വിവാഹനിശ്ചയ മോതിരം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്‍റെ വിവാഹനിശ്ചയ മോതിരം പാഴ്സലിൽ കുടുങ്ങിയെന്നും അത് കിട്ടുന്നവർ തിരികെ നൽകണമെന്നും അഭ്യര്‍ത്ഥിച്ചാണ് ആമസോൺ ജീവനക്കാരിയുടെ പോസ്റ്റ്. ജാസ്മിൻ പാഗെറ്റ് എന്ന പതിനെട്ടുകാരിയുടെ മോതിരമാണ് നഷ്ടമായത്. ഇംഗ്ലണ്ടിലെ സ്വാൻ‌സി സിറ്റിയിലുള്ള ആമസോൺ പാക്കിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ജാസ്മിൻ.

ശനിയാഴ്ച ജോലി കഴിഞ്ഞപ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരം ജാസ്മിൻ ശ്രദ്ധിക്കുന്നത്. എല്ലായിടത്തും തിര‍ഞ്ഞെങ്കിലും മോതിരം കണ്ടെത്താനായില്ല. മാനേജറെ വിവരം അറിയിച്ചപ്പോൾ ഏതെങ്കിലുമൊരു പാഴ്സലിൽ കുടുങ്ങിയതാകാം എന്നാണ്  ലഭിച്ച വിവരം. അന്നേ ദിവസം 160 പാഴ്സലുകളാണ് ജാസ്മിൻ തയാറാക്കിയത്. പാഴ്സലുകൾ എല്ലാം അയച്ചതായും അദ്ദേഹം ജാസ്മിനെ അറിയിച്ചു.

 

ഇതോടെയാണ് മോതിരം നഷ്ടപ്പെട്ട വിവരവും കിട്ടുന്നവർ തിരികെ നൽകണമെന്ന അഭ്യര്‍ത്ഥനയും ജാസ്മിൻ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതുവരെ 9000ലേറെ ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. മോതിരം ലഭിക്കുന്നതിനായി വേണ്ട നിര്‍ദ്ദേശങ്ങള്‍ നൽകിയിട്ടുണ്ടെന്നും ആമസോൺ പാഴ്സലിൽ നിന്ന് മോതിരം കിട്ടാനുള്ള സാധ്യത ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നും മാനേജർ വ്യക്തമാക്കി.

കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തിലാണ് കാമുകൻ ജോഷ് മാന്നിങ്സ് വിവാഹാഭ്യർഥന നടത്തി ജാസ്മിന് മോതിരം കൈമാറിയത്. മോതിരത്തിന്‍റെ നടുവിൽ വജ്രവും ചുറ്റിലും കല്ലുകളുമാണുള്ളത്. 

Also Read: ആമസോൺ 1.25 ലക്ഷം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു...