നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ് ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ.  ഫേസ് മാസ്കും ഹെയര്‍ മാസ്‌കും ആയിട്ടു മാത്രമല്ല, ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ മരുന്നാണ്.

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍, തലചൊറിച്ചിൽ, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും ചെയ്യും. 

 

ഇതിനായി കറ്റാർവാഴയോടൊപ്പം ഉലുവ കൂടി ചേര്‍ത്തുള്ള ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. ആദ്യം മൂന്ന് ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇതിനെ പേസ്റ്റായി അരച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. 

അതുപോലെ തന്നെ, തൈര്, ചെറുനാരങ്ങാ നീര് എന്നിവ കറ്റാർവാഴ നീരിൽ കലർത്തി തലയോട്ടിയിൽ തേയ്ക്കുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. 

Also Read: തിളക്കമുള്ള ചര്‍മ്മം വേണോ? ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം...