'ഹൃദയത്തില്‍ ഒരേസമയം ഭാരവും ശൂന്യതയും അനുഭവപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ അതാണിപ്പോള്‍ സംഭവിക്കുന്നത്...'- ട്വിങ്കിളിന്റെ വാക്കുകള്‍ നിരവധി പേരെയാണ് സ്പര്‍ശിച്ചിരിക്കുന്നത്. നടിമാരായ സൊണാലി ബെന്ദ്രേ, അമൃത അറോറ, നടന്‍ ബോബി ഡിയോള്‍ എന്നിവരെല്ലാം ട്വിങ്കിളിന് ആശ്വാസവാക്കുകളുമായി കമന്റിലെത്തിയിട്ടുണ്ട്

വളര്‍ത്തുമൃഗങ്ങളോട് ( Pet Animals ) കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഉള്ള അത്രയും തന്നെ സ്‌നേഹവും കരുതലും കാണിക്കുന്ന ധാരാളം പേരുണ്ട്. ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ചിലര്‍ വളര്‍ത്തുമൃഗങ്ങളുമായി ആത്മബന്ധത്തിലാകാറുണ്ട് ( Soulful Relation ) . ഇങ്ങനയുള്ളവര്‍ക്കെല്ലാം തന്നെ പിന്നീട് 'പെറ്റ്‌സ്' ഇല്ലാതാകുമ്പോള്‍ സഹിക്കാനാകാത്ത നിരാശയും വരാറുണ്ട്. 

അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയും. പന്ത്രണ്ട് വര്‍ഷത്തോളമായി ഇവര്‍ക്കുമൊപ്പമുണ്ടായിരുന്ന വളര്‍ത്തുപട്ടി 'ക്ലിയോപാട്ര'യുടെ വിയോഗം ഇരുവരെയും ചെറുതല്ലാത്ത രീതിയിലാണ് പിടിച്ചുലച്ചിരിക്കുന്നത്. 

ക്ലിയോ, എന്ന് വിളിക്കുന്ന ക്ലിയോപാട്രയുടെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും അക്ഷയും ട്വിങ്കിളും ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇതില്‍ നിന്ന് തന്നെ ക്ലിയോ ഇവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇപ്പോള്‍ വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ക്ലിയോ വിടപറഞ്ഞിരിക്കുന്നത്. 

ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍ പെടുന്നതാണ് ക്ലിയോ. സാധാരണഗതിയില്‍ 9 മുതല്‍ 13 വര്‍ഷം വരെയൊണ് ജര്‍മ്മന്‍ ഷെപ്പേഡിന്റെ ആയുര്‍ദൈര്‍ഘ്യം. പന്ത്രണ്ട് വര്‍ഷമാണ് ക്ലിയോയ്ക്ക് കിട്ടിയിരിക്കുന്നത്. 

അക്ഷയും ട്വിങ്കിളും ക്ലിയോയുടെ വേര്‍പാടിനെ തുടര്‍ന്നുള്ള ദുഖം ആരാധകരുമായും സുഹൃത്തുക്കളുമായെല്ലാം പങ്കുവച്ചിട്ടുണ്ട്. നായയുടെ കാല്‍പാടുകള്‍ മനുഷ്യരുടെ ഹൃദയത്തില്‍ പതിയുമെന്നാണ് പറയപ്പെടുന്നതെന്നും എന്നാല്‍ നീ തങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം കവര്‍ന്നെ
ടുത്ത ശേഷമാണ് പോയതെന്നും അക്ഷയ് കുറിച്ചിരിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കൂ, ഞങ്ങള്‍ നിന്നെ 'മിസ്' ചെയ്യുമെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. 

View post on Instagram

ട്വിങ്കിളാകട്ടെ ക്ലിയോയെ പരിപാലിക്കുന്ന വീഡിയോയും ക്ലിയോ കളിക്കുന്ന വീഡിയോയുമാണ് ഓര്‍മ്മക്കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ക്ലിയോയുടെ ഒരു ഫോട്ടോയും ചേര്‍ത്തിരിക്കുന്നു. 

'ഞങ്ങളുടെ സുന്ദരി ക്ലിയോ വിട പറഞ്ഞിരിക്കുന്നു. അവള്‍ക്കൊപ്പം മനോഹരമായ 12 വര്‍ഷങ്ങള്‍ ഞങ്ങള്‍ ചിലവിട്ടു. ഹൃദയത്തില്‍ ഒരേസമയം ഭാരവും ശൂന്യതയും അനുഭവപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ അതാണിപ്പോള്‍ സംഭവിക്കുന്നത്...'- ട്വിങ്കിളിന്റെ വാക്കുകള്‍ നിരവധി പേരെയാണ് സ്പര്‍ശിച്ചിരിക്കുന്നത്. നടിമാരായ സൊണാലി ബെന്ദ്രേ, അമൃത അറോറ, നടന്‍ ബോബി ഡിയോള്‍ എന്നിവരെല്ലാം ട്വിങ്കിളിന് ആശ്വാസവാക്കുകളുമായി കമന്റിലെത്തിയിട്ടുണ്ട്. 

View post on Instagram

മുമ്പ് പലപ്പോഴും രസകരമായ അടിക്കുറിപ്പുകളുമായി ക്ലിയോയുടെ ചിത്രങ്ങള്‍ ട്വിങ്കിള്‍ പങ്കുവച്ചിട്ടുണ്ട്. ഇതിലൂടെയെല്ലാം ഇവര്‍ക്ക് ക്ലിയോയുമായുള്ള അടുപ്പം വ്യക്തമാണ്. എന്തായാലും 'പെറ്റ്‌സ്' നഷ്ടമാകുമ്പോള്‍ ഈ ദുഖവും നിരാശയും ഉടമസ്ഥര്‍ അനുഭവിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വേര്‍തിരിവ് ഇല്ലല്ലോ! ജീവനോടെയുള്ളപ്പോള്‍ ഏറ്റവും ഭംഗിയായി അവയെ പരിപാലിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനാകൂ.

Also Read:- ഷോപ്പിംഗ് ചെയ്യാന്‍ വളര്‍ത്തുപട്ടികള്‍; കൗതുകമായി വീഡിയോ