണ് ഏറ്റവും വലിയ പ്ലസ് പോയിന്റായി തോന്നിയിട്ടുള്ളത്...'- ഐറിസ് പറയുന്നു. 

ഇപ്പോള്‍ ഇരുവരും ഈജിപ്തില്‍ തന്നെയാണ് കഴിയുന്നത്. പേരിന് ഒരു ചെറിയ ചടങ്ങായി വിവാഹം നടത്തി. മുഹമ്മദിന്റെ മാതാപിതാക്കളും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതുപോലൊരു ബന്ധവുമായി ജീവിക്കാന്‍ ഏറ്റവും എളുപ്പം ഇംഗ്ലണ്ടില്‍ തന്നെയാണെങ്കിലും ഈജിപ്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുഹമ്മദിന് താല്‍പര്യമില്ല. എവിടെയായിരുന്നാലും കഴിയാവുന്നത്രയും സമയം ഐറിസിനോടൊപ്പം ചിലവിടണമെന്നേയുള്ളൂവെന്ന് മുഹമ്മദ് പറയുന്നു. 

ഇന്നും സമൂഹത്തിന് മുമ്പില്‍ ഇവരുടെ ബന്ധം ഒരു അത്ഭുതം തന്നെയായി തുടരുകയാണ്. അടുത്തിടെ ഒരു ടി.വി ചാനലിലും ഇവരെക്കുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രണയം സംഭവിച്ചിരിക്കുന്നത് എന്നാണ് ഏത് കോണില്‍ നിന്നും ഉയരുന്ന പ്രധാന സംശയം. പലരും ഇതില്‍ മുഹമ്മദിനെ കുറ്റപ്പെടുത്തുന്നുണ്ട്. മുഹമ്മദിന്റെ ലക്ഷ്യം പണമാണ് എന്നതാണ് വലിയ ആരോപണം. അതേസമയം ഈ ആരോപണത്തെ മുഹമ്മദും ഐറിസും ഒരേ സ്വരത്തില്‍ തള്ളിക്കളയുകയാണ്. എന്തായാലും അത്യപൂര്‍വ്വമായ ഈ പ്രണയകഥ കേട്ടവരെയെല്ലാം അതിശയിപ്പിച്ചുവെന്ന കാര്യത്തില്‍ മാത്രം സംശയമില്ല.