സിനിമാ- മോഡലിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന താരങ്ങള്‍ക്ക് എപ്പോഴും ശരീരസൗന്ദര്യത്തെ പറ്റി ബോധവാന്മാരും ബോധവതികളുമായേ പറ്റൂ. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവയ്ക്കുമ്പോള്‍ പോലും ഇക്കാര്യങ്ങളെല്ലാം കൃത്യമായും സൂക്ഷിണമെന്ന അവസ്ഥയാണ്. അല്ലെങ്കില്‍ ഉടന്‍ തന്നെ ചോദ്യങ്ങളെത്തും. തടിച്ചോ, മെലിഞ്ഞോ, വയസ്സായോ എന്ന് തുടങ്ങി പല രീതികളിലായി 'ബോഡിഷെയിമിംഗ്' ആണ്. 

നേരത്തെ ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, വിദ്യാ ബാലനും, സമീറ റെഡ്ഡിക്കുമെല്ലാം എതിരെ സോഷ്യല്‍ മീഡിയയില് ഇത്തരത്തില്‍ 'ബോഡിഷെയിമിംഗ്' നടന്നിട്ടുണ്ട്. ഇപ്പോഴിതാ 'ക്വീന്‍' എന്ന കങ്കണ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ലിസ ഹെയ്ഡനെതിരെയും സോഷ്യല്‍ മീഡിയയില്‍ 'ബോഡിഷെയിമിംഗ്' നടക്കുകയാണ്. 

കുട്ടിയുടുപ്പിട്ട്, ഒരു സ്റ്റെപ്പിലിരിക്കുന്ന ചിത്രമാണ് ലിസ ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൊതുവേ, മെലിഞ്ഞ ശരീരപ്രകൃതമാണ് ലിസ ഹെയ്ഡന്റേത്. ചിത്രത്തില്‍ ധരിച്ചിരിക്കുന്ന വസ്ത്രം അത് കുറേക്കൂടി പ്രകടമാക്കുന്നതായിരുന്നു. എന്നാല്‍ വൈകാതെ തന്നെ കമന്റുകളിലൂടെ ആക്രമണം തുടങ്ങി.  'പട്ടിണിയാണോ?', 'വല്ലതുമൊക്കെ കഴിച്ചൂടെ?', 'പോഷകാഹാരക്കുറവാണോ?'... എന്നിങ്ങനെയെല്ലാമാണ് ചോദ്യങ്ങള്‍. 

എന്നാല്‍ ഇതിനിടെ ലിസയ്ക്ക് വേണ്ടി വാദിച്ചുകൊണ്ടും ചിലര്‍ കമന്റ് ബോക്‌സില്‍ ഹാജരായി. ഇതോടെ വിവാദം പേടിച്ച് പലരും തങ്ങളുടെ മോശം കമന്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഇതെക്കുറിച്ച് ലിസയുടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ 'ബോഡിഷെയിമിംഗ്'ന് ഇരയായ നടിമാരെല്ലാം തന്നെ ശക്തമായ നിലപാടുകളുമായി പിന്നീട് മുന്നോട്ടുവന്നിരുന്നു.