കരിയറില്‍ മറ്റെല്ലാം ഘടകങ്ങള്‍ക്കും ഒപ്പം തന്നെ പ്രായവും പ്രധാനമാകാറുണ്ട്. ജോലിയിലേക്ക് പ്രവേശിക്കുന്നതിനും, അതത് സമയങ്ങളില്‍ ഉദ്യോഗക്കയറ്റം കിട്ടുന്നതിലുമെല്ലാം പ്രായത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കരിയറില്‍ പ്രായമുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. 

യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ദ ഓഫീസ് ഗ്രൂപ്പ്' എന്ന സ്ഥാപനമാണ് സാധാരണക്കാരായ ജീവനക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയത്. എത്തരത്തിലെല്ലാമാണ് ജോലികള്‍ മുന്നോട്ടുപോകുന്നത്, കരിയറുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍, പൊസിറ്റീവ് വശങ്ങള്‍, ഭാവിയിലേക്കായി കാണുന്ന ലക്ഷ്യം എല്ലാം സര്‍വേയിലൂടെ ജീവനക്കാര്‍ പങ്കുവച്ചു. 

ഇത്തരത്തില്‍ ലഭിച്ച ഉത്തരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ ശ്രദ്ധേയമായൊരു നിഗമനത്തിലേക്കാണ് സര്‍വേ സംഘടിപ്പിച്ച സംഘമെത്തിയിരിക്കുന്നത്. മുമ്പ് ഇരുപതുകളിലാണ് യൗവനം തുടങ്ങുകയെങ്കില്‍ പുതിയ കാലത്ത് മുപ്പതുകളിലാണ് യൗവനം തുടങ്ങുന്നത് എന്നൊരു പൊതു സങ്കല്‍പമുണ്ട്. എന്നാല്‍ കരിയറിന്റെ കാര്യത്തില്‍ മുപ്പതുകള്‍ അമ്പതുകളായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

അതായത്, കരിയറിലെ അമ്പത് എന്നാല്‍ മിക്കവാറും ജോലിയില്‍ നിന്ന് വിരമിക്കാനുള്ള ശാരീരിക- മാനസികാവസ്ഥയിലെത്തുന്ന സമയം. അതെ, ഇന്ന് ശരാശരി ജീവനക്കാരായ ഭൂരിപക്ഷം ആളുകളും മുപ്പത് കഴിയുമ്പേഴേക്ക് കരിയര്‍ മടുത്തുതുടങ്ങുന്ന അവസ്ഥയിലാണത്രേ. അങ്ങനെയാണ് സര്‍വേ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

മുപ്പത്തിരണ്ട് വയസാണ് ഈ 'മാനസികമായ വിരമിക്കലി'ന് ഗവേഷകര്‍ നിശ്ചയിച്ചിരിക്കുന്ന ശരാശരി പ്രായം. സര്‍വേയില്‍ പങ്കെടുത്ത ആകെ ആളുകളില്‍ മൂന്ന് പങ്കും ഇക്കാര്യം നേരിട്ടോ അല്ലാതെയോ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അധിക ജോലിസമയം, ജോലി ഭാരം, എപ്പോഴും ഊര്‍ജസ്വലതയോടെ ഇരിക്കണമെന്ന തൊഴില്‍ദാതാക്കളുടെ നിര്‍ബന്ധബുദ്ധി ഇങ്ങനെ പല കാരണങ്ങളാണ് ജീവനക്കാര്‍ക്ക് ജോലിയോട് മടുപ്പുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കൊവിഡ് കാലത്ത് ഈ മടുപ്പ് പകതിന്മടങ്ങ് വര്‍ധിച്ചതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. വീട് തന്നെ ഓഫീസായി മാറിയ സാഹചര്യത്തില്‍ ജോലിയോടുള്ള മുഷിപ്പ് പല തരത്തില്‍ വര്‍ധിച്ചുവെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read:- ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് കാലുകളെ ബാധിക്കുമോ? നിങ്ങളറിയേണ്ട അഞ്ച് കാര്യങ്ങള്‍...