Asianet News MalayalamAsianet News Malayalam

'ദൈവം തന്നത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?' എന്ന ചോദ്യത്തിനുള്ള ഉത്തരം...

മെഡിക്കല്‍ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് എന്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പോലും അറിയില്ലെന്നും പലപ്പോഴും മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കായി എത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോട് ഇവര്‍ സ്വീകരിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. ഇതിനിടെ വിദ്യാഭ്യാസമുള്ളവര്‍ പോലും അനന്യയുടെ ജീവിതസാഹചര്യത്തെ ചോദ്യം ചെയ്യുന്ന കാഴ്ചയും കാണാനാകുന്നുണ്ട്

ananyas death raises discussions on social media
Author
Trivandrum, First Published Jul 22, 2021, 1:10 PM IST

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് ഇപ്പോള്‍ വഴിയൊരുക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് ദുരിതപൂര്‍ണ്ണമായ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും ഇതിന് ഉത്തരവാദികളായവര്‍ തന്നെ പരിഹാരം കാണണമെന്നും അനന്യ പരസ്യമായി അറിയിച്ചിരുന്നു. 

ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീതി ലഭിക്കാതെയാണ് അനന്യ മരണത്തിലേക്ക് മടങ്ങിയതെന്നും ഈ സംഭവത്തോടെയെങ്കിലും ട്രാന്‍സ് വ്യക്തികളോടുള്ള ഡോക്ടര്‍മാരുടെയും പൊതുസമൂഹത്തിന്റെയും മനോഭാവം മാറേണ്ടതുണ്ടെന്നും വാദിച്ച് ട്രാന്‍സ് വ്യക്തികളടക്കമുള്ള ആക്ടിവിസ്റ്റുകള്‍ കടുത്ത പ്രതിഷേധം അറിയിക്കുകയാണ്. 

മെഡിക്കല്‍ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് എന്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പോലും അറിയില്ലെന്നും പലപ്പോഴും മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കായി എത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോട് ഇവര്‍ സ്വീകരിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. ഇതിനിടെ വിദ്യാഭ്യാസമുള്ളവര്‍ പോലും അനന്യയുടെ ജീവിതസാഹചര്യത്തെ ചോദ്യം ചെയ്യുന്ന കാഴ്ചയും കാണാനാകുന്നുണ്ട്. 

'ദൈവം തന്നത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളത് കൊണ്ട് തന്നെ ജീവിച്ചാല്‍ പോരായിരുന്നോ' തുടങ്ങിയ ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ജീവിച്ചിരിക്കെ നീതി ലഭിക്കാതിരുന്ന അനന്യയോട് മരണശേഷവും കാട്ടുന്ന അനീതിയാണിതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പൊതുസമൂഹം ഈ വിഷയത്തില്‍ അറിഞ്ഞിരിക്കേണ്ട ചിലതും പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം...

''1. ആദ്യം വേണ്ടത് Sex എന്താണ്, Gender എന്താണ് എന്നൊക്കെ വ്യക്തമായി, ശാസ്ത്രീയമായി MBBS കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുക. LGBTIQ+ ആള്‍ക്കാരെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നു ഡോക്ടര്‍മാരെ ഒന്നാം വര്‍ഷം ഫിസിയോളജി പഠിപ്പിക്കുമ്പോള്‍ മുതല്‍ പഠിപ്പിക്കുക. ഒരാള്‍ ട്രാന്‍സ് -ഹോമോ - ക്വിയര്‍ ഒക്കെ ആവുന്നത് അയാളുടെ ചോയ്‌സ് അല്ലാന്നും മനോരോഗമോ ശരീരരോഗമോ അല്ലാന്നും അത് തലച്ചോറിന്റെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനം മാത്രമാണെന്നും, എന്നാല്‍ ട്രാന്‍സ്-ഹോമോ ഫോബിയകള്‍ തിരുത്തേണ്ട ചികിത്സിക്കേണ്ട പ്രശ്‌നമാണെന്നും പഠിപ്പിക്കണം. 

ഇതൊന്നും അറിയാതെ ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച് പാളേല്‍ കെട്ടിയാലൊന്നും ഒരാള്‍ modern medicine ഡോക്ടറാവില്ല. തലച്ചോറ് കൊണ്ടു ടൈം ട്രാവല്‍ ചെയ്ത് നാലാം നൂറ്റാണ്ടിലെത്തിയ ശരീരം കൊണ്ടു 2021 ല്‍ ജീവിക്കുന്ന ഒരു well dressed homo sapien മാത്രം.

ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കില്‍ അയാള്‍ വെറും തോല്‍വിയാണ്.

2. ഈ പറഞ്ഞത് ഡോക്ടര്‍മാര്‍ക്ക് മാത്രമല്ലാ, സകല മനുഷ്യര്‍ക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷെ ഡോക്ടര്‍മാര്‍ക്കു പോലും അതില്ലായെങ്കില്‍ സമൂഹത്തില്‍ നിന്നും 'ദൈവം തന്നത് ഓപറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളതും വച്ചിരുന്നാ പോരേ?' എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നതില്‍ അതിശയിക്കാനില്ല. ആര്‍ക്കാണിവരെ തിരുത്താന്‍ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താന്‍ മുന്നില്‍ നില്‍ക്കേണ്ടത്?

3. ട്രാന്‍സ്- ഹോമോ സെന്‍ട്രിക് ആയിട്ടുള്ള ആരോഗ്യസേവന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിലവില്‍ വരണം. ഓരോന്നിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണം. ഒരു വ്യക്തി ഏതു പ്രായത്തിലാണെങ്കിലും തന്റെ gender / sexuality identify ചെയ്ത് താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്ന് തോന്നുന്ന നിമിഷം മുതല്‍ അവര്‍ക്ക് സൗഹാര്‍ദ്ദപരമായി സമീപിക്കാന്‍ പറ്റുന്ന ഒരു സംവിധാനം. ചികിത്സ വേണ്ടവര്‍ക്ക് അത് ലഭ്യമാക്കാനും ശരിയായ ശാസ്ത്രീയമായ ചികിത്സകള്‍ തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആ സംവിധാനത്തിന് കഴിയണം. 

4. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക സ്‌കീമുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടി വരും. പിച്ചയെടുത്തും സെക്‌സ് വര്‍ക്ക് ചെയ്തും സ്വകാര്യതയെ പോലും പണയം വച്ച് പണം യാചിച്ചും സ്വന്തം ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തി കൂടുതല്‍ ദുരിതത്തിലാവുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കുന്ന ഒരു സംവിധാനം വരണം. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുളള ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ സൗജന്യമാക്കിയതുപോലെ ഒരു സംവിധാനം.

5. കേരളത്തില്‍ ചുരുങ്ങിയത് 2 സര്‍ക്കാര്‍  മെഡിക്കല്‍ കോളേജുകളിലെങ്കിലും ഇവര്‍ക്കുവേണ്ട എല്ലാതരം ചികിത്സകളും ഉറപ്പുവരുത്തുക. ഈ മനുഷ്യരെ പരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവന്ന് ഡോക്ടര്‍മാരെ ഇക്കാര്യത്തിന് വേണ്ടി പ്രത്യേകം ട്രെയിന്‍ ചെയ്യിപ്പിച്ച് experts ആക്കുക. ഇവര്‍ക്കുവേണ്ട Speciality ഓപ്പികള്‍ തുടങ്ങുക.

6. സ്‌കൂള്‍തലം മുതലുള്ള പാഠപുസ്തകങ്ങളില്‍ sex/gender/sexuality സംബന്ധിച്ച ശാസ്ത്രീയമായ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
ഇതൊക്കെ ചെയ്താലും തലച്ചോറ് പരിണമിക്കാത്തവര്‍ സമൂഹത്തില്‍ കുറച്ചെങ്കിലും പിന്നെയും കാണുമെന്ന് നമുക്കറിയാം. ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ടല്ലോ. അവരെ അവഗണിക്കാനേ പറ്റൂ..
മാറ്റം വരട്ടെ. ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ...''
 

Also Read:- 'അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു'; മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും അച്ഛന്‍ അലക്സാണ്ടര്‍

Follow Us:
Download App:
  • android
  • ios