തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. 

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി തഴച്ചു വളരാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ...

ഒന്ന്...

ആരോഗ്യകരമായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.  ഇല്ലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ മുടിക്ക് വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 

രണ്ട്...

ശിരോചർമ്മം മസാജ് ചെയ്യുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.  വിരലഗ്രം വച്ചു ശിരോചർമ്മം നന്നായി മസാജ് ചെയ്യാം. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.  ഇതു രക്തചംക്രമണം വർധിപ്പിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.

മൂന്ന്...

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാനും മറക്കരുത്. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. 

നാല്...

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

അഞ്ച്... 

മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലം നല്ലതല്ല. 

ആറ്...

ദിവസവും പത്തുമിനിറ്റില്‍ കൂടുതൽ മുടി ചീവാതിരിക്കാൻ ശ്രദ്ധിക്കണം. നനഞ്ഞിരിക്കുമ്പോൾ മുടി ചീവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഏഴ്...

മാനസിക സമ്മര്‍ദ്ദം മൂലവും തലമുടി കൊഴിയാം. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. ദിവസവും ആറ് മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നതും തലമുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

Also Read: തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ കറ്റാർവാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം...