Asianet News MalayalamAsianet News Malayalam

'സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ ഫുള്‍ എ പ്ലസ് ഒരു മാനദണ്ഡമേയല്ല'; അനുഭവം വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്

'ഇന്ന് ആരെങ്കിലും എവിടെയെങ്കിലും എ പ്ലസ് കുറഞ്ഞ് പോയതിന്റെ വിഷമത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ, അവരെ ചേർത്ത് പിടിച്ചു പറയൂ അവർ മറ്റുള്ളവരെക്കാൾ ഒട്ടും മോശമല്ല എന്ന്' - നൗഫിറ പറയുന്നു. 

a doctor's facebook post on sslc results
Author
Malappuram, First Published May 7, 2019, 1:05 PM IST

മലപ്പുറം: പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നാല്‍ മുമ്പൊക്കെ ആദ്യം ചോദിക്കുന്നത് ജയവും തോല്‍വിയുമാണ്. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും അറിയേണ്ടത് എ പ്ലസുകളുടെ എണ്ണമാണ്. കുട്ടികളുടെ അധ്വാനത്തെ എ പ്ലസിന്‍റെ തൂക്കം നോക്കി വിലയിരുത്തുന്ന രീതിക്ക് മറുപടി നല്‍കുകയാണ് ഒരു ഡോക്ടര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫുള്‍ എ പ്ലസ് ജീവിത വിജയത്തിന്‍റെ മാന‍ദണ്ഡമല്ല എന്ന് വ്യക്തമാക്കുന്ന അനുഭവം ഡോക്ടര്‍ നൗഫിറ ഇജാസ് വെളിപ്പെടുത്തുന്നത്.

'ഇന്ന് ആരെങ്കിലും എവിടെയെങ്കിലും എ പ്ലസ് കുറഞ്ഞ് പോയതിന്റെ വിഷമത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ, അവരെ ചേർത്ത് പിടിച്ചു പറയൂ അവർ മറ്റുള്ളവരെക്കാൾ ഒട്ടും മോശമല്ല എന്ന്. സ്വപ്നങ്ങളെ സ്വന്തമാക്കാൻ ഫുൾ എ പ്ലസ് ഒന്നും ഒരു മാനദണ്ഡമേ അല്ല'-നൗഫിറ പറയുന്നു. 

നൗഫിറയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഒമ്പത് കൊല്ലം മുൻപ് ഇതു പോലൊരു ദിവസം എന്റെയും റിസൾട്ട് വരുമ്പോൾ അത് വരെ ഉണ്ടായിരുന്ന എന്റെ ചിരി പവർ കട്ട് വന്ന പോലെ ഒറ്റ സെക്കന്റിൽ കെട്ട്‌ പോയിരുന്നു. 
കാര്യം ഒരു എ പ്ലസ് പോയി എ ആയിപ്പോയതാണ്. പോരാത്തതിന് റിസൾട്ട് വരുന്ന ദിവസം നേരെ മുന്നിലുള്ള കുടുംബവീട്ടിൽ ഒരു സൽക്കാരം നടക്കുന്നു. പോരേ പൂരം! കുടുംബക്കാരായ കുടുംബക്കാരൊക്കെ ഞാൻ തോറ്റു പോയ പോലെയാണ് അങ്ങോട്ടുമിങ്ങോട്ടും കുശുകുശുക്കുന്നത്. ഞാൻ പതുക്കെ ബിരിയാണിയും കഴിച്ച് വീട്ടിലോട്ടു ചെന്നപ്പോ അവിടെ എന്നെ തൂക്കിക്കൊല്ലാൻ പാകത്തിൽ ഉമ്മ.

"സാരി ഉടുത്തു പഠിച്ച വകയിലെ എ പ്ലസ് ഒന്നും ഇല്ലേ??" (മോഡൽ പാർലമെന്റ്നു പോയതിനു ഗ്രേസ് മാർക്ക് ഇല്ലേ ന്നാണ്)

"ഇല്ല" (ബിരിയാണി തിന്ന കൈ വീണ്ടും മണപ്പിച്ചു നോക്കുന്നു)

"നന്നായി" (പത്ത് പൈസക്ക് എന്നെ കൊള്ളൂല്ല എന്ന്!)

"ഞാൻ പറഞ്ഞ സ്കൂളിൽ അഡ്മിഷൻ കിട്ടാൻ ഇത് മതിയല്ലോ" (അല്ലെങ്കിലിപ്പോ ഇതിങ്ങനെ കൊട്ടയിലാക്കി ലേലത്തിന് വിക്കാൻ പോവല്ലേ!)

"കുടുംബക്കാര്‍ക്കും നാട്ടുകാർക്കും ഒക്കെ കളിയാക്കി ചിരിക്കാൻ ഇതിലും വലുത് വേണ്ടല്ലോ" (അങ്ങനെ ചിരിച്ചിട്ടെങ്കിലും അവരുടെ ആയുസ് നീണ്ട് പൊയ്ക്കോട്ടേ എന്നല്ല!)

"അതിന് ഈ പറയുന്നവരൊക്കെ പണ്ട് എസ്എസ്എൽസിക്ക് റാങ്ക് വാങ്ങിച്ച ആൾക്കാരാണല്ലോ അല്ലേ!"
(പത്താം ക്ലാസ് കണ്ടവരുണ്ടോ എന്ന് ചോദിക്കണം! ഉമ്മ തന്നെ കണ്ടിട്ടില്ല. എന്നിട്ടാണ്!)

"തുടങ്ങി ഓളെ തർക്കുത്തരം. നോക്കിക്കോ രണ്ട് കൊല്ലം ഏത് സ്ക്കൂളിൽ പോയാലും വേണ്ടില്ല, പ്ലസ് റ്റു കഴിഞ്ഞാ ഏതെങ്കിലും ചെക്കനെ കൊണ്ട് നിൻറെ ഏട്ടത്തിനെ കെട്ടിച്ചത് പോലെ നിന്നേം കെട്ടിക്കും. ഈ തർക്കുത്തരം ഒക്കെ അന്നത്തോടെ 
നിക്കും." (ഇത് മലപ്പുറത്തെ സ്ഥിരം ഐറ്റം ആണ്. ഇതിലൊന്നും നമ്മള് കുലുങ്ങൂല കേട്ടോ!)

"അങ്ങനെ തോന്നുമ്പോ എന്നെ കെട്ടിച്ചു കൊടുക്കാൻ ഞാൻ ങ്ങളെ പശു അല്ലല്ലോ." (പശു ഞാൻ എന്ത് ചെയ്തിട്ടാണ് എന്ന പോലെ എന്നെ വെറുതെ ഒന്ന് നോക്കി).

ഇതിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും പറഞ്ഞ് ഉമ്മ അപ്പുറത്ത് പോയി.

ഇന്ന് റിസൾട്ട് വന്ന പല വീടുകളിലും ഇങ്ങനെയൊക്കെ ചില പൊട്ടലും ചീറ്റലും നടക്കും. ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ എ പ്ലസ് പോയി എന്ന പേരും പറഞ്ഞ് കുട്ടികളുടെ ഉള്ള സന്തോഷവും തല്ലിക്കെടുത്തുന്ന 
ഒരു തരം ആചാരം ആയിപ്പോയി ഇതും. പത്തെണ്ണം ഇല്ലെങ്കിൽ എന്തോ വലിയ കുറച്ചിലാണ്. 
സത്യം പറഞ്ഞാൽ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടണം എന്നല്ലാതെ ഈ എ പ്ലസ് കൊണ്ട് മറ്റെന്തെങ്കിലും ഉപകാരം ഉണ്ടോ?

അവനവന്റെ കഴിവുകളെ കുറിച്ച് ബോധമുണ്ടാവുക എന്നതിലപ്പുറം ഇതൊന്നും ആരുടെയും ഒന്നിന്റെയും അവസാന വാക്കല്ല. 
ഇന്ന് ആരെങ്കിലും എവിടെയെങ്കിലും എ പ്ലസ് കുറഞ്ഞ് പോയതിന്റെ വിഷമത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ, അവരെ ചേർത്ത് പിടിച്ചു പറയൂ അവർ മറ്റുള്ളവരെക്കാൾ ഒട്ടും മോശമല്ല എന്ന്. സ്വപ്നങ്ങളെ സ്വന്തമാക്കാൻ ഫുൾ എ പ്ലസ് ഒന്നും ഒരു മാനദണ്ഡമേ അല്ല എന്ന്. എല്ലാത്തിലും ഉപരിയായി നല്ല മനുഷ്യരാവുക എന്നതാണ് പ്രധാനമെന്ന്. എന്തുവന്നാലും ഞങ്ങൾ കൂടെ ഉണ്ടാവുമെന്ന്.
അതാണ് അന്ന് ഞാനും കേൾക്കാൻ കൊതിച്ചത്.

Follow Us:
Download App:
  • android
  • ios