ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അമേരിക്ക അഭയം നൽകാമെന്ന് ഡൊണാൾഡ് ട്രംപ്.  

വാഷിങ്ടൺ : ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധ സാഹചര്യത്തിൽ താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് ദുരന്തത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോൾ മൗനം പാലിച്ച താരങ്ങളാണ് പ്രതിസന്ധിയിലായത്. താരങ്ങളുടെ നടപടി രാജ്യദ്രോഹമാണെന്ന് ഇറാന്റെ ആഭ്യന്തര തലത്തിലുള്ള തീവ്രവാദ വിഭാഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിലെ അഞ്ച് അംഗങ്ങൾ ഹോട്ടലിൽ നിന്നും മാറിയത്. ഇറാനിൽ തിരിച്ചെത്തിയാൽ ഇവർ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ്.

വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെയാണ് അമേരിക്കയുടെ ഇടപെടൽ. ഈ താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കാൻ നിർബന്ധിക്കുന്നത് വലിയ തെറ്റാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറാൻ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റർ ആന്റണി അൽബനീസിനെ ഫോണിൽ വിളിച്ച ട്രംപ്, ടീം അംഗങ്ങളെ തിരിച്ചയക്കരുതെന്നും അഭയം നൽകണമെന്നും ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ തയ്യാറല്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണെന്നും ട്രംപ് കുറിച്ചു.