പൊതുസ്ഥലത്ത് സ്ത്രീയും പുരുഷനും ഇടപഴകുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ്. ജെയ്പൂരിലെ ഐപിഎസ് ഉദ്യോഗസ്ഥയായ അസ്ലം ഖാനാണ് തന്‍റെ ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

ഒരു യുവാവും യുവതിയും കൂടിയിരിക്കുന്ന ചിത്രം പങ്കുവെച്ച് അസ്ലം ഖാന്‍ കുറിച്ചത് ഇങ്ങനെ: 'നമ്മുടെ കുട്ടികളെ പാര്‍ക്കില്‍ കൊണ്ടുപോകുമ്പോള്‍ ഇത്തരം കാഴ്ചകളാണ് അവര്‍ കാണുന്നത് എങ്കില്‍ അവരുടെ ചോദ്യത്തിന് നാം എന്തു മറുപടി പറയും'. നെഹ്റു പാര്‍ക്കില്‍ കുട്ടികളെ കൊണ്ടുപോയപ്പോള്‍ കണ്ട കാഴ്ചയാണിതെന്നും അവര്‍ പറഞ്ഞു.

 

 

അസ്ലം ഖാന്‍റെ ട്വിറ്റിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥ സദാചാരം പറയുന്നത് ശരിയല്ല എന്നും പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണം എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യം ആണെന്നും ചിലര്‍ പറഞ്ഞു. ഈ ചിത്രത്തിന് ഇതിന് മാത്രം എന്താണ് പ്രശ്നം എന്നും ചിലര്‍ ചോദിച്ചു. അവരുടെ അനുവാദം ഇല്ലാതെ നിങ്ങള്‍ക്ക് അവരുടെ ചിത്രം എടുക്കാനും അത് പോസ്റ്റ് ചെയ്യാനും എന്തു അവകാശമാണുള്ളത് എന്നും ഒരാള്‍ കമന്‍റ് ചെയ്തു.

സ്നേഹത്തെ കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കൂ എന്നും മറ്റു ചിലര്‍ ഉപദേശവും നല്‍കി. എന്നാല്‍ അസ്ലം ഖാനെ അനുകൂലിച്ച് നിരവധി കമന്‍റുകളും വന്നതോടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.