ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുഷാന്ത് നന്ദ ഇന്ന് രാവിലെ പങ്കുവച്ച ഒരു മനോഹര വീഡിയോ ആണ് ട്വിറ്ററിലെ തരംഗം. കാട്ടിലെ കുളങ്ങളിലൊന്നില്‍ വെള്ളം കുടിക്കാനെത്തിയ കടുവയും കുടുംബവുവാണ് വീഡിയോയില്‍. അമ്മയും മൂന്ന് മക്കളും കുളത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന 14 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. 

കൊല്ലാര്‍വാലി എന്ന ബംഗാള്‍ പെണ്‍കടുവയും മക്കളുമാണിത്. ജനുവരിയിലാണ് പെഞ്ച് ടൈഗര്‍ റിസര്‍വില്‍ വച്ച് കടുവ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. വീഡിയോ പങ്കുവച്ചതിനൊപ്പം കടുവകളെക്കുറിച്ചുള്ള ഒരു ചെറുവിവരവും നന്ദ നല്‍കുന്നുണ്ട്. 

ഭക്ഷണമില്ലാതെ രണ്ടാഴ്ച കടുവകള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. എന്നാല്‍ വെള്ളമില്ലാതെ നാല് ദിവസത്തില്‍ കൂടുതല്‍ അവയ്ക്ക് ജീവിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. 

ഇതുവരെ അയ്യായിരത്തിലേറെപ്പേരാണ് വീഡിയോ കണ്ടത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി പരന്നുകിടക്കുന്നതാണ് പെഞ്ച് ടൈഗര്‍ റിസര്‍വ്. 292.8 കിലോമീറ്ററാണ് ഇതിന്‍റെ വിസ്തീര്‍ണം. 1977 ലാണ് ഈ കടുവ സങ്കേതം സ്ഥാപിച്ചത്.