72-ാമത് ലോക സൗന്ദര്യ മത്സരത്തിന്‍റെ ഗ്രാൻഡ് ഫിനാലെ ഇന്ന് ഹൈദരാബാദിൽ നടക്കും
ഹൈദരാബാദ്: ലോക സുന്ദരി പട്ടം ആര്‍ക്കെന്ന് ഇന്നറിയാം. 72-ാമത് ലോക സൗന്ദര്യ മത്സരത്തിന്‍റെ ഗ്രാൻഡ് ഫിനാലെ
ഇന്ന് ഹൈദരാബാദിൽ നടക്കും. രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്ത ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒരു
മാസത്തോളം നീണ്ട മത്സരമാണ് സമാപിക്കുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെ ആണ് ഇത്തവണ മത്സരങ്ങൾ നടന്നത്. രാജസ്ഥാനിലെ കോട്ടയിലെ കർഷക കുടുംബത്തിൽ നിന്ന് വരുന്ന 21കാരിയായ നന്ദിനി ഗുപ്ത ഇതിനകം സെമി ബർത്ത് ഉറപ്പിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയെയും മുൻ ലോക സുന്ദരി പ്രിയങ്ക ചോപ്രയെയും റോൾ മോഡലാക്കിയ ഈ ബിസിനസ് മാനേജ്മെന്‍റ് ബിരുദധാരി, സൗന്ദര്യ മത്സരത്തിലെ ഇതുവരെയുള്ള കടമ്പകളെല്ലാം അനായാസം താണ്ടി കഴിഞ്ഞു. അഴകളവിനൊപ്പം ബുദ്ധിയും മനസാന്നിധ്യയും വാക് ചാതുര്യവും കായികക്ഷമതയുമെല്ലാം പരീക്ഷിക്കപ്പെടുന്നതാണ് റൗണ്ടുകൾ. 40 പേരടങ്ങുന്ന സെമി ഫൈനലിസ്റ്റുകളിൽ നിന്ന് 20 ലേക്കും, അവസാനം എട്ടിലേക്കും സുന്ദരിമാരുടെ പട്ടിക ചുരുങ്ങും. ടോപ്പ് എട്ടിൽ നിന്നുള്ള നാല് പേർ. അവരിൽ ഒരാൾ സുന്ദരിപട്ടം അണിയും.
ഒരു മാസം മുൻപ് തുടക്കം കുറിച്ച മിസ് വേൾഡ് മത്സരത്തിനിടെ വിവാദങ്ങളും തലപൊക്കി. സ്പോൺസർമാരുടെ മുന്നിൽ ഷോപീസാക്കിയെന്ന് ആരോപിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിൻമാറി. ക്ഷേത്ര സന്ദർശനത്തിനിടെ വോളണ്ടിയർമാരെ കൊണ്ട് മത്സരാർത്ഥികളുടെ കാൽ കഴുകിച്ചെന്ന ആരോപണവും സംഘാടകരെയും തെലങ്കാന സർക്കാരിനെയും പ്രതിരോധത്തിലാക്കി. അത് കൊണ്ട് തന്നെ ഗ്രാൻഡ് ഫിനാലെ പാളിച്ചകളില്ലാതെ പൂർത്തിയാക്കുക എന്നതാണ് വെല്ലുവിളി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സോനു സൂദിനെ ചടങ്ങിൽ ആദരിക്കും. കഴിഞ്ഞ തവണ മുബൈയിൽ നടന്ന മത്സരത്തിൽ ടോപ്പ് 8 വരെ എത്തി പുറത്തായതാണ് ഇന്ത്യയുടെ സിനി ഷെട്ടി. ആ നഷ്ടം നന്ദിനി നികത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വന്തം മണ്ണിൽ മത്സരിക്കുന്നത് അഭിമാനമെന്ന് പ്രഖ്യാപിച്ച നന്ദിനിയിലാണ് ഇന്ത്യൻ പ്രതീക്ഷകളത്രയും. ഒരു മില്യൺ ഡോളർ, ഏകദേശം എട്ടരകോടിയോളം രൂപയാണ് ജേതാവിനെ കാത്തിരിക്കുന്നത്.

