ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നെഞ്ചിടിപ്പോടെയാണ് കൊവിഡ് 19മായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും നമ്മള്‍ തേടുന്നത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം, രോഗം ഭേദമായി ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നതും, ഒറ്റക്കെട്ടായി രോഗത്തെ പ്രതിരോധിക്കാന്‍ ജനം തയ്യാറെടുക്കുന്നതുമെല്ലാം പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ തന്നെയാണ്. 

എന്നാല്‍ ഇതിനെക്കാളെല്ലാം പ്രത്യാശ പകരുന്ന ഒരു ദൃശ്യത്തെ കുറിച്ചാണിനി പറയുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം കൊറോണ വൈറസ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ നിന്നാണ് ഈ ദൃശ്യം വരുന്നത്. 1200ലധികം മരണമാണ് ഇതുവരെ ഇറ്റലിയില്‍ നടന്നിരിക്കുന്നത്. പതിനേഴായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

വൈറസ് ബാധയെ തുടര്‍ന്ന് ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ച സാഹചര്യമാണ് ഇറ്റലിയിലുള്ളത്. ആരും വീട്ടില്‍ നിന്ന് പുറത്തുപോവുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യുന്നില്ല. പൊതുവിടങ്ങളെല്ലാം കാലിയായിക്കഴിഞ്ഞു. 

എന്നാല്‍ ദിവസങ്ങളോളം ഒറ്റപ്പെട്ട് കിടന്നതോടെ മടുപ്പും നിരാശയും ഭാഗികമായെങ്കിലും ആളുകളെ കടന്നുപിടിച്ചിട്ടുണ്ട്. ഇതിന് പുറമെ രോഗഭീതിയും. മോശപ്പെട്ട ഈ സാഹചര്യങ്ങളെയെല്ലാം സംഗീതത്തിലൂടെ അതിജീവിക്കാന്‍ ശ്രമിക്കുയാണ് ഒരുകൂട്ടം മനുഷ്യര്‍. 

അടച്ചിട്ട ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയില്‍ പ്രിയപ്പെട്ടവരുടെ കൈ പിടിച്ച് ഉറക്കെ പാട്ടുപാടുകയാണ് അവര്‍. കയ്യില്‍ സംഗീതോപകരണങ്ങളുള്ളവര്‍ അത് വായിച്ചുകൊണ്ട് തങ്ങളുടെ പരമ്പരാഗത 'സിസിലിയന്‍' പാട്ടുകള്‍ക്ക് അകമ്പടിയേകുന്നു. ദൂരെ നിന്നാണെങ്കിലും പരസ്പരം കാണുന്നതിന്റേയും ഒത്തുകൂടുന്നതിന്റേയും സന്തോഷം അവരില്‍ കാണാം. ഈ ദുരന്തവും കടന്നുപോകും, തീര്‍ച്ചയായും ഞങ്ങള്‍ അതിജീവിക്കുമെന്ന് പാട്ടിലൂടെ ഇവര്‍ ലോകത്തോട് പറയുകയാണ്. 

ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കപ്പെട്ട ദൃശ്യം ഇതിനോടകം തന്നെ വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രതീക്ഷയുടെ വെളിച്ചവും ഊര്‍ജ്ജവും പകരുന്നതാണ് ദൃശ്യമെന്ന് പലരും കുറിക്കുന്നു.

വീഡിയോ കാണാം...

"