വാഷിങ്ടൺ: എല്ലാവർ‌ഷവും മകളുടെ കന്യകാത്വം പരിശോധിക്കാൻ ​ഗൈനക്കോളജിസ്റ്റിനെ സമീപിക്കാറുണ്ടെന്ന വിവാ​ദപരാമർശത്തിൽ മകളോട് മാപ്പ് പറ‍ഞ്ഞ് അമേരിക്കൻ റാപ്പർ ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയർ. തന്റെ വെളിപ്പെടുത്തലിന് ശേഷം മകൾക്ക് തന്നോട് സംസാരിക്കാൻ വലിയ പ്രശ്നമുണ്ടായിരുന്നുവെന്നും അത് തനിക്ക് മനസ്സിലായെന്നും ഹാരിസ് പറഞ്ഞു.

'മകൾക്ക് എന്റെ സദുദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായറിയാം. ഞാനാരാണെന്നും ഞാൻ എല്ലായ്പ്പോഴും എങ്ങനെയായിരിക്കുമെന്നും അവൾക്കറിയാം. എന്നിരുന്നാലും എന്റെ പരാമർശത്തിൽ മകളോട് ക്ഷമ ചോദിക്കുന്നു' എന്നും ഹാരിസ് കൂട്ടിച്ചേർത്തു. അത് വിട്ടേക്കു, അതിനെക്കുറിച്ച് ഇനിയൊന്നും സംസാരിക്കേണ്ടെന്ന് മകൾ തന്നോട് പറഞ്ഞിരുന്നു. എന്നാൽ, എന്റെ വഴി മറ്റൊന്നായിരുന്നു. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാനൊരിക്കലും ഇന്നിവിടെ വരില്ലായിരുന്നു. ഞാൻ ഇപ്പോഴും നിശബ്ദനായി ഇരുന്നേനെയെന്നും ഹാരിസ് വ്യക്തമാക്കി.

‘ലേഡീസ് ലൈക്സ് അസ്’ എന്ന പോഡ്കാസ്റ്റിന് വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തൽ. എല്ലാവർഷവും കന്യകാത്വ പരിശോധനയ്ക്കായി മകളെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തു കൊണ്ടുപോകാറുണ്ട്. അവളുടെ പതിനെട്ടാമത്തെ ജന്മദിനത്തിലും കന്യാചർമത്തിനു ഒന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കു പറയാനാകും. പതിനാറാമത്തെ ജന്മദിനത്തിലാണ് ആദ്യമായി മകളെ കന്യകാത്വ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിന്റെ അടുത്തു കൊണ്ടുപോകുന്നത്. ഇപ്പോൾ ജന്മദിന പാർട്ടി കഴിഞ്ഞാല്‍ കതകിൽ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാൻ പോകുമെന്നും ഹാരിസ് പറഞ്ഞു.

പോ‍ഡ്കാസ്റ്റ് ഹോസ്റ്റുകളായ നസാനിൻ മന്ദി, നാദിയ മോഹം എന്നിവർ ഹാരിസ് തമാശ പറയുകയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്ക് ഹാരിസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവർക്ക് ബോധ്യപ്പെടുകയായിരുന്നു. ഹാരിസിന്റെ പരാമർശത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. വളരെ മോശം പ്രവൃത്തിയാണ് ഇയാൾ ചെയ്യുന്നതെന്നായിരുന്നു വിമർശകരുടെ വാദം. മകളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും വിമർശകർ ചൂണ്ടികാട്ടിയിരുന്നു.

ടിഐ എന്ന പേരിലാണ് ഹാരിസ് സംഗീത ലോകത്ത് പ്രശസ്തനായത്. 39കാരനായ ഹാരിസിന് ആറ് മക്കളാണുള്ളത്. 18കാരിയായ ഡെയ്ജ കോളജിൽ ഒന്നാംവർഷ വിദ്യാർഥിനിയാണ്.