വേട്ടക്കാരുടെ ഭീഷണിയെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുമ്പ് നമീബിയയിൽ നിന്ന് ആനക്കൂട്ടത്തെ രക്ഷപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ ജനിക്കുന്ന ആറാമത്തെ കുട്ടിയാനയാണിത്.
മെക്സിക്കോ: മെക്സിക്കോയിലെ പ്യൂബ്ലയിലെ ആഫ്രിക്കം സഫാരി പാർക്കിൽ കഴിഞ്ഞ ദിവസം ജനിച്ച ആഫ്രിക്കൻ കുട്ടിയാനക്ക് സൂം എന്ന് പേര് നൽകിയിരിക്കുകയാണ് അധികൃതർ. ഇങ്ങനെയൊരു പേര് നൽകാൻ മറ്റൊരു കാരണം കൂടിയുണ്ട്. സൂം ആപ്പിലൂടെയാണ് ഈ ആഫ്രിക്കൻ കുട്ടിയാനയുടെ ജനനം തത്സമയം പുറംലോകം കണ്ടത്. വേട്ടക്കാരുടെ ഭീഷണിയെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുമ്പ് നമീബിയയിൽ നിന്ന് ആനക്കൂട്ടത്തെ രക്ഷപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ ജനിക്കുന്ന ആറാമത്തെ കുട്ടിയാനയാണിത്.
ആനയുടെ ജനനം കാണുക എന്നത് വളരെ പ്രയാസകരമായ ഒന്നാണെന്ന് ആഫ്രിക്കം സഫാരി പാർക്ക് ഡയറക്ടർ ഫ്രാങ്ക് കാർലോസ് കാമാച്ചോ പറഞ്ഞു. അതേ സമയം ശാസ്ത്രലോകത്തിന് വളരെ പ്രയോജനപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആനകളെ തിരികെ ആഫ്രിക്കൻ കാടുകളിലേക്ക് തന്നെ മടക്കി അയക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.
അവർ നമ്മുടെ സ്വന്തമല്ല, ലോകത്തിന്റതാണ്. അവർ ആഫ്രിക്കയിലായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ നിലവിലെ അവസ്ഥ വളരെ ബുദ്ധിമുട്ടാണ്. കാമാച്ചോ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് തൊഴിൽ ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും അവർ ബദൽ മാർഗങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
