അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാൾ ഭാര്യക്ക് വേണ്ടി അവസാനമായി എഴുതിവച്ച കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണിപ്പോൾ. ഡാൺബറി സ്വദേശിയായ ജൊനാഥൻ കൊയ്‍ലോയാണ് മരണം ഉറപ്പിച്ചതോടെ ആശുപത്രിക്കിടക്കയിൽ വച്ച് തന്‍റെ ഫോണിൽ ഭാര്യക്ക് വേണ്ടി ഹൃദയഭേദകമായ കുറിപ്പെഴുതിയത്.

മാര്‍ച്ച് 26നാണ് ജൊനാഥൻ  കൊയ്‍ലോയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 22 ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. 28 ദിവസം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇതിൽ 20 ദിവസം തീവ്രപരിചരണ വിഭാഗത്തിലും. ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ജൊനാഥന്‍ ആശുപത്രിക്കിടക്കയിൽ പോരാടുമ്പോള്‍ ഭാര്യ കെയ്റ്റി വീട്ടില്‍ പ്രാര്‍ഥനയിലായിരുന്നു. 

പക്ഷേ എല്ലാ പ്രതീക്ഷകളേയും തട്ടിമറിച്ചുകൊണ്ട്  ആശുപത്രിയില്‍  നിന്ന് കെയ്റ്റിയെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയായിരുന്നു. ആ യാഥാർത്ഥ്യത്തോട് അവർക്ക് പൊരുത്തപ്പെട്ടേ മതിയാകുമായിരുന്നുള്ളൂ. കാരണം തന്നെത്തന്നെ ആശ്രയിച്ച് രണ്ട് കുഞ്ഞുങ്ങൾ കൂടി അവർക്കുണ്ട്. രണ്ട് വയസ്സുകാരനായ ബ്രെയ്ഡനും പത്തു മാസം മാത്രം പ്രായമുള്ള പിനിലോപ് എന്ന കുഞ്ഞുമകളും ഇപ്പോഴും അച്ഛന്‍റെ വേർപാടിനെ കുറിച്ചറിഞ്ഞിട്ടില്ല. അവരെ വളർത്തിവലുതാക്കണം, അച്ഛന്‍റെ കുറവറിയാതെ അവർ ജീവിക്കണം.  

അങ്ങനെ പ്രിയപ്പെട്ടവന്‍റെ വേർപാട് സമ്മാനിച്ച വേദനയിൽ നിന്ന് സ്വയം പിടിച്ചുകയറാൻ ശ്രമിക്കവേയാണ് ആശുപത്രിയിൽ വച്ച് ജൊനാഥൻ അവസാനമായി ഫോണിൽ കുറിച്ചുവച്ച സന്ദേശം കെയ്റ്റിയുടെ കൈകളിലെത്തുന്നത്.  

Also Read: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക്, അമേരിക്കയിൽ മരണസംഖ്യ 55,000 ആയി...

'കെയ്റ്റീ, നിന്‍റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു,  ബ്രെയ്ഡന്റെയും പിനിലോപ്പിന്റെയും അച്ഛനായതിലും... കെയ്റ്റീ, ഞാന്‍ കണ്ടതിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ. ഏറ്റവും കരുണയുള്ളവളും... എനിക്ക് സ്നേഹവും സാന്ത്വനവും തന്ന എന്‍റെ പ്രിയപ്പെട്ടവള്‍...  ലോകത്ത് നിന്നെപ്പോലെ മറ്റൊരാളുണ്ടാകില്ല. ഞാന്‍ നിന്നെ പ്രണയിച്ചപ്പോള്‍ നീ എത്രമാത്രം സന്തോഷവതിയായിരുന്നോ അതേ സന്തോഷത്തോടെ ഇനിയും ജീവിക്കുക. കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായി നീ ജീവിക്കുന്നത് കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ഇനിയും അങ്ങനെ തന്നെ തുടരൂ'- ജൊനാഥന്‍റെ വാക്കുകള്‍ ഇങ്ങനെ. 

 

'ബ്രെയ്ഡന്‍, നീയാണ് എന്നെ അച്ഛന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. അതൊരിക്കലും മറക്കാനാകില്ല. നീ മകനാണെന്ന് പറയുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ നീ ഇനിയും തുടരുക. പിനിലോപ്, നീ ഒരു രാജകുമാരിയാണ്. നീ സന്തോഷവതിയായി, സ്നേഹമയിയായി ജീവിക്കൂ. സ്നേഹിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അവരെ ജീവിതത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ മടിക്കേണ്ടതില്ല. നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്തുതന്നെ സംഭവിച്ചാലും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കൂ'- ജൊനാതന്‍ ഓര്‍മ്മിപ്പിച്ചു. 

Also Read: 'ഓരോ ഷിഫ്റ്റിലും രണ്ടും മൂന്നും മരണങ്ങൾ, ഹൃദയഭേദകമായ നിമിഷങ്ങള്‍'; അനുഭവം പങ്കുവെച്ച് മലയാളി നഴ്സ്...