അടുത്തിടെ ഒരു വിവാഹപ്പരസ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം വഴിവച്ചതോര്‍ക്കുന്നില്ലേ? 'വരനെ ആവശ്യമുണ്ട്' എന്ന പരസ്യത്തിലെ 'ആത്മവരൻ' എന്ന പദമാണ് വിവാദമായത്. 

ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലാത്ത പുരുഷനെ വരനായി ആവശ്യപ്പെടുന്ന സ്ത്രീയുടെ വിവാഹപ്പരസ്യം എന്ന പേരിലായിരുന്നു അത് പ്രചരിക്കപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ അത് പത്രത്തില്‍ വന്ന പരസ്യമാണോ അല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നടക്കുകയാണ്. എന്നാല്‍ ആ പരസ്യമുയര്‍ത്തുന്ന വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് നമ്മള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. 

ശാരീരികബന്ധമില്ലാതെ പിന്നെന്തിനാണ് വിവാഹം കഴിക്കുന്നത്? എന്തിനാണ് വരനെ തിരയുന്നത്? എന്ന ചോദ്യമാണ് പലരും ഈ പരസ്യത്തിനെതിരെ ഉന്നയിച്ചത്. അത് പിന്നീട് പരിഹാസവും ക്രൂരമായ വിചാരണയുമൊക്കെയായി. ഇതൊന്നും നാട്ടില്‍ നടപ്പുള്ള സംഭവമല്ലെന്ന് വാദിച്ചവരും കുറവല്ല.

യഥാര്‍ത്ഥത്തില്‍ ലൈംഗികതയില്ലാതെ വിവാഹം സാധ്യമാണോ? അല്ലെങ്കില്‍ അത്തരത്തില്‍ കൂട്ട് ആഗ്രഹിക്കുന്ന ആളുകളുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. പല കാരണങ്ങള്‍ കൊണ്ടും ലൈംഗികതയില്‍ നിന്ന് മാറിപ്പോയ ആളുകളുണ്ടാകാം, എന്നാല്‍ ഇവരില്‍ കൂട്ട് വേണമെന്ന മനുഷ്യന്റെ അടിസ്ഥാനപരമായ വികാരം ഉള്ളവരുമുണ്ടായിരിക്കാം.  

ലൈംഗിക ആകര്‍ഷണമോ താല്‍പര്യമോ ഒട്ടുമില്ലാതിരിക്കുന്ന ഈ അവസ്ഥയെ 'Asexuality'എന്നാണ് വിളിക്കുന്നത്. പല രീതിയിലാണ് വ്യക്തികളില്‍ 'Asexualtiy' കാണപ്പെടുന്നതെന്ന് പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ സി.ജെ ജോണ്‍ പറയുന്നു. ശാരീരികവും മാനസികവുമായ എന്തെങ്കിലും ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് ലൈംഗികതയോട് വിരക്തിയിലായവര്‍ ഉണ്ടാകാം. മോശം അനുഭവങ്ങളോ, ഷോക്കോ പോലുള്ള മാനസികമായ 'ട്രോമ'കളില്‍ നിന്ന് ലൈംഗികതയോട് അകലം തോന്നിയവരാണെങ്കില്‍, അത് തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാം. 

ഇനി ശാരീരികമായ പ്രശ്‌നങ്ങളാണെങ്കില്‍, അതും പരിശോധനകളില്‍ കൂടി തിരിച്ചറിയാമെന്ന് ഡോക്ടര്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു വ്യക്തിയുടെ ലൈംഗികതയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇതും തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാവുന്നതാണ്. 

എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമെ നമുക്ക് സുപരിചിതമായ ആണ്‍-പെണ്‍ ലൈംഗികത, സ്വവര്‍ഗലൈംഗികത എന്നൊക്കെ പറയുന്നത് പോലെ തന്നെ മറ്റൊരു ലൈംഗിക വീക്ഷണമായും 'Asexualtiy' ഉണ്ടാകാറുണ്ടെന്ന് ഡോ സി.ജെ ജോണ്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ ലൈംഗികതയെ, അങ്ങനെ തന്നെ ഉള്‍ക്കൊണ്ട് അംഗീകരിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമായി 'Asexuality'യേയും അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഇപ്പറഞ്ഞ അവസ്ഥകളെല്ലാം പുരുഷനിലും സ്ത്രീയിലും കാണപ്പെട്ടേക്കാം.

'Asexuality'യാണ് ഒരാളുടെ ലൈംഗികത എന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ അയാളെ അതില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍ പറയുന്നു. ഇങ്ങനെയുള്ള ആളുകളില്‍ ഒറ്റയ്ക്ക് കഴിയാന്‍ താല്‍പര്യപ്പെടുന്നവരുണ്ടാകാം. പങ്കാളിയോടൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാകാം. പങ്കാളിയെ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ക്ക് തങ്ങളുടെ ലൈംഗികത ഇതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് തന്നെ വരനെയോ വധുവിനെയോ അന്വേഷിക്കാം. ഇതില്‍ തെറ്റില്ലെന്നും പരിശോധനയ്ക്കായി എത്തിയ പലരോടും ഇത്തരത്തില്‍ നിര്‍ദേശം അങ്ങോട്ടുനല്‍കുന്ന അവസരങ്ങളുണ്ടായിട്ടുണ്ടെന്നും ഡോ.ജോണ്‍ വിശദീകരിക്കുന്നു. 

ഇനി, ഭാഗികമായി ലൈംഗിക താല്‍പര്യങ്ങളുണ്ടാകുന്ന ആളുകളുമുണ്ട്. ഇവര്‍ക്കും പങ്കാളിയുമൊത്തുള്ള ജീവിതം സാധ്യമല്ലാതെ വന്നേക്കാം. എന്നാല്‍ പങ്കാളിയുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ലൈംഗികതയില്‍ പങ്കെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതുപോലെ ഏകപക്ഷീയമായ ലൈംഗികതയില്‍ (സ്വയംഭോഗം പോലുള്ള) ശരീരത്തെ തൃപ്തിപ്പെടുത്തി അങ്ങനെ മാത്രം കഴിയാന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്. ഇതെല്ലാം തന്നെ കൃത്യമായ മാനസിക- ശാരീരിക കാരണങ്ങള്‍ക്ക് പുറത്തുണ്ടാകുന്നതാണെങ്കില്‍ അവയെ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. 

എന്നാല്‍ പലപ്പോഴും വ്യത്യസ്തമായ ലൈംഗികതയുള്ളവര്‍ അത് തുറന്നുപറയാനോ ചര്‍ച്ച ചെയ്യാനോ ഭയപ്പെടുന്നു. സാമൂഹികമായ വിലക്കുകള്‍ അവരെ വരിഞ്ഞുമുറുക്കുന്നു. ഇത് ക്രമേണ അവരുടെ മാനസികനിലയെ തെറ്റിക്കാന്‍ വരെ കാരണമായേക്കും. സ്വന്തം ലൈംഗികത എന്താണോ അതുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ കഴിവുള്ള ഒരാളെ സംബന്ധിച്ച് സാമൂഹികമായ വിലക്കുകള്‍ പ്രശ്‌നമല്ല. മറിച്ച് പങ്കാളിയെ ആഗ്രഹിക്കുന്നവര്‍ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാകുന്നു. 

വിദേശരാജ്യങ്ങളിലാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം തുറന്നുചര്‍ച്ച ചെയ്യുന്ന ഇത്തരക്കാരുടേത് മാത്രമായ 'കമ്മ്യൂണിറ്റി'കള്‍ തന്നെയുണ്ട്. ആരോഗ്യകരമായ ആ സാഹചര്യങ്ങളില്‍ പങ്കാളികളെ തിരയുന്നതോ സ്വന്തം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതോ അവര്‍ക്ക് ബാധ്യതയാകുന്നില്ല. എന്നാല്‍ നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക സാഹചര്യങ്ങള്‍ക്ക് സ്വവര്‍ഗരതി പോലും അത്ര സുപരിചിതമായ സംഗതിയല്ല. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ 'Asexuality' ചികിത്സ വേണ്ട മാരകമായ അസുഖമായി കണക്കാക്കാനാണ് സാധ്യതകളേറെയുള്ളത്. അതിനാല്‍ തന്നെ സത്യമോ നുണയോ, 'ആത്മവരനെ തേടുന്ന വധു' പരിഹസിക്കപ്പെടുന്നതിലും അത്ഭുതമില്ല.