വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം തന്നെ തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്‍ബീറിന്റെയും ആലിയയുടെയും വീടുകളും രണ്‍ബീര്‍ താമസിക്കുന്ന ഫ്‌ളാറ്റും മറ്റും വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയെടുത്തിട്ടുണ്ട്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡിയായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹവുമായി ( Alia Bhatt and Ranbir Kapoor Marriage ) ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായി ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 2018മുതല്‍ പ്രണയത്തിലായിരുന്ന താരജോഡിയുടെ വിവാഹം ( Star Couple ) 14,15,16 തീയ്യതികളിലായി മുംബൈയില്‍ വച്ച് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം തന്നെ തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്‍ബീറിന്റെയും ആലിയയുടെയും വീടുകളും രണ്‍ബീര്‍ താമസിക്കുന്ന ഫ്‌ളാറ്റും മറ്റും വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയെടുത്തിട്ടുണ്ട്. 

എന്നാല്‍ ഏത് ദിവസമാണ് കൃത്യമായും വിവാഹച്ചടങ്ങ് നടക്കുന്നത് എന്നതില്‍ ഉറപ്പ് കിട്ടിയിട്ടില്ല. ഇരുവരുടെയും കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം താരജോഡിയുടെ വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. 

അതേസമയം വിവാഹത്തോടനുബന്ധിച്ച് ആലിയയുടെയോ രണ്‍ബീറിന്റെയോ ഫോട്ടോകളോ മറ്റ് വിശദാംശങ്ങളോ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇരുവരുടെയും പഴയ പല ചിത്രങ്ങളും വിവാഹച്ചടങ്ങുകളില്‍ നിന്ന് എടുത്തതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുവരികയാണ്. 

View post on Instagram

കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രവണത കണ്ടിരുന്നു. ഇന്നിതാ ആലിയയുടെ മെഹന്ദിയുടെ ചിത്രം എന്ന നിലയിലാണ് ഒരു ഫോട്ടോ പ്രചരിക്കുന്നത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ആലിയ, പ്രമുഖ മെഹന്ദി ആര്‍ട്ടിസ്റ്റ് വീണ നഗ്ഡയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ആണ് പ്രചരിക്കുന്നത്. 

View post on Instagram

ഇത് മുമ്പ് ഒരു പരസ്യചിത്രത്തിന് മുന്നോടിയായി എടുത്ത ഫോട്ടോ ആണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന്റെ വീഡിയോയും ഇപ്പോള്‍ ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഇതിനിടെ വിവാഹത്തിന് വേണ്ടി തങ്ങളണിഞ്ഞ മെഹന്ദി ഡിസൈന്‍ രണ്‍ബീറിന്റെ അമ്മ നീതു കപൂറും, സഹോദരി റിദ്ധിമയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഇതില്‍ നീതുവിന്റെ കയ്യിലെ ഡിസൈനില്‍ അന്തരിച്ച ഭര്‍ത്താവ് ഋഷിയുടെ പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്. 

എന്തായാലും ആലിയ- രണ്‍ബീര്‍ വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരുടെയും പുതിയ ചിത്രങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ലെന്നതാണ് സത്യം. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഇവര്‍ വിവാഹചിത്രങ്ങളോ മറ്റോ പുറത്തുവിടുമെന്ന കാര്യത്തിലും വ്യക്തതയില്ല. വിവാഹത്തിനായി എത്തുന്നവരുടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ സമാനമായ രീതിയിൽ കത്രീന കെയ്ഫ്- വിക്കി കൗശല്‍ വിവാഹം ഏറെ രഹസ്യസ്വഭാവത്തോടെ നടത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ചുരുക്കം ആളുകളെ മാത്രം ക്ഷണിച്ച്, അവര്‍ക്ക് പോലും ചിത്രങ്ങളോ വീഡിയോയോ എടുക്കാന്‍ അനുവാദമില്ലാത്ത തരത്തിലായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകളും സല്‍ക്കാരവും നടന്നത്. 

Also Read:- ഒളിച്ചുജീവിക്കുന്ന 'ഹീറോ'; വിവാഹമടുക്കുമ്പോള്‍ ചര്‍ച്ചയായി രണ്‍ബീറിന്റെ 'ലൈഫ്‌സ്റ്റൈല്‍'