ആര്‍ക്കും ആരോടും പ്രണയം തോന്നാം. മനസിനും ശരീരത്തിനും ഏറ്റവും സന്തോഷം നല്‍കുന്ന അവസ്ഥ കൂടിയാണ് പ്രണയം. സംഗതി ഇങ്ങനെ 'കളര്‍' ആണെങ്കിലും പ്രണയം തുറന്നുപറയുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. അക്കാര്യത്തില്‍ പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കുമൊന്നും മറുത്തൊരു അഭിപ്രായം കാണാന്‍ സാധ്യതയില്ല. 

പ്രണയം തുറന്നുപറയുന്ന ആ നിമിഷത്തെ നെഞ്ചിടിപ്പും പേടിയും ആശങ്കയുമൊക്കെ വര്‍ഷങ്ങളോളം മനസില്‍ സൂക്ഷിക്കുന്നവരുണ്ട്. അല്ലെങ്കില്‍ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുമ്പോഴേക്ക് അന്നത്തെ അതേ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നവരാണ് അധികം പേരും. 

അതുകൊണ്ട് തന്നെ അത്തരം ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാനും രസമാണ്. ഇവിടെയിതാ അതുപോലൊരു രസകരമായ പങ്കുവയ്ക്കല്‍ നടത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ താരം ആയുഷ്മാന്‍ ഖുറാന. ഭാര്യ താഹിറ കശ്യപിനോട് എങ്ങനെയാണ് പ്രണയം തുറന്നുപറഞ്ഞതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രണയവാര്‍ഷികത്തില്‍ ആയുഷ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

'2001ലായിരുന്നു അത്, ഞങ്ങള്‍ ബോര്‍ഡ് എക്‌സാമിനുള്ള തയ്യാറെടുപ്പിലായിരുന്നു. സമയം, പുലര്‍ച്ചെ 1.48. ഞാന്‍ ഫോണിലൂടെ അവളോടെന്റെ പ്രണയം തുറന്നുപറഞ്ഞു. അപ്പോള്‍ എന്റെ സ്റ്റീരിയോയില്‍ നിന്ന് ബ്രിയാന്‍ ആഡംസിന്റെ ഇന്‍സൈഡ് ഔ്ട് എന്ന പാട്ട് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. 19 വര്‍ഷം കടന്നുപോയിരിക്കുന്നു അതിന് ശേഷം...'- ഇതായിരുന്നു ആയുഷ്മാന്‍ പങ്കുവച്ച കുറിപ്പ്. 

ഒപ്പം താഹിറയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതും ആയുഷ്മാന്‍ ചേര്‍ത്തുവച്ചിരുന്നു. പ്രമുഖരടക്കം നിരവധി പേരാണ് മനോഹരമായ കുറിപ്പിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്.