വിവാഹശേഷം ഇരുവരും ജോലിസംബന്ധമായി രണ്ടിടങ്ങളിലാണ്. ആലിയ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി രാജസ്ഥാനിലും രണ്‍ബീര്‍ 'ആനിമല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഹിമാചലിലും ആണ്

സിനിമാസ്വാദകരെ സംബന്ധിച്ച് ഏറെ ആഹ്ലാദം പകര്‍ന്ന വാര്‍ത്തയായിരുന്നു ആലിയ ഭട്ട്- രണ്‍ബീര്‍ വിവാഹം ( Alia bhatt Ranbir wedding ). ഇക്കഴിഞ്ഞ പതിനാലിന് മുംബൈ ബാന്ദ്രയിലെ രണ്‍ബിറിന്റെ വസതിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. രണ്ട് താരകുടുംബങ്ങളുടെ ( Bollywood stars) ഒത്തുചേരല്‍ കൂടിയാണ് ഇരുവരുടെയും വിവാഹത്തിലൂടെ നടന്നിരിക്കുന്നത്. 

വിവാഹശേഷം ആലിയയും രണ്‍ബീറിന്റെ അമ്മ നീതു കപൂറും, സഹോദരി റിദ്ധിമയുമെല്ലാം വിവാഹ ഫോട്ടോകള്‍ പലതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ആലിയയും രണ്‍ബീറും വിവാഹിതരായ ശേഷം ആരാധകരെയും മാധ്യമങ്ങളെയും നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇരുവരുടെയും ലാളിത്യം നിറഞ്ഞ ഈ പെരുമാറ്റം ആരാധകരില്‍ വലിയ സന്തോഷമുണ്ടാക്കിയിരുന്നു. 

എന്തായാലും ഇപ്പോള്‍ വിവാഹശേഷം ഇരുവരും ജോലിസംബന്ധമായി രണ്ടിടങ്ങളിലാണ്. ആലിയ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി രാജസ്ഥാനിലും രണ്‍ബീര്‍ 'ആനിമല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഹിമാചലിലും ആണ്. 

ഇപ്പോള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഏതാനും ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച എഡ്വേര്‍ഡിനൊപ്പമുള്ളതാണ് ഇതില്‍ ഒരു ഫോട്ടോ. 'കാറ്റ് ഓഫ് ഓണര്‍' എന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു പാവയെ പോലെ തോന്നിക്കുന്ന അത്രയും ഭംഗിയുള്ള പൂച്ചയാണ് ആലിയയുടേത്. മുമ്പും എഡ്വേര്‍ഡിന്റെ ചിത്രങ്ങള്‍ ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

പ്രമുഖ ഡിസൈനര്‍ സബ്യാസാചി ഡിസൈന്‍ ചെയ്ത വിവാഹവസ്ത്രത്തിലാണ് ആലിയ ചിത്രത്തിലുള്ളത്. ആഭരണങ്ങളെല്ലാം വളരെ അടുത്ത് കാണത്തക്ക രീതിയിലുള്ള ചിത്രങ്ങളാണിവ. അതുകൊണ്ട് തന്നെ ആരാധകരുടെ കണ്ണുടക്കിയത് ആലിയയുടെ വിവാഹമോതിരത്തിലാണ്. 

View post on Instagram

പൂര്‍ണമായും ഡയണ്ട് കവര്‍ ചെയ്താണ് റിംഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആറ് വശമുള്ള (ഹെക്‌സഗണല്‍) വലിയ ഡയമണ്ട് ആണ് നടുക്ക് പതിപ്പിച്ചിരിക്കുന്നത്. ചുറ്റും ചെറിയ ഡയമണ്ടുകളും പതിപ്പിച്ചിരിക്കുന്നു. 

മറ്റ് ആഭരണങ്ങളെല്ലാം തന്നെ വൈറ്റ് ഗോള്‍ഡ് മിക്‌സ് ആണ്. ഹെവിയായ നെക്ലേസും ഹാംഗിംഗ്‌സും വളകളുമെല്ലാം വസ്ത്രത്തിന് നന്നായി ഇണങ്ങുന്നതാണ്. ആലിയ പങ്കുവച്ചിരിക്കുന്ന ഫോട്ടോകള്‍ക്ക് താഴെ റിദ്ധിമയും നീതുവും സ്‌നേഹപൂര്‍വ്വം കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ അദിതി റാവു ഹൈദരി അടക്കം പല പ്രമുഖരും ആലിയയ്ക്ക് സ്‌നേഹമറിയിച്ചിരിക്കുന്നു. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രണ്‍ബീറും ആലിയയും വിവാഹിതരാകുന്നത്. ബോളിവുഡ് ഏറെ കാത്തിരുന്നൊരു താരവിവാഹം എന്നുതന്നെ ഇവരുടെ ഒത്തുചേരലിനെ വിശേഷിപ്പിക്കാം.

Also Read:- വളരെ സിമ്പിളായി ആലിയ; വിവാഹശേഷമുള്ള ആദ്യ ചിത്രം പുറത്ത്

രണ്‍ബീറിന്റെ കൈവെള്ളയിലെ അക്ഷരങ്ങള്‍- ആലിയയുടെ ചിരി നിറഞ്ഞ മുഖം; ബോളിവുഡിന്റെ പ്രിയ താരജോഡിയായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹം ആഡംബരപൂര്‍വ്വം നടന്നിരിക്കുകയാണ്. ആരാധകരാകെയും ആഹ്ലാദപൂര്‍വം ഇരുവരുടെയും പുതിയ ജീവിതത്തിന് ആശംസകള്‍ നേരുകയാണ്. ഒപ്പം ബോളിവുഡില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള സഹപ്രവര്‍ത്തകരും ഇവരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്... Read More...