Asianet News Malayalam

ഇതിലും ഹൃദ്യമായി അച്ഛനെ ഓര്‍ത്തെടുക്കാനാകുമോ; ഒരു മകന്റെ നനവുള്ള എഴുത്തുകള്‍...

'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഏതുമാകട്ടെ, അവിടെയെല്ലാം ഞാന്‍ അച്ഛനെ മിസ് ചെയ്യും. എന്റെ കൂട്ടുകാരനെ മിസ് ചെയ്യും. സ്വര്‍ഗത്തിലെവിടെയോ അച്ഛനുണ്ടെന്ന് എനിക്ക് പറയാം. പക്ഷേ അച്ഛന്റെ ഭൗതികസാന്നിധ്യം എപ്പോഴും തീരാനഷ്ടമായിരിക്കും...'

aiims doctor aditya gupta writes about his late father
Author
Delhi, First Published Jun 20, 2021, 9:52 PM IST
  • Facebook
  • Twitter
  • Whatsapp

ഈ കൊവിഡ് കാലം നമ്മളില്‍ എത്രയോ പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി. ജീവിതം തന്നെ കീഴ്‌മേല്‍ മറിക്കുന്ന എത്രയോ പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി. നികത്താനാവാത്ത നഷ്ടങ്ങളെ കുറിച്ചാണ് പലപ്പോഴും പലരും പങ്കുവയ്ക്കുന്നത് തന്നെ. എന്നാല്‍ ജീവിതത്തെ കുറെക്കൂടി മനോഹരമായി സമീപിക്കാന്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരുപക്ഷേ നമ്മെ പ്രാപ്തരാക്കിയേക്കാം. 

അത്തരത്തില്‍ 'ഫാദേഴ്‌സ് ഡേ'യില്‍ ദില്ലി എയിംസിലെ ഡോ. ആദിത്യ കപൂര്‍, തന്റെ അച്ഛനെക്കുറിച്ച് പങ്കുവച്ച ട്വീറ്റുകളെല്ലാം ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണ്. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ സഞ്ജയ് ഗുപ്ത ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊവിഡ് ബാധിതനായാണ് മരണത്തിന് കീഴടങ്ങിയത്. 

എയര്‍ഫോഴ്‌സില്‍ 34 വര്‍ഷത്തോളം ഫൈറ്റര്‍ പൈലറ്റായി ജോലി ചെയ്ത സഞ്ജയ് ഗുപ്ത തന്റെ അമ്പത്തിയഞ്ചാം വയസിലാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ക്യാന്‍സറിനോട് പോലും ഒന്നരവര്‍ഷമായി പോരാടുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊവിഡ് പൊസിറ്റീവായത്. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ആദിത്യ പലതവണയായി ട്വിറ്ററില്‍ പങ്കുവച്ച ചെറുകുറിപ്പുകളും ചിത്രങ്ങളുമാണ് ഇന്ന് വീണ്ടും നിരവധി പേര്‍ വീണ്ടും പങ്കുവച്ചത്. 

എപ്പോഴും ഉത്സാഹത്തോടെയും സന്തോഷത്തോടെയുമാണ് അച്ഛനെ കണ്ടിട്ടുള്ളൂ എന്നാണ് ആദിത്യ അച്ഛനെ ഓര്‍ക്കുന്നത്. 'കൂള്‍' ആയ അച്ഛനെന്നാണ് ആദിത്യ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് തന്നെ. പലര്‍ക്കും അച്ഛനെന്നാല്‍ ബഹുമാനവും ഭയവുമെല്ലാം കാണും. പക്ഷേ തനിക്ക് അദ്ദേഹം സൂര്യന് താഴെയുള്ള എന്തും പറയാവുന്ന ഏറ്റവും അടുപ്പമുള്ള കൂട്ടുകാരനായിരുന്നുവെന്നും ആദിത്യ ഓര്‍ക്കുന്നു. 

 

 

'അദ്ദേഹം ഏറ്റവും നല്ല പിതാവായിരുന്നു. ഐ ലവ് യൂ അച്ഛാ, തിരിച്ച് എന്റെയടുക്കലേക്ക് തന്നെ വരൂ... അച്ഛനെങ്ങനെയുള്ള ആളായിരുന്നുവെന്ന് എനിക്കെല്ലാവരെയും അറിയിക്കണം. നിങ്ങള്‍ക്കൊപ്പം 55 വര്‍ഷം ജീവിതം പങ്കിടാന്‍ സാധിച്ചുവെന്നത് ഞങ്ങളെല്ലാവരും അനുഗ്രഹമായി കരുതുന്നു...' അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദിവസങ്ങള്‍ക്കപ്പുറം ആദിത്യ പങ്കുവച്ച കുറിപ്പാണിത്. 

ഇതേ ദിവസം തന്നെ പലപ്പോഴായി ആദിത്യ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മരിച്ചുപോയ അച്ഛനെ കുറിച്ച് തുടരെത്തുടരെ ഒരു മകന്‍ വൈകാരികതയോടും സ്‌നേഹത്തോടും കൂടി എഴുതിയതിന്റെ ആത്മാംശം ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു എന്നുവേണം കരുതാന്‍.

'എനിക്ക് അച്ഛന്‍ എല്ലായ്‌പ്പോഴും ഓര്‍മ്മപ്പെടണമെന്ന് തോന്നുന്നു. മറന്നുപോവുകയേ വേണ്ട. കാരണം നമ്മളിന്ന് കടന്നുപയ്‌ക്കൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ മുഖമായി അച്ഛന്‍ മാറിയിരിക്കുന്നു. ലുക്കീമിയയെ വരെ സധൈര്യം നേരിട്ടയാളാണ് അച്ഛന്‍. പക്ഷേ കൊവിഡിന് മുമ്പില്‍ കീഴടങ്ങേണ്ടി വന്നു. മരണം എന്നത് കേവലം നമ്പറുകളല്ല എന്ന് എനിക്കെല്ലാവരെയും അറിയിക്കണം....'- ആദിത്യ എഴുതി. 

തന്റെ പഠനകാലത്ത് എത്തരത്തിലാണ് അച്ഛന്‍ പിന്തുണയും ആവേശും പകര്‍ന്നുനല്‍കിയതെന്നും പ്രണയത്തിലായപ്പോള്‍ അത് വിവാഹം വരെ എത്തിക്കാനുള്ള ശ്രമങ്ങളില്‍ ആദ്യം പങ്കാളിയായത് അച്ഛനായിരുന്നുവെന്നും ആദിത്യ ഓര്‍മ്മിക്കുന്നു. 

 


'ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയപ്പോള്‍ അച്ഛനെന്നെ ഫോണില്‍ വിളിച്ചു. അന്ന് അച്ഛന്‍ അഹമ്മദാബാദിലും ഞാന്‍ ദില്ലിയിലുമാണ്. ഫോണിലൂടെ അച്ഛന്റെ സന്തോഷം അറിഞ്ഞ ആ നിമിഷം ജീവിതത്തില്‍ എന്നെന്നേക്കും വിലപ്പെട്ടതാണ്. അതുപോലെ പ്രണയം വിവാഹത്തിലെത്തി നില്‍ക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ ചെറിയ തടസങ്ങളുണ്ടായിരുന്നു. അവരുടെ ഭാഗത്തായിരുന്നു തടസങ്ങള്‍. അതെല്ലാം അച്ഛന്‍ ഇടപെട്ടാണ് തീര്‍ത്തത്. പിന്നീട് എന്റെ മോതിരം മാറ്റം ചടങ്ങ് വരെ അച്ഛന്‍ നടത്തി...'- ആദിത്യ എഴുതി. 

അച്ഛനെന്താണോ അതിന്റെ തന്നെ ചെറിയ പതിപ്പാണ് താനെന്നും അച്ഛന്റെ ബാക്കിനില്‍ക്കുന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും നേടുകയാണ് തന്റെ ലക്ഷ്യമെന്നും ആദിത്യ പറയുന്നു. 

'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഏതുമാകട്ടെ, അവിടെയെല്ലാം ഞാന്‍ അച്ഛനെ മിസ് ചെയ്യും. എന്റെ കൂട്ടുകാരനെ മിസ് ചെയ്യും. സ്വര്‍ഗത്തിലെവിടെയോ അച്ഛനുണ്ടെന്ന് എനിക്ക് പറയാം. പക്ഷേ അച്ഛന്റെ ഭൗതികസാന്നിധ്യം എപ്പോഴും തീരാനഷ്ടമായിരിക്കും. അച്ഛന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ എനിക്കെത്രമാത്രം സമാധാനം പകരുന്നതായിരുന്നു... അതെന്നെ എത്ര സന്തോഷിപ്പിച്ചിരുന്നു...- ആദിത്യയുടെ വാക്കുകളില്‍ നഷ്ടത്തിന്റെ വേദന നിറയുന്നു. 

ഉള്ളില്‍ ഊറിക്കൂടുന്ന നനവോടെയല്ലാതെ ഡോ. ആദിത്യയുടെ ഈ കുറിപ്പുകള്‍ വായിച്ചുതീരാനാകില്ല. കൊവിഡ് കാലത്തെ തീരാനഷ്ടങ്ങള്‍ എല്ലാം തത്തുല്യമായി വേദന നിറഞ്ഞത് തന്നെയാണ്. അതിജീവിക്കാനും കരുത്തോടെ മുന്നോട്ടുനീങ്ങാനും ഓരോ മനുഷ്യനും കഴിയട്ടെയെന്ന് മാത്രമേ നമുക്ക് ആശിക്കാനാകൂ.

Also Read:- കൊവിഡ്; ഒരു വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് 92 വയസുകാരായ ഇരട്ട സഹോദരങ്ങൾ

Follow Us:
Download App:
  • android
  • ios