മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമി. പലപ്പോഴും തന്റെ മികവ് കൊണ്ട് മറ്റ് ജീവികളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നവനാണ് മനുഷ്യന്‍. അപ്പോഴും കരുതലിന്റെയോ സ്‌നേഹത്തിന്റെയോ ഒരു തുള്ളി നനവ് അവന് മനസില്‍ സൂക്ഷിക്കാവുന്നതാണ്. പക്ഷേ, അതിന് പോലും തയ്യാറല്ലെന്നാണ് പുതിയ കാലത്തെ മനുഷ്യന്‍ തെളിയിക്കുന്നത്. 

മനസില്‍ ചോരാതെ സൂക്ഷിക്കാവുന്ന ആ ഒരു തുള്ളി നനവിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് ഈ ചെറു വീഡിയോ. ദാഹിച്ചുവലഞ്ഞ തെരുവുപട്ടിക്ക് ടാപ്പില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്ത് നല്‍കുന്ന വൃദ്ധന്‍. അദ്ദേഹം വെള്ളമെടുത്ത് വരുന്നത് വരെ ക്ഷമയോടെ കാത്തുനില്‍ക്കുകയാണ് പട്ടി. ശേഷം അത് കയ്യില്‍ നിന്ന് തന്നെ വാങ്ങിക്കുടിക്കുന്നു. വെറും 19 സെക്കന്‍ഡ് മാത്രമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് ഇത്രയും മനോഹരമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ സാധ്യമാകുമോ എന്ന് ഇത് ചിന്തിപ്പിക്കുന്നു. 

നമുക്ക് വേണ്ടി തിരിച്ചെന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത ഒരാളെപ്പോലും നമുക്ക് കരുതുകയും, ചേര്‍ത്തുനിര്‍ത്തുകയും ചെയ്യാമെന്ന് ഈ വീഡിയോ പഠിപ്പിക്കുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആയിരക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.