മലയാളികളെ സംബന്ധിച്ച് അത്രമാത്രം കേട്ട് പരിചയമുള്ള ഒരു വാക്ക് ആയിരിക്കില്ല 'റിവഞ്ച് പോണ്‍'. എന്നാല്‍ യുവാക്കള്‍ക്കിടെ ഒരുപക്ഷേ ഈ പദം പരിചിതമായിരിക്കാനും സാധ്യതയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈരാഗ്യം തീര്‍ക്കാന്‍ ഒരു വ്യക്തിയെ ലൈംഗികമായി ചിത്രീകരിക്കുന്നതിനെ 'റിവഞ്ച് പോണ്‍' എന്ന് വിളിക്കാനാകും. 

കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഓര്‍മ്മിപ്പിക്കാം. കാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും അവളറിയാതെ കാമുകന്‍ ഫോണില്‍ പകര്‍ത്തി. പ്രണയബന്ധം തുടരുന്നതിനിടെ തന്നെ ഈ ചിത്രങ്ങളും വീഡിയോയും കാണിച്ച് അവളെ ബ്ലാക്ക്‌മെയില്‍ ചെയ്തു. ഇതോടെ പെണ്‍കുട്ടി ബന്ധമുപേക്ഷിച്ചു. അതിന് ശേഷം അയാള്‍ ഈ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തി. ഇതിനൊപ്പം കാമുകിയുടേയും അവളുടെ അച്ഛന്റേയും പേരുവിവരങ്ങള്‍ കൂടി അയാള്‍ ഉള്‍പ്പെടുത്തി. 

എന്നാല്‍ ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ പെണ്‍കുട്ടിയും കുടുംബവും തീരുമാനിച്ചു. അങ്ങനെ പ്രതിയായ യുവാവിന് അഞ്ച് വര്‍ഷം തടവും പിഴയും കോടതി വിധിച്ചു. ഇത് 'റിവഞ്ച് പോണ്‍' എന്നതിന് ഒരുദാഹരണമെന്ന നിലയ്ക്ക് ചൂണ്ടിക്കാട്ടിയെന്ന് മാത്രം. എന്നാല്‍ ഇത്തരത്തില്‍ വൈരാഗ്യം തീര്‍ക്കാനായി ലൈംഗികമായി ഉപയോഗിക്കുന്നത് മാത്രമല്ല 'റിവഞ്ച് പോണ്‍' എന്നാണ് പുതിയൊരു പഠനം പറയുന്നത്. ഓസ്‌ട്രേലിയയിലെ പബ്ലിക് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയായ ആര്‍എംഐടിയില്‍ ക്രിമിനോളജിസ്റ്റായ അനസ്താസ്യ പവലിന്റെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നത് പൂര്‍വ്വവൈരാഗ്യമോ ദേഷ്യമോ മാത്രമല്ല ഒരാളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അതിനെ പരസ്യപ്പെടുത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും പ്രേരിപ്പിക്കുന്നത് എന്നാണ്. 

ചില സാഹചര്യങ്ങളില്‍ പരിചയം പോലുമില്ലാത്തവരാകാം ഇത്തരത്തില്‍ ചെയ്യുന്നത്. അതല്ലെങ്കില്‍ അപ്രതീക്ഷിതമായി വളരെ അടുപ്പമുള്ള ബന്ധുവോ സുഹൃത്തോ ഇങ്ങനെ ചെയ്‌തേക്കാം. അതായത്, അടിസ്ഥാനപരമായി ഇത് ഇരയെ കണ്ടെത്തുന്നയാളുടെ മാനസികാവസ്ഥയെ അനുസരിച്ചിരിക്കുമെന്ന്. 2000 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ മൂന്നിലൊരാളെങ്കിലും ഇങ്ങനെയുള്ള ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടത്രേ. 2016ല്‍ ഇത് അഞ്ചിലൊരാള്‍ എന്ന തോതിലായിരുന്നു ഉണ്ടായിരുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

20 മുതല്‍ 29 വയസ് വരെയുള്ളവരാണ് പ്രധാനമായും ഇങ്ങനെയുള്ള 'റിവഞ്ച് പോണ്‍'ന് ഇരയാകുന്നതത്രേ. സോഷ്യല്‍ മീഡിയയാണ് പലപ്പോഴും കുറ്റം നടക്കാനുള്ള പശ്ചാത്തലമൊരുക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.