Asianet News MalayalamAsianet News Malayalam

Alia Bhatt : അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

ആലിയയ്ക്ക് നടി ശില്‍പ ഷെട്ടി നല്‍കിയ സ്നേഹസമ്മാനത്തെ കുറിച്ചാണിത്. തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

alia bhatt gets yummy pizza from shilpa shetty
Author
First Published Sep 26, 2022, 9:53 PM IST

ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായി പല മാറ്റങ്ങളും സംഭവിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളടക്കമുള്ള ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ സ്ത്രീകളെ വലിയ രീതിയിലാണ് സ്വാധീനിക്കുക. ഇത് ഭക്ഷണം അടക്കമുള്ള ദൈനിംദിന കാര്യങ്ങളിലെല്ലാം പല രീതിയില്‍ പ്രതിഫലിക്കും.

ഇതേ കാരണം കൊണ്ടുതന്നെയാണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ചില ഭക്ഷണങ്ങളോട് കൊതി തോന്നുന്നതും ചിലതിനോട് വിരക്തി തോന്നുന്നതും എല്ലാം. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് കൊതി തോന്നുന്നത് വളരെ ആപേക്ഷികമായ കാര്യമാണ്. അതായത്, ഓരോ സ്ത്രീകളിലും ഇത് വ്യത്യാസപ്പെട്ട് വരും. 

എന്തായാലും ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്ന ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഒരു ഗര്‍ഭകാല വിശേഷമാണ് പങ്കുവയ്ക്കുന്നത്. ആലിയയ്ക്ക് നടി ശില്‍പ ഷെട്ടി നല്‍കിയ സ്നേഹസമ്മാനത്തെ കുറിച്ചാണിത്. തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് ആലിയ ആരാധകര്‍ക്കായി ഇത് പങ്കുവച്ചത്. 

മറ്റൊന്നുമല്ല, ശില്‍പ തന്നെ തയ്യാറാക്കിയ പിസയാണ് ആലിയയ്ക്കായി ഇവര്‍ അയച്ച സ്നേഹസമ്മാനം. ഇത് കഴിച്ചുകൊണ്ടിരിക്കെ തന്നെ പകര്‍ത്തിയ ചിത്രമാണ് ആലിയ സ്റ്റോറിയായി ഇട്ടത്. കാഴ്ചയില്‍ 'ഡെലീഷ്യസ്' ആയി തോന്നിക്കുന്ന മിക്സഡ് പിസയാണിത്. മഷ്റൂം, ചില്ലി, ടൊമാറ്റോ എല്ലാം ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള പിസയാണിത്. നോണ്‍ - വെജ് ചേര്‍ത്തിട്ടുണ്ടോയെന്നത് പക്ഷേ വ്യക്തമല്ല.

alia bhatt gets yummy pizza from shilpa shetty

ഗര്‍ഭിണികളില്‍ ചിലര്‍ക്ക് പിസ പോലുള്ള വിഭവങ്ങളോടും കൊതി തോന്നുന്നത് സ്വാഭാവികമാണ്. ഗര്‍ഭിണികള്‍ ഇതൊന്നും കഴിച്ചുകൂട എന്നും ഇല്ല. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഇത്തരം വിഭവങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. കഴിവതും ഇവ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് ഉചിതം. 

പിസ അയച്ചുതന്നതിന് നന്ദി അറിയിക്കുന്നതിനൊപ്പം തന്നെ കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള പിസ എന്ന് അഭിപ്രായവും ചിത്രത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട് ആലിയ. ഈ സ്റ്റോറി തന്നെ പിന്നീട് ശില്‍പയും ഇൻസ്റ്റയില്‍ പങ്കുവച്ചു. തനിക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ ഒരുപാടൊരുപാട് സന്തോഷം. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ... എൻജോയ് എന്നെഴുതി കെട്ടിപ്പിടുത്തത്തെ സൂചിപ്പിക്കുന്ന സ്മൈലികളും ചേര്‍ത്തായിരുന്നു ശില്‍പ ഇത് പങ്കുവച്ചത്. 

താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ നല്ലൊരു മാതൃക കൂടിയാണിത്. ജൂണില്‍ താൻ അമ്മയാകാൻ പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ പരസ്യമാക്കിയപ്പോള്‍ തന്നെ ബോളിവുഡില്‍ നിന്ന് നിരവധി സെലിബ്രിറ്റികളാണ് ആശംസകളുമായി എത്തിയത്. പ്രിയങ്ക ചോപ്ര, മലൈക അറോറ, ക്രിതി സനോൻ, ഇഷാൻ ഖട്ടര്‍, രാകുല്‍ പ്രീത് സിംഗ്, പരിണീതി ചോപ്ര, ടൈഗര്‍ ഷ്റോഫ്, കരണ്‍ ജോഹര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെയായിരുന്നു കമന്‍റ് ബോക്സില്‍.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആലിയയും രണ്‍ബീര്‍ കപൂറും ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് വിവാഹിതരായത്. 

Also Read:- ആലിയ അച്ഛന് പിറന്നാള്‍ ആശംസ നേര്‍ന്നത് എങ്ങനെയെന്ന് കണ്ടോ?

Follow Us:
Download App:
  • android
  • ios