ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ ഉടന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് ആ ശരീരത്തോട് ചെയ്യേണ്ട കടമയായിട്ടാണ് സമൂഹം കണക്കാക്കുന്നത്. അതിന് വിരുദ്ധമായി മൃതദേഹത്തോട് അനാദരവ് കാണിച്ചാല്‍ അത് നിയമപരമായി പോലും എതിര്‍ക്കപ്പെടുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. 

എന്നിട്ടും അത്തരത്തിലുള്ള വാര്‍ത്തകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് ഖേദകരമായ സംഗതി. ഇപ്പോഴിതാ മദ്ധ്യപ്രദേശിലെ ശിവ്പുരിയിലും സമാനമായൊരു സംഭവമുണ്ടായിരിക്കുകയാണ്. 

ക്ഷയരോഗത്തെ തുടര്‍ന്ന് അവശനിലയിലായ അമ്പത് വയസുകാരന്‍ ബാലചന്ദ്ര ലോധിയെ ചൊവ്വാഴ്ച രാവിലെയാണ് ശിവ്പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാലചന്ദ്ര മരിച്ചുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 

എന്നാല്‍ മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടര്‍മാര്‍ ബാലചന്ദ്രയുടെ ശരീരത്തില്‍ ഒന്ന് തൊട്ടുനോക്കുക പോലുമുണ്ടായില്ലെന്ന് വാര്‍ഡിലുണ്ടായിരുന്ന മറ്റ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. മരിച്ചുകഴിഞ്ഞു എന്നുറപ്പായിട്ടും ശരീരം അവിടെ നിന്ന് മാറ്റാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ ആരും തയ്യാറായില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവരുടെ മൊഴി. 

ആരും ശ്രദ്ധിക്കാതെ മണിക്കൂറുകളോളം അതേ കിടപ്പ് കിടന്നതോടെ മൃതദേഹത്തില്‍ ഉറുമ്പ് കയറി. തുറന്നുകിടന്ന കണ്ണില്‍ ഉറുമ്പുകള്‍ കൂട്ടമായി കയറിയിറങ്ങാന്‍ തുടങ്ങിയതോടെ ബാലചന്ദ്രയുടെ ഭാര്യ അത് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. 

ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സംഭവത്തില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഇടപെട്ടു. ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായും സംഭവംത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് നിര്‍ദേശിച്ചതായും കമല്‍നാഥ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

മനുഷ്യത്വത്തിന് മുകളിലേല്‍ക്കുന്ന കനത്ത പ്രഹരമായാണ് സംഭവത്തെ കാണുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.