സംസാരിക്കാന്‍ തുടങ്ങും മുമ്പ്, അച്ഛനെയും അമ്മയെയും വിളിക്കാന്‍ ആകും മുമ്പ് തന്നെ നമ്മള്‍ മക്കളുടെ കൈകളിലേക്ക് മൊബൈല്‍ ഫോണ്‍ എടുത്ത് നല്‍കും. കരച്ചില്‍ മാറ്റാനുള്ള ഒരുപാധിയായാണ് പലപ്പോഴും മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിനെ കാണുന്നത്. കുഞ്ഞുങ്ങളാകട്ടെ, മൊബൈല്‍ ഫോണുമായാണ് പിന്നീട് വളരുന്നത് തന്നെ. എന്നാല്‍ ഇതത്ര സുഖകരമായ ഏര്‍പ്പാടല്ലെന്നാണ് പുതിയ പല പഠനങ്ങളും പറയുന്നത്. 

ലണ്ടനിലെ 'ഓഫ്‌കോം ചില്‍ഡ്രന്‍' പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം എട്ട് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 93 ശതമാനം പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. 77 ശതമാനം കുട്ടികള്‍ യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. 18 ശതമാനത്തിന് സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുണ്ട്. 

ഇത് 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ഭീകരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 99 ശതമാനം പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. 89 ശതമാനം പേര്‍ യൂട്യൂബും ഉപയോഗിക്കുന്നു. 69 ശതമാനം പേര്‍ക്കും സ്വന്തമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമുണ്ട്. 

ഈ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളിലെ ഭക്ഷണശീലം മുതല്‍ അവരുടെ വ്യക്തിത്വത്തിന്റെ ഘടകങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ വലിയ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. പെണ്‍കുട്ടികളിലാണെങ്കില്‍ വിഷാദരോഗം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യതയും സോഷ്യല്‍ മീഡിയ ഉപയോഗം ഉയര്‍ത്തുന്നുണ്ട്. 

താരതമ്യേന മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായിട്ടുള്ള സംസ്‌കാരമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ തോതും ഏതാണ്ടും ഇതുപോലെയൊക്കെ തന്നെയാണ്. എന്നാല്‍ പ്രായഭേദമെന്യേ സോഷ്യല്‍ മീഡിയയില്‍ കുരുങ്ങിപ്പോകുമ്പോള്‍ നമുക്കുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ നഷ്ടങ്ങളെന്താണെന്ന് നമ്മള്‍ വിലയിരുത്തുന്നില്ല. വളര്‍ന്നുവരുന്ന പുതുതലമുറയുടെ കാര്യത്തില്‍ പോലും ഈ ജാഗ്രത നമ്മള്‍ പുലര്‍ത്തുന്നില്ല എന്നതാണ് സത്യം. 

ഇപ്പോള്‍ മിക്കപ്പോഴും എല്ലാ വീടുകളിലെയും കൗമാരക്കാരായ കുട്ടികള്‍ മൊബൈല്‍ ഗെയിമിംഗ് ചാറ്റിംഗ് സോഷ്യല്‍ മീഡിയ.... എന്നിങ്ങനെ മുഴുവന്‍ ഒഴിവുസമയവും മൊബൈല്‍ ഫോണിലാണ്. കാലഘട്ടത്തിന്റെ വ്യത്യാസം മനസിലാക്കി സംയമനത്തോടെ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍- സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്ന് അവരെ വിലക്കുമ്പോള്‍ അത് വിപരീത ഫലമേ നല്‍കൂ. സമയമെടുത്ത്, അതിന്റെ ദോഷഫലങ്ങളെ കുറിച്ച് ബോധവത്കരിച്ച് പൂര്‍ണ്ണമായും അവര്‍ അത് മനസ്സിലാക്കിവേണം, ഉപയോഗം കുറയ്ക്കാന്‍. മുഴുവനായി ഉപയോഗം നിയന്ത്രിക്കുന്നതും കുട്ടികളുടെ കാര്യത്തില്‍ ഗുണകരമാകില്ല. അത് മാനസികമായി 'കോംപ്ലക്‌സ്' ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും മനശാസ്ത്ര വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.