പ്രസവ ബില്ലടയ്ക്കാന്‍ പണമില്ലാഞ്ഞതിനെ തുടര്‍ന്ന് നിര്‍ധനരായ ദളിത് ദമ്പതികളെക്കൊണ്ട് നവജാതശിശുവിനെ വില്‍പന നടത്തിച്ച കേസില്‍ ആശുപത്രിക്കെതിരെ നടപടി. ആഗ്രയിലെ ജേ-പി ആശുപത്രിക്കെതിരെയാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുകയും ഇതിന് ശേഷം ആശുപത്രി പൂട്ടി സീല്‍ വയ്ക്കുകയുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. 

ഇക്കഴിഞ്ഞ 24നാണ് ജേ-പി ആശുപത്രിയില്‍ വച്ച് ശിവ് ചരണ്‍- ബബിത ദമ്പതികള്‍ക്ക് ആറാമതൊരു കുഞ്ഞ് കൂടി പിറന്നത്. സിസേറിയനായിരുന്നതിനാല്‍ മുപ്പതിനായിരം രൂപ, ആ ഇനത്തിലും 5,000 രൂപ മരുന്നിനത്തിലും അടയ്ക്കണമെന്ന് ആശുപത്രി ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ റിക്ഷാവാലയായ ശിവ് ചരണിന് ഇത്രയും തുക കണ്ടെത്താനായില്ല. ഇക്കാര്യം അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ശിവ് ചരണ്‍ പറയുന്നത്. മറ്റ് നിവൃത്തിയില്ലാതെ അവര്‍ നല്‍കിയ ചില കടലാസുകളില്‍ താന്‍ ഒപ്പുവച്ചെന്നും ഇതോടെയാണ് കുഞ്ഞിനെ തങ്ങള്‍ വിറ്റിരിക്കുകയാണെന്ന് മനസിലായതെന്നും ഇവര്‍ പറയുന്നു. 

ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ശിവ് ചരണ്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ എടുത്ത ശേഷം മറ്റൊന്നും പറയാതെ, ഡിസ്ചാര്‍ജ് പേപ്പര്‍ പോലും തരാതെ തങ്ങളെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം തങ്ങള്‍ കുഞ്ഞിനെ വില്‍പന നടത്താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ദമ്പതികള്‍ സ്വമേധയാ കുഞ്ഞിനെ ദത്ത് നല്‍കിയതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവം ഗൗരവമായി എടുക്കുമെന്നം നല്ല രീതിയില്‍ അന്വേഷണം നടത്തുമെന്നും നേരത്തേ ജില്ലാ മജിസ്‌ട്രേറ്റും അറിയിച്ചിരുന്നു. 

അഞ്ച് കുഞ്ഞുങ്ങളുടെ അമ്മയായ ബബിത ആറാമതും ഗര്‍ഭിണിയായപ്പോള്‍, സര്‍ക്കാര്‍ സഹായം പോലും ലഭിച്ചില്ലെന്നും പതിനെട്ട് വയസ് പ്രായമായ മൂത്ത മകന്റെ താല്‍ക്കാലിക ജോലി ലോക്ഡൗണ്‍ ആയതോടെ നഷ്ടപ്പെട്ടതിനാല്‍ കുടുംബം ദുരിതത്തിലാണെന്നും ശിവ് ചരണ്‍ പറയുന്നു. ഇതിനിടെയാണ് ഭാരിച്ച പ്രസവ ബില്ലിന്റെ ബാധ്യത കൂടി തന്റെ തലയിലായതെന്നും അദ്ദേഹം പറയുന്നു.

Also Read:- കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ; പിന്നാലെ ബൈക്കും മൊബൈലും വാങ്ങി, അറസ്റ്റ്...