Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് സംസാരിക്കുന്ന, മിടുക്കിയായ ചായക്കടക്കാരി; പ്രചോദനമായി യുവതി

ദില്ലിയില്‍ ഒരു ചായക്കടയില്‍ വച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന മിടുക്കിയായ ഒരു യുവതിയെ താൻ പരിചയപ്പെട്ടുവെന്നും ഇത്രയും വിദ്യാഭ്യാസമുള്ള യുവതി എന്തുകൊണ്ടാണ് ചായക്കട നടത്തുന്നതെന്ന് താൻ അത്ഭുതപ്പെട്ടു, അങ്ങനെയാണ് ഇവരെ കുറിച്ച് അന്വേഷിച്ചതെന്നും ഇദ്ദേഹം പറയുന്നു. 

army man shares the story of a woman who runs a tea stall after quitting white collar job
Author
First Published Jan 18, 2023, 12:11 PM IST

വിദ്യാഭ്യാസത്തിന് തീര്‍ച്ചയായും അതിന്‍റേതായ മൂല്യമുണ്ട്. എന്നാല്‍ ജോലി ചെയ്യുന്നതിന് മാത്രം പഠിക്കുക എന്ന രീതിയിലാണ് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമെല്ലാം മുന്നോട്ട് പോകുന്നത്. ജോലിക്ക് ആവശ്യമായ വിവിധ പഠനങ്ങളിലേക്ക് യുവാക്കള്‍ തിരിയും. ശേഷം ജോലിയിലേക്കും. 

മിക്കവരും വൈറ്റ് കോളര്‍ ജോലി തന്നെയാണ് തെരഞ്ഞെടുക്കാറ്. അതായത് സമൂഹത്തില്‍ ആദരവ് ലഭിക്കുന്ന, കാര്യമായി പരിഗണിക്കപ്പെടുന്ന തരത്തിലുള്ള ജോലികള്‍ മാത്രം. കായികാധ്വാനമുള്ള, ദിവസക്കൂലിക്ക് ചെയ്യുന്ന ജോലികളും മറ്റും മോശമായി കണക്കാക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട്.

എന്നാല്‍ വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പായുമ്പോള്‍ പലരും ജീവിതത്തില്‍ ഇതിനായി നാം നഷ്ടപ്പെടുത്തുന്ന ചെറിയ സന്തോഷങ്ങളെ കുറിച്ചും, നീക്കിയിരുപ്പ് ഇല്ലാത്ത വരുമാനത്തെ കുറിച്ചുമൊന്നും ഓര്‍ക്കാറില്ല എന്നതാണ് സത്യം. ധാരാളം പേര്‍ നിരാശയോടെ ഇത്തരം ജോലികളില്‍ തുടരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. 

എന്നാല്‍ ചിലരാകട്ടെ, താല്‍പര്യമില്ലാത്ത ജോലിയുപേക്ഷിച്ച് സന്തോഷം കിട്ടുന്ന ചെറിയ ജോലികളിലേക്ക്, അതൊരുപക്ഷേ മറ്റുള്ളവരെല്ലാം ആദരവോടെ സമീപിക്കുന്നത് തന്നെയാകണമെന്നില്ല- പോകുകയും ചെയ്യാറുണ്ട്. സമാനമായ രീതിയിലുള്ളൊരു സംഭവത്തെ കുറിച്ച് ഒരു സൈനികൻ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുതിര്‍ന്ന സൈനികനായ സഞ്ജയ് ഖന്നയാണ് ലിങ്കിഡിനിലൂടെ പോസ്റ്റ് പങ്കുവച്ചത്. 

ശര്‍മ്മിഷ്ട ഘോഷ് എന്ന യുവതിയെ കുറിച്ചാണ് ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ദില്ലിയില്‍ ഒരു ചായക്കടയില്‍ വച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന മിടുക്കിയായ ഒരു യുവതിയെ താൻ പരിചയപ്പെട്ടുവെന്നും ഇത്രയും വിദ്യാഭ്യാസമുള്ള യുവതി എന്തുകൊണ്ടാണ് ചായക്കട നടത്തുന്നതെന്ന് താൻ അത്ഭുതപ്പെട്ടു, അങ്ങനെയാണ് ഇവരെ കുറിച്ച് അന്വേഷിച്ചതെന്നും ഇദ്ദേഹം പറയുന്നു. 

എംഎഇംഗ്ലീഷ് കഴിഞ്ഞതാണത്രേ ശര്‍മ്മിഷ്ട. ബ്രിട്ടീഷ് കൗൺസില്‍ ലൈബ്രറിയില്‍ ജോലി ചെയ്തുവരികയായിരുന്ന. ഇവിടത്തെ ജോലി കളഞ്ഞാണ് ഒരു കൂട്ടുകാരിക്കൊപ്പം പാര്‍ടണര്‍ഷിപ്പില്‍ ചായക്കട തുടങ്ങുന്നത്. വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ തന്നെ ചായക്കടയിലും ഇവരെ സഹായിക്കും. അതിന് ഇവര്‍ക്ക് വേറെ ശമ്പളം നല്‍കും.

ഇരുവരും ഒരുമിച്ച് കട തുറക്കാനെത്തും. ശേഷം ഒരുമിച്ച് ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങും. ചക്രം ഘടിപ്പിച്ച ചെറിയ വണ്ടിയിലാണത്രേ ഇവരുടെ ചായക്കട. കഴിക്കാനുള്ള ചില വിഭവങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ഈ ജോലി കൊണ്ട് താൻ സന്തോഷവതിയാണെന്നാണ് ശര്‍മ്മിഷ്ട പറയുന്നതെന്ന് സഞ്ജയ് ഖന്ന പറയുന്നു. 

'എപ്പോഴും എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അതിനോട് ഒക്കുന്ന ജോലിയും തന്നെ ലക്ഷ്യമിടണമെന്നില്ല. ചെറിയ മാര്‍ഗങ്ങളിലൂടെയും വിജയവും ജീവിതസുരക്ഷയും നേടാൻ നമുക്ക് സാധിക്കും...'- സഞ്ജയ് ഖന്ന പറയുന്നു. 

ഇദ്ദേഹത്തിന്‍റെ കുറിപ്പ് പ്രചോദനാമായി തോന്നിയെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും പഠനം കഴിഞ്ഞ് ജോലിയെന്ന സ്വപ്നവുമായി നടക്കുന്ന ആര്‍ക്കും ശര്‍മ്മിഷ്ട മാതൃക തന്നെയെന്നും ഇവര്‍ പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ ഈ വിഷയവുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു ചര്‍ച്ച ഏറെ സജീവമായി നടന്നിരുന്നു. അതായത്, വൈറ്റ് കോളര്‍ ജോലിയാണോ ചായക്കടയാണോ നല്ലത് എന്നതായിരുന്നു ചര്‍ച്ചാവിഷയം. ഒരുപാട് യുവാക്കള്‍ എംബിഎയും എഞ്ചിനീയറിംഗുമെല്ലാം കഴിഞ്ഞ ശേഷം ചായക്കച്ചവടത്തിലേക്ക് തിരിയുന്നുവെന്നും ഈ പശ്ചാത്തലത്തില്‍ വൈറ്റ് കോളര്‍ ജോലിയുടെ വിവിധ വശങ്ങളെ വിലയിരുത്തണമെന്നുമാണ് അന്ന് ചര്‍ച്ചയില്‍ യുവാക്കള്‍ ഏറെയും ഉന്നയിച്ച കാര്യങ്ങള്‍. 

Also Read:- പ്രണയത്തില്‍ 'തേപ്പ്' കിട്ടുന്നവര്‍ക്ക് ഇങ്ങനെ ചെയ്തൂടെ? ; രസകരമായ പകയുടെ കഥ...

Follow Us:
Download App:
  • android
  • ios