പഠനം കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുന്ന ഒരു വ്യക്തി. ഒപ്പം പഠിച്ചവരെക്കെ ജോലി കിട്ടിയിട്ടും തനിക്ക് മാത്രം ജോലി ഒന്നും ശരിയാകുന്നില്ല എന്ന നിരാശ ആ വ്യക്തിയെ വല്ലാതെ ബാധിച്ചിരുന്നു. ജോലിക്കായി ശ്രമിക്കേണ്ട ഘട്ടങ്ങളില്‍ ഈ നിരാശ കാരണം ശ്രമിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല എന്ന ചിന്തയാണ് മനസ്സില്‍ നിറയുന്നത്. 

'' എന്റെ ജീവിതം മാത്രമാണ് ഇങ്ങനെ, ഒരിക്കലും എനിക്കു ജീവിതത്തില്‍ രക്ഷപെടാനാവില്ല”- ഇങ്ങനെയെല്ലാമുള്ള ചിന്തകള്‍ ആ വ്യക്തിയുടെ മനസ്സിനെ വല്ലാതെ തകർത്ത് കളയുന്ന അവസ്ഥ ഉണ്ടായി. വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ജോലിയില്‍ പ്രവേശിച്ചെങ്കിലും അവിടെയും പ്രശ്നങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. ജോലിയില്‍ താന്‍ ചെയ്യുന്നതൊന്നും ശരിയല്ലെന്നും വിമർശനങ്ങള്‍ കേൾക്കേണ്ടി വരുന്നത് താന്‍ ഒരു വലിയ പരാജയം ആയതുകൊണ്ടാണ് എന്നെല്ലാമുള്ള ചിന്ത വീണ്ടും മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.

താന്‍ എവിടെ ചെന്നാലും മറ്റുള്ളവർക്കെല്ലാം താന്‍ മാത്രമാണ് പ്രശ്നമാകുന്നത് എന്ന തോന്നല്‍ ആ വ്യക്തിക്ക് ആരംഭിച്ചു. തനിക്കു ചുറ്റുമുള്ള എല്ലാവരും വളരെ സന്തോഷമുള്ളവരായി കാണപ്പെടുമ്പോഴുംസങ്കടങ്ങള്‍ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട വ്യക്തിയാണ് താനെന്ന തോന്നല്‍ ആ വ്യക്തിയില്‍ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി.
എപ്പോഴും എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാര്‍ നിങ്ങളാണ് എന്ന തോന്നല്‍ ഉണ്ടോ?

എനിക്കു മാത്രം എന്താ എപ്പോഴും ഇങ്ങനെ ഓരോരോ പ്രശ്നങ്ങള്‍, മറ്റുള്ളവർക്കൊന്നും ഒരു പ്രശ്നവും ഇല്ലല്ലോ എന്ന്‍ പലപ്പോഴും ചിന്തിക്കാറുണ്ടോ? ഈ ലോകം തന്നെ എപ്പോഴും എനിക്കെതിരാവുന്നത് എന്താണ് എന്നു ചിന്തിച്ചിട്ടുണ്ടോ?
എല്ലാ ആളുകളും അവരുടെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും. 

വീട്ടില്‍ ഉള്ളവര്‍ തന്നെയോ, സുഹൃത്തുക്കളോ, ഒപ്പം ജോലി ചെയ്യുന്നവരോ ആരുമാവാം മനസ്സിനെ വിഷമിപ്പിക്കുന്ന വിധം നിങ്ങളോടു സംസാരിച്ചിട്ടുണ്ടാവുക. ഇത്തരം വിഷമങ്ങള്‍ എല്ലാ ആളുകൾക്കും  ഉണ്ടായിരിക്കും എന്നു പറയുമ്പോഴും ചില ആളുകള്‍ സ്വയം താനൊരു ബലിയാടാണ് എന്ന് വിശ്വസിക്കുകയും ജീവിതം ദുരിതപൂർണമാക്കി തീർക്കു കയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെയും ഈയൊരു മനോഭാവത്തോടു കൂടിയായിരിക്കും അവര്‍ വീക്ഷിക്കുക.
എങ്ങനെ ഈ ചിന്താഗതിയില്‍ മാറ്റം വരുത്താം?

ഈയൊരു ചിന്താഗതി തുടരുന്നതാണ് യഥാർത്ഥത്തില്‍ നിങ്ങളുടെ മനസ്സിന്റെ സങ്കടത്തിനു കാരണം എന്നു തിരിച്ചറിയുക. നിങ്ങള്‍ ഒരു ബലിയാടാണ് എന്ന തോന്നല്‍ തന്നെ ആദ്യം അവസാനിപ്പിക്കുക. മറ്റുള്ളവര്‍ പറയുന്നതിനൊന്നും തന്നെ“No” എന്നു പറയാന്‍ കഴിയുന്നില്ല എന്ന പ്രശ്നം നിങ്ങള്‍ നേരിടുന്നുണ്ടാവും. എന്താണ് നിങ്ങൾക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങള്‍ എന്നു ചിന്തിക്കുക. അതു ധൈര്യപൂർവ്വം പറയാന്‍ തയ്യാറാവുക. എന്തു കാര്യം ചെയ്യുമ്പോഴും നിങ്ങളുടെ മനസ്സിനെ ബാധിക്കുന്ന ഭയം അമിതമാണ് എങ്കില്‍ മന:ശാസ്ത്രവിദഗ്‌ദ്ധരുടെ സഹായം തേടുക.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേടണം എന്നാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾക്കാണ് എന്നു മനസ്സിലാക്കുക. മറ്റുള്ളവർ നിങ്ങളെ സഹായിക്കുന്നില്ല, അല്ലെങ്കില്‍ മറ്റുള്ളവര്‍ മികച്ച നിലയില്‍ എത്തുന്നു എന്നിവയെല്ലാം പറഞ്ഞു കൊണ്ട് വിഷമിച്ചിരിക്കുന്നതില്‍ അർത്ഥമില്ല. സ്വന്തം ജീവിതം മെച്ചപ്പെടുത്തി എടുക്കുന്നതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുക്കുക.

സ്വന്തം കുറവുകളെപ്പറ്റി മാത്രം എപ്പോഴും ചിന്തിച്ച് സ്വയം കുറ്റപ്പെടുത്തി മനസ്സു മടുപ്പിക്കുന്ന ശീലം അവസാനിപ്പിക്കുക. നിങ്ങള്‍ കുറവുകള്‍ മാത്രമുള്ള വ്യക്തിയാണ് എന്ന ചിന്ത എപ്പോഴാണ് മനസ്സില്‍ കയറിപ്പറ്റിയത് എന്ന് ഓർത്തെടുക്കാന്‍ ശ്രമിക്കുക. അത്തരം തോന്നല്‍ ഉണ്ടാക്കുന്ന ഓർമ്മകള്‍ മാത്രം പിന്നീട് ചേർത്തുവയ്ക്കുകയും അവയ്ക്കു മാത്രം അമിത പ്രാധാന്യം കൊടുക്കുകയുമാണോ ഉണ്ടായത് എന്ന് ചിന്തിച്ചു നോക്കുക.

ഈ ചിന്തകള്‍ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

എഴുതിയത്:
പ്രിയ വര്ഗീനസ് (M.Phil, MSP)
കണ്‍സള്റ്റസന്ഡ്,  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC)
Consultation near TMM Hospital, Thiruvalla
For appointments call: 8281933323