''ആ ചെടിയില്‍ മറ്റാരെങ്കിലും വെള്ളമൊഴിച്ചാല്‍ ഞാന്‍ അവരോട് വഴക്കിടുമായിരുന്നു. കാരണം എനിക്ക് തന്നെ അതിന് വെള്ളമൊഴിക്കുകയും അതിനെ നന്നായി സംരക്ഷിക്കുകയും വേണമായിരുന്നു...''
കാലിഫോര്‍ണിയ: വര്‍ഷങ്ങളായി വീട്ടില്‍ വളര്‍ത്തുന്ന ചെടിയാണ്. എന്നും രാവിലെ അതിന് വെള്ളമൊഴിക്കും. അതിനെ പരിപാലിക്കും. രണ്ട് വര്‍ഷമായി സീലി വില്‍ക്കെസിന് ഇത് തന്‍റെ ദിനചര്യയുടെ ഭാഗമാണ്. എന്നാല്‍ ഇത്രയും നാള്‍ താന്‍ വെള്ളമൊഴിച്ചുകൊണ്ടിരുന്ന ചെടി പ്ലാസ്റ്റിക് ആണെന്ന് വില്‍ക്കെസ് അറിഞ്ഞത് ഈയിടെയാണ്. തനിക്ക് പറ്റിയ അബദ്ധം വലിയ നിരാശയോടെയാണ് വില്‍ക്കെസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.
''കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍റെ കയ്യിലുള്ളതാണ് ഈ സക്യുലന്‍റ്. ഈ ചെടിയില്‍ എനിക്ക് വലിയ അഭിമാനമായിരുന്നു. അത് നല്ല ഭംഗിയുള്ള നിറമുള്ളതായിരുന്നു. എനിക്ക് അതിന് വെള്ളം നനക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ആ ചെടിയില്‍ മറ്റാരെങ്കിലും വെള്ളമൊഴിച്ചാല്‍ ഞാന്‍ അവരോട് വഴക്കിടുമായിരുന്നു. കാരണം എനിക്ക് തന്നെ അതിന് വെള്ളമൊഴിക്കുകയും അതിനെ നന്നായി സംരക്ഷിക്കുകയും വേണമായിരുന്നു...'' ഇങ്ങനെയാണ് അവരുടെ ഫേസ്ബുക്ക് പോസ്റ്റ്...
അതിനുണ്ടായിരുന്ന ചട്ടി മാറ്റി മറ്റൊരു ഭംഗിയുള്ള ചട്ടി വയ്ക്കാന്‍ തീരുമാനിച്ച വില്‍ക്കെസ് മണ്ണുമാറ്റുമ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. ഇത്രയും നാള്‍ മണ്ണിലായിരുന്നില്ല ആ ചെടി ഉണ്ടായിരുന്നതെന്നും അത് വെറും പ്ലാസ്റ്റിക് ആണെന്നും അവര്‍ക്ക് മനസ്സിലായത് അപ്പോള്‍ മാത്രമാണ്.
''ഞാന്‍ അതിനെ വളരെയധികം ഇഷ്ടപ്പെട്ടു. ഇലകള്‍ പോലും കഴുകുമായിരുന്നു. എന്നാല്‍ എങ്ങനെയാണ് അതൊരു പ്ലാസ്റ്റിക് ആണെന്ന് ഞാന്‍ അറിയാതെ പോയത് ? '' വില്‍ക്കെസ് സ്വയം അത്ഭുതപ്പെട്ടു. ഇത്രയും നാള്‍ എന്‍റെ മുന്നില്‍ ഉണ്ടായിരുന്നത് വലിയൊരു നുണയായിരുന്നുവെന്നും അവര്‍ കുറിച്ചു.
