എത്ര മുതിര്‍ന്നാലും അമ്മമാര്‍ക്ക് മക്കള്‍, എപ്പോഴും തന്റെ ചെറിയ കുഞ്ഞായിരിക്കും. അതിനാല്‍ത്തന്നെ അവരെ ചെറുപ്പമായി കാണാനാണ് അവരാഗ്രഹിക്കുന്നത്
മാതൃദിനത്തില്‍ അമ്മമാരെ ഓര്‍ത്തും അവര്‍ക്ക് ആശംസകളയച്ചും സമ്മാനങ്ങള്‍ നല്‍കിയുമെല്ലാം താരങ്ങള്‍ ആഘോഷിക്കുമ്പോള്‍, അമ്മയ്ക്ക് വ്യത്യസ്തമായ സമ്മാനവുമായി എത്തിയിരിക്കുകയാണ് നടന്‍ മാധവന്‍. എത്ര മുതിര്‍ന്നാലും അമ്മമാര്‍ക്ക് മക്കള്‍, എപ്പോഴും തന്റെ ചെറിയ കുഞ്ഞായിരിക്കും. അതിനാല്‍ത്തന്നെ അവരെ ചെറുപ്പമായി കാണാനാണ് അവരാഗ്രഹിക്കുന്നത്.
ആണ്‍മക്കളാണെങ്കില്‍ താടിയോ മുടിയോ നീട്ടിവളര്‍ത്തുന്നതില്‍ മിക്ക അമ്മമാര്‍ക്കും വിയോജിപ്പായിരിക്കും. അതിനാല്‍ എത്രനാള്‍ അങ്ങനെ നടന്നാലും അമ്മമാരെ കാണാന്‍ പോകുമ്പോള്‍ താടിയും മുടിയുമെല്ലാം വെട്ടിയൊതുക്കിയാണ് ഭൂരിഭാഗം ആണ്‍മക്കളും പോവുക. ചിലരാണെങ്കില്‍ അമ്മമാര്‍ ആവശ്യപ്പെട്ടാലും 'ലുക്ക്' മാറ്റാന്‍ തയ്യാറാകില്ല.
ഇതുതന്നെയാണ് മാധവന്റെയും വിഷയം. രണ്ട് വര്‍ഷമായി അമ്മ നിരന്തരം ആവശ്യപ്പെടുന്ന കാര്യം, ഒടുവില്‍ ഇതാ ഈ മാതൃദിനത്തില്‍ അമ്മയ്ക്ക് വേണ്ടി ചെയ്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ക്ലീന്‍ ഷേവ് ചെയ്ത പുതിയ 'ലുക്ക്' ഇന്‍സ്റ്റഗ്രാമിലൂടെ മാധവന്‍ പങ്കുവച്ചു.
അമ്മയ്ക്ക് വേണ്ടിയാണ് താടിയെടുത്തതെങ്കിലും, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കൈനിറയെ 'കോംപ്ലിമെന്റ്‌സ്' ആണ് കിട്ടുന്നത്. വയസ് 48 ആയിട്ടും എങ്ങനെ ഇങ്ങനെ ചെറുപ്പമായിരിക്കാന്‍ സാധിക്കുന്നുവെന്നും, ഇതിന്റെ രഹസ്യം ഒന്ന് പറഞ്ഞുതരാമോയെന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നു.
'റോക്കട്രി; ദ നമ്പി എഫക്ട്' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അവസാനവട്ട ജോലികളിലാണ് മാധവനിപ്പോള്‍. ഐഎസ്ആര്‍ഒ ചാരക്കേസ് പ്രമേയമാക്കിയുള്ള ചിത്രത്തില്‍ നമ്പി നാരായണനായിട്ടാണ് മാധവനെത്തുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് മാധവന്‍ തന്റെ താടി നീട്ടിവളര്‍ത്തിയതെന്നും സൂചനയുണ്ട്.
എന്തായാലും മാധവന്റെ നമ്പി നാരായണന്‍ ലുക്കിന് നേരത്തേ സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടി കിട്ടിയിരുന്നു.
